- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിഞ്ച് വിട്ടുവീഴ്ച്ചക്ക് തയ്യാറെല്ലെന്ന നിലപാടിൽ ബി അശോക്; ചെയർമാനെ പിന്തുണച്ച് മന്ത്രിയും; ബോർഡ് റൂമിലേക്ക് തള്ളിക്കയറിയ 19 പേർക്കുള്ള കുറ്റപത്രം വൈദ്യുതി ഭവനിൽ റെഡി; അയക്കുന്നത് തൽക്കാലം നിർത്തിവെച്ചത് സർക്കാർ ഇടപെടലിൽ; സുരേഷ് കുമാറിനെ പിന്തുണച്ച് കൊടി പിടിച്ചവർക്കും മതിയായി
തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ പ്രശ്‌നങ്ങൾ തീർക്കുന്നതിനു മന്ത്രി പ്രഖ്യാപിച്ച സമയ പരിധി നാളെ കഴിയുകയാണെങ്കിലും പരിഹാരം ആയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഇനി തിരികെ എത്തിയാൽ മാത്രമേ ഇപ്പോഴത്തെ അവസ്ഥയിൽ വിവാദം തീരുകയുള്ളൂ എന്നാണ് ലഭിക്കുന്ന സൂചനകൾ. തന്റെ നിലപാടിൽ ഒട്ടും പിന്നോട്ടില്ലെന്നാണ് ബോർഡ് ചെയർമാൻ ബി അശോക് വ്യക്തമാക്കിയിരിക്കുന്നത്. സിപിഎം. സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ ഹുങ്ക് അംഗീകരിക്കില്ലെന്നാണ് ചെയർമാന്റെ നിലപാട്.
ഇപ്പോഴത്തെ ചെയർമാൻ അധികാരമേറ്റതിനെത്തുടർന്നുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന കൈപ്പുസ്തകം സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷൻ നാളെയാണ് ഇറക്കുന്നത്. ചെയർമാനെ ആക്ഷേപിക്കുന്ന ഭാഗങ്ങൾ അതിലുണ്ടെങ്കിൽ സംഘർഷം വർധിക്കാനാണു സാധ്യത. ഈ ഘട്ടത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയും വേണ്ടെന്നാണ് ബി അശോകിന്റെയും നിലപാട്. ബോർഡ് റൂമിലേക്ക് തള്ളിക്കയറിയ 19 പേർക്കുള്ള കുറ്റപത്രം വൈദ്യുതി ഭവനിൽ തയാറാണ്. എന്നാൽ ഇത് അയയ്ക്കുന്ന നടപടി തുടങ്ങിയിട്ടില്ല. ചെയർമാൻ ബി.അശോക് ഇന്നലെ കൊച്ചിയിൽ ആയിരുന്നതിനാൽ തുടർ നടപടികളിലേക്കു കടക്കാൻ സാധിച്ചില്ലെന്ന് ബോർഡ് മാനേജ്‌മെന്റ് അറിയിച്ചു.
മന്ത്രി പറഞ്ഞ ഒരാഴ്ചത്തെ കാലാവധി തീരുന്നതിനു മുൻപു പ്രശ്‌നം പരിഹരിക്കാൻ അധികൃതർ എന്താണു ചെയ്യുന്നതെന്നു തങ്ങൾ കാത്തിരിക്കുകയാണെന്ന് ഓഫിസേഴ്‌സ് അസോസിയേഷൻ നേതാക്കൾ പറയുന്നു. നേതാക്കൾക്കു സസ്‌പെൻഷന്റെ ഭാഗമായി നൽകിയ കുറ്റപത്രത്തിനുള്ള മറുപടി അഭിഭാഷകന്റെ സഹായത്തോടെ തയാറാക്കുന്നുണ്ട്. അതു പൂർത്തിയാകുന്ന മുറയ്ക്കു നൽകും.
എന്നാൽ ബോർഡിന്റെ വാഹന ദുരുപയോഗത്തിന്റെ പേരിൽ അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാറിനു നൽകിയ കുറ്റപത്രത്തിനു മറുപടി നൽകണോ എന്നു തീരുമാനിച്ചിട്ടില്ല. വൈദ്യുതി ഭവൻ വളയൽ സമരത്തിൽ പങ്കെടുത്തവർക്ക് ഡയസ്‌നോൺ ബാധകമാക്കിയ സാഹചര്യത്തിൽ കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകില്ലെന്നാണു സൂചന. ഡയസ്‌നോൺ തന്നെ ശിക്ഷ ആയതിനാൽ ഇരട്ട ശിക്ഷ വേണ്ടെന്ന നിലപാടിലേക്കാണ് ബോർഡ് മാനേജ്‌മെന്റ് എത്തിയിരിക്കുന്നത്.
സമരത്തിൽ പങ്കെടുത്ത പെൻഷൻ പറ്റിയ ഉദ്യോഗസ്ഥന് മാത്രമാണ് നിലവിൽ കുറ്റപത്രം അയച്ചത്. കൂടുതൽ ആലോചനകൾക്ക് ശേഷം കുറ്റപത്രം നൽകിയാൽ മതിയെന്ന് സർക്കാരിന്റെ നിർദേശപ്രകാരമാണിത്. സിപിഎം. സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങളായ 20 ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്ന് വൈദ്യുതി ബോർഡിലെ വിജിലൻസ് വിഭാഗം കണ്ടെത്തിയത്. നേരത്തേ 18 ഉദ്യോഗസ്ഥർക്കെതിരേ കുറ്റപത്രം നൽകാനാണ് തീരുമാനിച്ചത്. പിന്നീടുള്ള പരിശോധനയിൽ 20 പേരെ കണ്ടെത്തി. ഇതിൽ കുര്യൻ സെബാസ്റ്റ്യൻ എന്നയാൾ മാർച്ച് 31-ന് വിരമിച്ചതാണ്. കുറ്റക്കാരായവർക്ക് തിങ്കളാഴ്ച മുതൽ കുറ്റപത്രം നൽകാനായിരുന്നു തീരുമാനം.
അതേസമയം, സ്ഥലമാറ്റപ്പെട്ട നേതാക്കൾ അതതിടങ്ങളിൽ ജോലിയിൽ പ്രവേശിക്കാതെ നീക്കുപോക്കിന് തയ്യാറല്ലെന്ന നിലപാടിലാണ് ബോർഡ് മാനേജ്മെന്റ്. ഇവർ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ അനധികൃത അവധിയായി കണക്കാക്കുമെന്നും അതിന് നടപടിയുണ്ടാകുമെന്നുമാണ് ബോർഡിന്റെ മുന്നറിയിപ്പ്. എന്നാൽ സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ട് സ്ഥലംമാറ്റിയ ഉത്തരവ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തങ്ങൾക്ക് കിട്ടിയതെന്നും ജോലിയിൽ പ്രവേശിക്കാൻ ഇനിയും സമയമുണ്ടെന്നും നേതാക്കൾ പറയുന്നു. അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ, സെക്രട്ടറി ബി. ഹരികുമാർ, വനിതാ നേതാവ് ജാസ്മിൻ ബാനു എന്നിവരെയാണ് സ്ഥലംമാറ്റിയത്. ബോർഡിലെ ഓഫീസർമാരുടെ സമരത്തിനെതിരായ പൊതുതാത്പര്യ ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