- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലഭാസ്കറിന്റെ അപകട മരണത്തിന് കാരണം ഡ്രൈവറുടെ വെറും ഉപേക്ഷ മാത്രം; ശ്രീറാം വെങ്കിട്ടരാമനെതിരെ ബഷീർ അപകടത്തിൽ ചുമത്തിയ ജാമ്യമില്ലാ വകുപ്പു പോലും അർജുനെതിരെ ചുമത്താത്ത കുറ്റപത്രം; വയലിനിസ്റ്റിന്റെ അപകടമരണം വെറും പെറ്റിക്കാസാക്കി മാറ്റി സിബിഐയുടെ നേരറിയൽ; യഥാർത്ഥ സത്യം മറഞ്ഞു തന്നെ എന്ന് വിശ്വസിച്ച് ബാലുവിന്റെ പ്രിയപ്പെട്ടവർ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം സ്വാഭാവിക അപകടമെന്ന് വിശദീകരിക്കുന്ന സിബിഐ കുറ്റപത്രത്തിൽ ദുരൂഹതകൾ. കുറ്റ പത്രത്തിൽ ഡ്രൈവർ അർജുൻ. കെ. നാരായണനെന്ന അപ്പുവിനെ ഏപ്രിൽ 7 ന് ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്രേട്ട് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയോടാണ് അർജുനെ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്. ഇതിനിടെയാണ് പുതിയ സംശയങ്ങളും ഉയരുന്നത്. സിബിഐയുടെ കണ്ടെത്തലുകളെ പൂർണ്ണമായും ബാലുവിന്റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം അംഗീകരിച്ചിട്ടുമില്ല.
അതേ സമയം സിബിഐ വെള്ളം ചേർത്ത കുറ്റപത്രം സമർപ്പിച്ചതായ ആരോപണം ഉയർന്നിട്ടുണ്ട്. ഉപേക്ഷയാലുള്ള മരണം ചുമത്തി നിസ്സാര വകുപ്പായ 304 എ ആണ് ചുമത്തിയിട്ടുള്ളത്. കുറ്റ സ്ഥാപനത്തിൽ 2 വർഷം വരെ മാത്രം തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണിത്. ജാമ്യവും കിട്ടും. കഴക്കൂട്ടം ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വഴിയേ തന്നെയാണ് സിബിഐയും സഞ്ചരിച്ചതെന്നാണ് ഇത് തെളിയിക്കുന്നത്. ബാലഭാസ്ക്കറിന്റെയും മകളുടെയും വാഹന അപകട മരണത്തിൽ കാറോടിച്ച ഡ്രൈവർ അർജുനെതിരെ കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ കുറ്റം 304 (2) സിബിഐ കുറ്റപത്രത്തിൽ ചേർത്തിട്ടില്ല.
മരണം സംഭവിപ്പിച്ച ഡ്രൈവിങ് കൃത്യം മരണം സംഭവിപ്പിക്കാാൻ ഇടയുള്ളതാണെന്നുള്ള അറിവോടു കൂടിയും എന്നാൽ മരണം സംഭവിപ്പിക്കണമെന്നോ മരണമോ മരണം സംഭവിപ്പിക്കുവാൻ ഇടയുള്ള തരത്തിലുള്ള ശാരീരിക ക്ഷതിയോ ഉളവാക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടു കൂടാതെയും ചെയ്ത് മരണം സംഭവിപ്പിക്കുന്നതാണ് വകുപ്പ് 304 (2). സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിപ്പിച്ച് മരണം സംഭവിപ്പിച്ച കേസിൽ ആദ്യം മ്യൂസിയം പൊലീസ് ഇപ്പോൾ സിബിഐ ചെയ്ത മോഡൽ വകുപ്പ് 304 എ ആണ് എഫ്ഐആറിൽ ചുമത്തിയത്. കേസ് അട്ടിമറിച്ചതിനെതിരെ മാധ്യമ വാർത്തകൾ വന്നതിനെ തുടർന്ന് വകുപ്പ് 304 (2) ആക്കി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ഇവിടേയും സംശയങ്ങൾ ഏറെയാണ്. അപകടമുണ്ടാക്കിയ കുറ്റം ചെയ്തില്ലെന്ന് വരുത്താൻ മനപ്പൂർവ്വം ശ്രമിച്ച വ്യക്തിയാണ് അർജുൻ. ബാലഭാസ്കറാണ് വാഹനം ഓട്ടിച്ചതെന്ന് പറഞ്ഞ് ബാലുവിന്റെ അച്ഛനും കുടുംബത്തിനുമെതിരെ മാനനഷ്ടത്തിന് കേസും കൊടുത്തു. അതുകൊണ്ട് തന്നെ അപകടത്തിന് പിന്നിലെ കാര്യകാരണം അജ്ഞാതമാണ്. എന്നിട്ടും ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയ വകുപ്പു പോലും അർജുനെതിരെ ചുമത്തിയില്ലെന്നതാണ് വസ്തുത. ഇതോടെ കേസ് വെറും പെറ്റിക്കേസായി മാറുന്ന അവസ്ഥയാണുള്ളത്.
