തിരുവനന്തപുരം: അയ്യപ്പന് വേണ്ടി മരിക്കാൻ തയ്യാറായി മൂന്ന് ചെറുപ്പക്കാർ. മരണം വരെ നിരാഹാര സമരം നടത്തുകയാണ് തിരുവനന്തപുരം സ്വദേശികളായ കൃഷ്ണകുമാർ, ദിൽജിത്ത്, ഉണ്ണി എന്നിവർ. ശബരിമലയിൽ പ്രായഭേദമന്യേ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയെ എതിർക്കാതിരുന്ന സർക്കാർ നടപടിക്കെതിരെയാണ് അനിശ്ചിത കാല നിരാഹാര സമരം നടത്തുന്നത്. ഇന്ന് രാവിലെ മുതലാണ് ഇവർ സമരം ആരംഭിച്ചത്. ഇവരിൽ ഒരാൾ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഇവർ തയ്യാറായത്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ഒരു കാരണവശാലും തയ്യാറാവരുതെന്നാണ് ഇവർ പറയുന്നത്. അവിടെ നില നിന്നു പോകുന്ന ആചാര അനുഷ്ടാനങ്ങൾ പാലിക്കണം. നിത്യബ്രഹ്മചാരി ആയിരിക്കുന്ന അയ്യപ്പന്റെ മുന്നിലേക്ക് സ്ത്രീകളെ കടത്തി വിടുന്നത് ഹൈന്ദവ വിശ്വാസത്തിന് മേലുള്ള കടന്നു കയറ്റമാണ്. ശാസ്താവിനെ കണ്ട് തൊഴാൻ നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട് അവിടേക്ക് പോകാമല്ലോ. ചില ഫെമിനിസ്റ്റുകളായ സ്ത്രീകളുടെ ഗൂഢാലോചനയുടെ ഫലമാണ് ഇത്തരത്തിൽ ഒരു വിധി വരാനിടയാക്കിയത്. എന്നാൽ സർക്കാർ കണ്ണും അടച്ച് ഈ വിധിയെ അനുകൂലിച്ചു. വിശ്വാസം സംരക്ഷിക്കാതെ ഹിന്ദുക്കളെ വഞ്ചിച്ച ഈ നടപടിക്കെതിരെയാണ് ഞങ്ങൾ സമരം നടത്തുന്നതെന്ന് അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഹൈന്ദവ വിശ്വാസികൾക്ക് അനുകൂല വിധി വരുന്നത് വരെയാണ് സമരം നടത്താൻ ഉദ്ദേശിക്കുന്നത്. സർക്കാർ തീരുമാനം വൈകിച്ചാൽ അയ്യപ്പന് വേണ്ടി സെക്രട്ടേറിയേറ്റിന് മുന്നിൽ ജീവത്യാഗം ചെയ്യാനും ഒരുക്കമാണെന്നും അവർ പറയുന്നു. എന്തിനാണ് കോടതി വിശ്വാസങ്ങളിൽ കടന്നു കയറുന്നത്. ശബരിമലയിലെ അനുഷ്ടാനങ്ങളിൽ കൈകടത്താൻ ഒരു കോടതിക്കും അവകാശമില്ല. അതിനാണ് തന്ത്രിയും മറ്റുമുള്ളത്. അവരാണ് തീരുമാനിക്കേണ്ടത് ആര് പ്രവേശിക്കണം എന്ന്. സർക്കാർ ഇതിനായി ഇടപെടുന്നത് വരെ സമരം തുടരുമെന്നും സത്യാഗ്രഹമിരിക്കുന്നവർ പറയുന്നു.

ഇടത് സർക്കാർ ഹിന്ദുത്വം തുടച്ചുമാറ്റാൻ ശ്രമിക്കുന്ന രീതിയാണ് ശബരിമല വിഷയത്തിൽ കൈക്കൊണ്ടിരിക്കുന്ന നിലപാട്. ഒരു കാരണവശാലും ഹൈന്ദവ വിശ്വാസങ്ങൾക്ക് കോട്ടം തട്ടുന്ന കാര്യങ്ങൾ ആരു ചെയ്യാൻ ശ്രമിച്ചാലും തടയും. ഇനി ഞങ്ങൾക്ക് അത് സാധ്യമല്ലെങ്കിൽ ബാക്കിയുള്ള ജനങ്ങൾ അത് ചെയ്തിരിക്കും. കേരളത്തിലെ ഒരു സ്ത്രീകളും ഈ വിധിയോട് അനുകൂലിക്കുന്നില്ല. അവരൊന്നും തന്നെ ശബരിമലയിലെക്ക് പോകില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഏതാനം ചിലർക്ക വേണ്ടിയാണ് സർക്കാർ വിധിയോട് അനുകൂലിച്ചു നിൽക്കുന്നത്. ഇതിനെതിരെ ഇനിയും ശബ്ദമുയരും. ഞങ്ങളുടെ മരണം ഇതിന്റെ തുടക്കമാവും. ഒരു വിപ്ലവത്തിന്റെ തുടക്കം. അവർ പറഞ്ഞു.

വെയിലും മഴയും വകവയ്ക്കാതെയാണ് ഇവർ സമരം തുടരുന്നത്. അയ്യപ്പന്റെ ചിത്രം വച്ച് അതിന് മുന്നിൽ നിലവിളക്ക് കൊളുത്തി ശരണ മന്ത്രങ്ങൾ വിളിച്ചാണ് സമരം. ഇവരുടെ ഒപ്പം സുഹൃത്തുക്കളും സമരത്തിന് പിൻതുണ നൽകുന്നുണ്ട്. പി.സി ജോർജ്ജിന്റെ ജനപക്ഷം പാർട്ടിയും മറ്റ് ഹൈന്ദവ പാർട്ടികളും ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ കൂടുതൽ ചെറുപ്പക്കാർ ഇവിടെക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധസമരത്തിനിടയിൽ മൂന്ന് ചെറുപ്പക്കാരുടെ സമരം വ്യത്യസ്തമാകുന്നുണ്ട്.