- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോസ്വേയ്ക്ക് മുകളിൽ നിന്ന് നിയന്ത്രണം വിട്ട് കാർ കടലിൽ വീണു; കാറിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും രേഖകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ചു; ബഹറൈനിൽ മരിച്ചത് റാന്നി സ്വദേശി ശ്രീജിത്ത്
പത്തനംതിട്ട: പ്രവാസി മലയാളി കാർ നിയന്ത്രണം വിട്ട് കടലിൽ വീണ് മരിച്ചു. റാന്നി പുതുശേരിമല സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണനാ(42)ണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
സിത്ര കോസ്വേയിലൂടെ കാർ നിയന്ത്രണം വിട്ട് കടലിൽ വീഴുകയായിരുന്നു. വെള്ളത്തിനടിയിലായ കാറിൽ നിന്ന് ശ്രീജിത്ത് നീന്തി രക്ഷപ്പെട്ടതാണ്. എന്നാൽ, വിലപിടിപ്പുള്ള ചില വസ്തുക്കൾ കാറിൽ നിന്ന് വീണ്ടെടുക്കാൻ അദ്ദേഹം തിരികെ നീന്തി. ഇത്തവണ കൂറ്റൻ തിരമാലകളിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു.
ഉടൻ തന്നെ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോക്ക് ൻ ഹോം മാർബിൾ ആൻഡ് ഗ്രാനൈറ്റ് വിൽ എന്ന ബിസിനസ് സ്ഥാപനം നടത്തുകയാണ് ശ്രീജിത്ത്. ഭാര്യയും കുട്ടികളും ഇദ്ദേഹത്തോടൊപ്പം ബഹറൈനിൽ തന്നെയാണുള്ളത്.
ഭാര്യ വിദ്യ അൽമഹദ് സ്‌കൂളിൽ അദ്ധ്യാപികയാണ്. മകൻ അഭിജിത്ത് കേരളത്തിൽ എൻജിനീയറിങിന് പഠിക്കുന്നു. രണ്ടാമത്തെ മകൾ മാളവിക ഇന്ത്യൻ സ്‌കൂളിൽ എട്ടാം ക്ളാസിലും ഇളയ മകൾ ദേവിക ആറാം ക്ലാസിലും പഠിക്കുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കം നടക്കുന്നു.