വകുപ്പ് 304 (2) പത്തുവർഷം വരെ തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഫെബ്രുവരി 3 നാണ് കുറ്റപത്രം സമർപ്പിച്ചത്. അർജുനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (2)വകുപ്പ് ചുമത്തിയിട്ടില്ല. സാധാരണ റോഡപകട മരണത്തിന് ചുമത്തുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 (പൊതുവഴിയിൽ സാഹസമായി വാഹനം ഓടിക്കൽ) , 337 (ദേഹോപദ്രവമേൽപ്പിക്കൽ), 338 ( കഠിനമായ ദേഹോപദ്രവമേൽപ്പിക്കൽ), 304 എ (ഉപേക്ഷയാൽ മരണം സംഭവിപ്പിക്കൽ) എന്നിവ മാത്രം ചുമത്തിയുള്ള്ളതാണ് സിബിഐ കുറ്റപത്രം.
അതേ സമയം ചിലർക്ക് ക്ഷതി ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജമായ കുറ്റാരോപണം ഉന്നയിച്ച് അന്വേഷണ സംഘത്തെ വഴി തെറ്റിച്ചതിന് കലാഭവൻ സോബിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 211 പ്രകാരം കേസ് എടുക്കണമെന്ന ആവശ്യം സിബിഐ കുറ്റപത്രത്തിൽ ഉന്നയിച്ചിട്ടുണ്ട്. ബാല ഭാസ്ക്കറിന്റെ മരണത്തിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്നും അപകട സ്ഥലത്ത് അവരുടെ സാന്നിധ്യം താൻ കണ്ടുവെന്നുമായിരുന്നു സോബിയുടെ മൊഴി. നുണപരിശോധനാ ഫലങ്ങൾ സോബിക്കെതിരാണെന്നും സി ബി ഐ കുറ്റപത്രത്തിൽ പറയുന്നു.
തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ദുരൂഹ വാഹന അപകട മരണത്തിൽ കാർ ഡ്രൈവർ അർജുനും കലാഭവൻ സോബി ജോർജും ബാലഭാസ്ക്കറിന്റെ സംഗീത ട്രൂപ്പ് മാനേജർ വിഷ്ണു സോമസുന്ദരവും സുഹൃത്ത് പ്രകാശ് തമ്പിയും നുണ പരിശോധനക്ക് ഹാജരാകാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. 2020 സെപ്റ്റംബറിൽ സി ബി ഐ യുടെ ഹർജി അനുവദിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്. നാലു പേരിൽ ഡ്രൈവർ അർജുൻ ആദ്യം വിസമ്മതം അറിയിക്കുകയും തുടർന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ സമ്മതം അറിയിച്ച് സമ്മതപത്രം ഒപ്പിട്ടു നൽകുകയുമായിരുന്നു. മറ്റു മൂന്നു പേർ കേസ് പരിഗണിക്കവേ നുണ പരിശോധനക്ക് സമ്മതമാണോയെന്ന മജിസ്ട്രേട്ട് ആർ. ജയകൃഷ്ണന്റെ ചോദ്യത്തിന് സമ്മതമാണെന്ന് അറിയിച്ചു. സമ്മതപത്രം സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിച്ചു. തുടർന്ന് കോടതി നാലുപേരോടും എറണാകുളം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഹാജരാകാൻ ഉത്തരവിട്ടു. നാലു പേരെയും ലൈഡിറ്റക്ടർ ടെസ്റ്റിനും ലെയേഴ്സ് വോയ്സ് അനാലിസിസ് ടെസ്റ്റിനും വിധേയരാക്കാൻ കോടതി ഉത്തരവിട്ടു.
