- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി ആദിവാസി ഭൂമി കയ്യേറ്റ കേസിൽ അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി; എച്ച് ആർ ഡി എസ് സെക്രട്ടറി ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; അജി കൃഷ്ണന് എതിരെ സമാന പരാതികൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ; വിവാദത്തിൽ പെട്ടയാളെ സംരക്ഷിക്കുന്നതിന് സർക്കാരിന്റെ പക വീട്ടലെന്ന് അജി കൃഷ്ണനും
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റ കേസിൽ പ്രതിയായ എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെയാണ് കസ്റ്റഡി. മണ്ണാർക്കാട്ടെ എസ് സി -എസ്ടി കോടതിയിലാണ് അജി കൃഷ്ണനെ ഹാജരാക്കിയത്.
അജി കൃഷ്ണനെതിരെ സമാനമായ പരാതികളുണ്ടെന്നും കൂട്ടുപ്രതികളെ കുറിച്ച് അറിയാനുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. ഏറെ വിവാദത്തിൽ പെട്ട ഒരാളെ എച്ച്ആർഡിഎസ് സംരക്ഷിക്കുന്നുണ്ട്. അതിന്റെ പക തീർക്കുകയാണ് സർക്കാരെന്ന് അജി കൃഷ്ണൻ ജാമ്യാപേക്ഷയിൽ ആരോപിച്ചു.
ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ ഇന്നലെയാണ് പാലക്കാട് ഷോളയാർ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവർഗ വിഭാഗത്തിൽ പെട്ട രാമൻ എന്ന ആളുടെ ഭൂമി കൈയെറിയതിനാണ് കേസ്. സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കൈയറി എന്നാണ് കേസ്. നിലവിൽ അജി കൃഷ്ണൻ ഉൾപ്പെടെ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ഇവർക്കെതിരെ പട്ടിക വർഗ / പട്ടികജാതി അക്രമണ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷോളയൂർ പൊലീസ് അജികൃഷ്ണനെ അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് അറസ്റ്റ്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടർന്ന്, സന്നദ്ധ സംഘനയായ എച്ച്ആർഡിഎസ്സിന്റെ രാഷട്രീയമടക്കം ഏറെ ചർച്ചയായിരുന്നു.
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമെന്ന ആക്ഷേപം ഇതിനോടകം ഉയന്നിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്തതിന്റെ പകവീട്ടലിന്റെ ഭാഗമായിട്ടാണ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് കള്ള കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്ത് എന്നാണ് എച്ച്ആർഡിഎസിന്റെ വിമർശനം. സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികൾ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണനെന്ന് എച്ച്ആർഡിഎസ് പ്രസ്താവനയിൽ പറയുന്നു. അജി കൃഷ്ണന്റെ അറസ്റ്റ് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നും എച്ച്ആർഡിഎസ് ആരോപിക്കുന്നു.