ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് അയോധ്യയിൽ പണിയുന്ന പള്ളിയുടെ നിർമ്മാണം ഇന്ന് തുടങ്ങും.മരത്തൈകൾ നട്ടും ദേശീയ പതാക ഉയർത്തിയുമായിരിക്കും നിർമ്മാണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തുക. രാമക്ഷേത്രം നിർമ്മിക്കുന്നതിന്റെ 25 കിലോമീറ്റർ മാറിയുള്ള അഞ്ച് ഏക്കറിലാണ് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും വരിക.പള്ളിക്ക് ബ്രിട്ടീഷുകാർക്കെതിരായ 1857-ലെ ആദ്യ കലാപത്തിലെ യോദ്ധാവായ മൗലവി അഹമ്മദുള്ള ഷായുടെ പേരിടും.

'അവധ് മേഖലയിലെ കലാപത്തിന്റെ വിളക്കുമാടം' എന്നറിയപ്പെടുന്ന ഷായുടെ പേര് പള്ളിക്കിടാൻ ഗൗരവമായി ആലോചിക്കുന്നതായി ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു. വിവിധ മേഖലകളിൽനിന്നു ലഭിച്ച ഈ നിർദ്ദേശം വളരെ നല്ലതാണെന്നും ചർച്ചകൾക്കുശേഷം ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.അയോധ്യയിലെ പള്ളി സാമുദായിക സാഹോദര്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പ്രതീകമാക്കി മാറ്റുന്നതിനായി ഈ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിന്റെ യഥാർഥ അനുയായികൂടിയായ ഷായുടെ പേരു നൽകാൻ തീരുമാനിച്ചതായി ട്രസ്റ്റ് വൃത്തങ്ങളും വ്യക്തമാക്കി.'ശിപായി ലഹള' എന്നറിയപ്പെടുന്ന 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ കലാപത്തിൽ പങ്കെടുത്ത ഷാ 1858 ജൂൺ അഞ്ചിനാണ് രക്തസാക്ഷിത്വം വരിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ ജോർജ് ബ്രൂസ് മല്ലേസൺ, തോമസ് സീറ്റൺ എന്നിവർ ഷായുടെ ധൈര്യത്തെയും വീര്യത്തെയും സംഘടനാശേഷിയെയും പുകഴ്‌ത്തിയിരുന്നു.

'ഇന്ത്യൻ ലഹളയുടെ ചരിത്രം' എന്ന പുസ്തകത്തിൽ മല്ലേസൺ അഹമ്മദ് ഷായുടെ പേര് തുടർച്ചയായി പരാമർശിക്കുന്നുണ്ട്.അവധ് മേഖലയിലായിരുന്നു ഷാ പോരാട്ടം ആരംഭിച്ചത്. ഫൈസാബാദിലെ ചൗക്ക് മേഖലയിലുള്ള സറായി പള്ളി ആസ്ഥാനമാക്കിയായിരുന്നു ബ്രിട്ടീഷുകാർക്കെതിരേയുള്ള മുന്നേറ്റം. ഫൈസാബാദിനെയും അവധ് മേഖലയിലെ വലിയ പ്രദേശത്തെയും മോചിപ്പിച്ച അദ്ദേഹം പള്ളിപ്പരിസരമാണ് വിമത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉപയോഗിച്ചത്.ഇസ്ലാമിന്റെ അനുയായി എന്നതിലുപരി മതപരമായ ഐക്യത്തിന്റെയും അയോധ്യയിലെ ഗംഗ-യമുന സംസ്‌കാരത്തിന്റെയും പ്രതീകമായിരുന്നു ഷാ എന്ന് ഗവേഷകനും ചരിത്രകാരനുമായ രാം ശങ്കർ ത്രിപാഠി പറഞ്ഞു.

15000 ചതുരശ്ര അടി വലുപ്പമാണ് മോസ്‌കിനുണ്ടാകുക. ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) ട്രസ്റ്റിനാണ് നിർമ്മാണ ചുമതല. റിപ്പബ്ലിക് ദിനത്തിൽ രാവിലെ 8.30നാണ് ഉദ്ഘാടനം. പള്ളി കൂടാതെ, ആശുപത്രി, മ്യൂസിയം, ലൈബ്രറി, സാമൂഹിക അടുക്കള, ഇന്തോ ഇസ്ലാമിക് കൾച്ചറൽ റിസർച് സെന്റർ, പബ്ലിക്കേഷൻ നിലയം തുടങ്ങിയവയാണ് ഈ അഞ്ച് ഏക്കറിൽ വരുന്നത്.