2020 സെപ്റ്റംബറിൽ സിബിഐയുടെ ഹർജി പരിഗണിച്ചത് ഇൻ ക്യാമറ നടപടിയിലൂടെയാണ്. മറ്റു കേസുകളിലെ അഭിഭാഷകരെയും സാക്ഷികളെയും കോടതി ഹാളിന് പുറത്ത് നിർത്തിയാണ് ഈ കേസ് പരിഗണിച്ചത്. നുണപരിശോധനക്ക് സമ്മതമാണോയെന്ന കോടതിയുടെ ചോദ്യത്തിന് സമ്മതമെന്നോ വിസമ്മതമാണെന്നോ ക്യത്യമായി ഉത്തരം നൽകാതെ ആടിയാടി നിന്ന അർജുനെയും അർജുന്റെ അഭിഭാഷകനെയും കോടതി വിമർശിച്ചു. സ്വതന്ത്രമായി സമ്മതം നൽകിയാൽ മാത്രമേ കോടതിക്ക് വിധേയന്റെ സമ്മതം രേഖാമൂലം രേഖപ്പെടുത്താനൂവെന്ന് വ്യക്തമാക്കി. പ്രതിക്കും വാദിക്കും നുണ പരിശോധനയിൽ ഒരേ സ്റ്റാറ്റസാണ്. സി ബി ഐ ക്ക് അയാൾ സമ്മതം കൊടുത്തിട്ടുണ്ട്. ഇപ്പോൾ എന്ത് പറ്റിയെന്ന് മനസിലാകുന്നില്ല. നിലപാടയറിക്കാൻ കൂടുതൽ സമയം തേടിയ അർജുനെ കോടതി രൂക്ഷമായി വിമർശിച്ചു. ഇവിടെ ആരെയും നിർബന്ധിക്കുന്നില്ല. സമ്മതമില്ലേൽ കോടതി അപ്രകാരം രേഖപ്പെടുത്തിക്കൊള്ളാം. വെറുതെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും കോടതി താക്കീത് ചെയ്തു. തുടർന്ന് മറ്റു കേസുകൾ പരിഗണിച്ച ശേഷം ഈ കേസ് വീണ്ടും പരിഗണിച്ചപ്പോൾ അർജുൻ സ്വതന്ത്രമായി സമ്മതം അറിയിക്കുകയായിരുന്നു.
ബാലഭാസ്ക്കറുടെ മരണത്തിൽ നാലു പേരും നൽകിയ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരാൻ നാലു പേരെയും നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് സി ബി ഐ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയന്റെ സമ്മതം ആവശ്യമുണ്ടെന്ന സുപ്രീം കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കീഴ് കോടതി നടപടി. സമ്മതം രേഖാമൂലം എഴുതി വാങ്ങിയ ശേഷമേ കോടതി പരിശോധനക്ക് അനുമതി നൽകുകയുള്ളു. നോട്ടീസ് കൈപ്പറ്റി ഹാജരാകുന്ന ഇവർ പരിശോധനക്ക് വിസമ്മതം അറിയിക്കുന്ന പക്ഷം സി ബി ഐ ഹർജി കോടതി തള്ളിക്കളയുന്നതാണ് നടപടിക്രമം. പോളിഗ്രാഫ് പരിശോധനാ ഫലം അന്വേഷണത്തെ ശരിയായ പാതയിൽ മുന്നോട്ടു പോകാൻ സഹായിക്കാൻ മാത്രമേ ഉപയോഗിക്കാവൂവെന്നും അത് വിചാരണയിൽ തെളിവായി ഉപയോഗിക്കാൻ പാടില്ലെന്നുമാണ് സുപ്രീം കോടതിയുടെ വിധിന്യായം. അതേ സമയം വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലും ആയതിന്റെ അടിസ്ഥാനത്തിലും എന്തെങ്കിലും രേഖാമൂലമുള്ളതോ വായ് മൊഴി തെളിവുകളോ തൊണ്ടിമുതലോ വീണ്ടെടുക്കുന്ന പക്ഷം അവ വിചാരണയിൽ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 പ്രകാരമുള്ള തെളിവായി സ്വീകരിക്കാവുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടണ്ട്.
ബാലഭാസ്ക്കറിന്റെ മരണത്തിൽ ഓഗസ്റ്റ് 3 ന് സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സംഭവത്തിൽ തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട ബാല ഭാസ്ക്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്ത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്ക്കറിന്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്. മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി ബി ഐ കേസേറ്റെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാണ് സി ബി ഐ യാതൊരു ആക്ഷേപവുമുന്നയിക്കാതെ കേസ് ഏറ്റെടുത്ത് എഫ് ഐ ആർ ഇട്ടത്. കോടതി ഉത്തരവില്ലാതെ കേസ് ഏറ്റെടുക്കുന്നതിൽ ഈ രീതിയാണ് സി ബി ഐ മാന്വൽ നിഷ്ക്കർശിക്കുന്നത്.
2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്കർ പിന്നീട് ചാക്ക അനന്തപുരി ആശുപത്രിയിലും വച്ച് രണ്ടാം തീയതി അർദ്ധരാത്രി 12.56 ന് അന്ത്യശ്വാസം വലിച്ചു. ഐ സി യു വിൽ പ്രകാശൻ തമ്പിയും സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യയും സുഹൃത്തായ അനന്തപുരി ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രഹസ്യ സന്ദർശനം നടത്തിയിരുന്നു. വാർഡിലേക്ക് മാറ്റാനിരിക്കവേയായിരുന്നു രഹസ്യ സന്ദർശനം. സ്റ്റീഫൻ ചുംബനം നൽകിയതിന് പിന്നാലെയാണ് ശ്വാസ തടസ്സമുണ്ടായി മരണപ്പെട്ടത്. ബാലുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽ തലക്കുണ്ടായ പരിക്കും ഹൃദയത്തിനുണ്ടായ കാർഡിയാക് അറസ്റ്റുമാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. മകൾ തേജസ്വിനിയുടെ മരണ കാരണമായി പറയുന്നത് തലക്കേറ്റ ക്ഷതവുമാണ്.
അതേ സമയം കൃത്യ സമയം വാഹനമോടിച്ചത് താനല്ലെന്നും ബാലുവാണെന്നുമാണ് ഡ്രൈവർ അർജുൻ അവകാശവാദമുന്നയിച്ചത്. എന്നാൽ ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി അർജുനാണ് വാഹനമോടിച്ചതെന്നായിരുന്നു. വാഹന അപകടം നടന്ന സമയം കാറോടിച്ചത് ഡ്രൈവർ അർജുൻ തന്നെയെന്ന് 2019 ഓഗസ്റ്റ് 24 ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ട് വന്നിട്ടുണ്ട്. വിവാദം ഉയർന്നതോടെയാണ് ഫോറൻസിക് സംഘം വീണ്ടും കാറിൽ വിശദമായ പരിശോധന നടത്തിയത്. കാറിന്റെ സ്റ്റിയറിംഗിലെയും സീറ്റ് ബെൽറ്റിലെയും വിരലടയാളം , ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന മുടിയിഴകൾ , രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ കണ്ടെത്തിയത്. ബാലുവിന്റെ ഭാര്യ ലക്ഷ്മി മാത്രമാണ് അപകടസമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മുൻ സീറ്റിലാണ് ലക്ഷ്മി ഇരുന്നിരുന്നത്. ബാലു പിന്നിലെ സീറ്റിലായിരുന്നുവെന്നും ഫോറൻസിക് പരിശോധനാ ഫലങ്ങൾ തെളിയിക്കുന്നുണ്ട്. അർജുന്റെ തലയിലും കാലിലുമുണ്ടായ പരിക്കുകൾ സൂചിപ്പിക്കുന്നത് കൃത്യസമയം അർജുൻ ഡ്രൈവിങ് സീറ്റിലായിരുന്നുവെന്നാണ്. വാഹനമോടിച്ചതാരാണെന്ന് കണ്ടെത്തിയതോടെ അർജുനെതിരെ കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അതേ സമയം താനല്ല ബാലുവാണ് കൃത്യസമയം വാഹനം ഓടിച്ചിരുന്നതെന്ന് കാണിച്ച് അർജുൻ മോട്ടോർ വാഹന അപകട ട്രിബ്യൂണലിൽ നഷ്ട പരിഹാരക്കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.
അപകടസമയത്ത് അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അപ്രകാരം സ്വാഭാവിക വാഹന അപകട മരണമെന്ന് വിധിയെഴുതി ക്രൈംബ്രാഞ്ച് കേസ് എഴുതിത്ത്തള്ളുകയായിരുന്നു. അപകട സമയത്ത് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശൻ തമ്പി , വിഷ്ണു സോമസുന്ദരം , യു എ ഇ കോൺസുലേറ്റ് നയതന്ത്ര ചാനൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ കൂട്ടുപ്രതി എസ്. സരിത്തിന്റെ മുഖ സാദൃശ്യമുള്ളയാളടക്കമുള്ളവരെ കണ്ടതായും കലാഭവൻ സോബി ജോർജ് വെളിപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് ബാലുവിന്റെ കാർ ആക്രമിച്ചത് കണ്ടതായും സോബി സി ബി ഐ ക്ക് മൊഴി നൽകിയിട്ടുണ്ട്.
വിദേശ പ്രോഗ്രാമിന് ബാലഭാസ്ക്കറിന്റെ ട്രൂപ്പ് പോയി വരുമ്പോൾ ബാലു അറിയാതെ ട്രൂപ്പ് മാനേജരും സുഹൃത്തുക്കളുമായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ്ണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ടോയെന്ന സംശയവും അതാവാം ദുരൂഹമായ കൊലക്ക് കാരണമായതെന്ന സംശയവുമുയരുന്നുണ്ട്.