- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ 15 ഏക്കർ റബ്ബർ അമ്മയുടെ പേരിലെ വസ്തു; അച്ഛന്റെ കോടിക്കണക്കിന് രൂപയുടെ വസ്തു വകകളിൽ ചില്ലിക്കാശു പോലും കിട്ടിയില്ല; എല്ലാം അനുജത്തിയും അനുജനും ചേർന്ന് തട്ടിയെടുത്തു; ആറുമാസമായി സഹോദരൻ അച്ഛനൊപ്പം നിന്നത് സമ്മർദ്ദത്തിലൂടെ തട്ടിപ്പു നടത്താൻ; സാങ്കേതിക അട്ടിമറിയും നടന്നു; ബാലകൃഷ്ണ പിള്ളയുടെ വിൽപത്രത്തിൽ ആക്ഷേപം തുറന്നു പറഞ്ഞ് മൂത്തമകൾ
തിരുവനന്തപുരം: കെബി ഗണേശ് കുമാറിന്റെ വീട്ടിലെ വിൽപത്ര തർക്കം കൂടുതൽ വിവാദത്തിലേക്ക്. ഗണേശിനെ പിന്തുണച്ച് രണ്ടാമത്തെ ചേച്ചി വന്നതിന് പിന്നാലെ ആരോപണം ഉന്നയിച്ച മൂത്ത സഹോദരി ഉഷാ മോഹൻദാസും പരസ്യപ്രതികരണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ താൻ കണ്ടുവെന്നും സമ്മതിക്കുന്നു. എന്നാൽ ഇതിന് പിന്നിൽ കുടുംബ പ്രശ്‌നമല്ലെന്നും പറയുന്നു. പക്ഷേ അച്ഛന്റെ വില്ല് സമ്മർദ്ദത്തിലൂടേയും സാങ്കേതിക തിരുമറിയിലൂടെയും ഉണ്ടാക്കിയതാണെന്നും ഉഷാ കൃഷ്ണകുമാർ പറയുന്നു. ഗണേശ് കുമാറിന് പരസ്യമായി തന്നെ മറുപടി പറയേണ്ട സാഹചര്യത്തിലേക്കാണ് ഉഷയുടെ പ്രതികരണം എത്തുന്നത്.
അച്ഛന്റെ വിൽപത്രത്തിലുള്ള 15 ഏക്കർ വസ്തു അച്ഛന്റെ പേരിലുള്ളത് അല്ല. അത് അമ്മയുടെ പേരിലുള്ളതാണ്. എനിക്ക് അമ്മയുടെ വിൽപത്രത്തിലൂടെ കൈമാറി കിട്ടിയത്. അച്ഛന് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ട്. ഇതിൽ ഒരു തരി പോലും തനിക്ക് നൽകിയില്ല. ഇതിന് പിന്നിൽ അട്ടിമറിയാണ്. നിയമ പ്രശ്‌നങ്ങളിലേക്ക് പോകാനാണ് ആലോചന. കുടുംബത്തിൽ എല്ലാം പറഞ്ഞു പരിഹരിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അച്ഛന്റെ സഹായി എന്ന് പറയുന്ന ആളും സഹോദരിയും പരസ്യ പ്രതികരണം നടത്തി അപമാനിക്കുന്നതിനാൽ താനും പ്രതികരിക്കുന്നു. അച്ഛന്റെ വിൽപത്രത്തിലെ രഹസ്യങ്ങൾ ചോർത്തി നൽകിയതും അത് തിരുത്തിച്ചതിനും പിന്നിൽ സഹായി എന്ന് പറയുന്ന പ്രഭാകരൻ നായരാണെന്നും ഉഷ പറയുന്നു.
അച്ഛൻ മരിക്കുന്നതിന് തൊട്ടു മുമ്പ ആറുമാസമായിരുന്നു ഗണേശ് ശുശ്രൂഷിക്കാൻ എത്തിയത്. അതിന് പിന്നിലെ കാരണം എല്ലാവർക്കും ഇപ്പോൾ മനസ്സിലായി കാണും. അച്ഛന്റെ സ്വത്തുക്കൾ മുഴവൻ അനുജനും അനുജത്തിയും ചേർന്ന് തട്ടിയെടുക്കുകയായിരുന്നു. അച്ഛൻ ആദ്യം തയ്യാറാക്കിയ വിൽപത്രം ഗണേശിന് ചോർത്തി കൊടുത്തതും പ്രഭാകരൻ നായരാണെന്ന് അവർ പറയുന്നു. അച്ഛനെ സമ്മർദ്ദത്തിലാക്കി വിൽപത്രം തിരുത്തിച്ചു. സങ്കേതികമായ അട്ടിമറികളും ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്ന് ഉഷ പറയുന്നു. അച്ഛൻ മരിച്ച് പതിനാറു ദിവസം കഴിയുമ്പോൾ തന്നെ ഈ വിവാദം ഉണ്ടായത് നിർഭാഗ്യകരമായെന്നും ഉഷാ മോഹൻദാസ് സമ്മതിക്കുന്നു.
വിൽപത്ര വിവാദത്തിൽ ഗണേശ് കുമാറിന് പിന്തുണയുമായി ഇളയ ചേച്ചി ബിന്ദു ബാലകൃഷ്ണൻ രംഗത്തു വന്നിരുന്നു. വിൽപത്രം ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്ന് ബിന്ദു പറഞ്ഞു. മരണശേഷം അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ വിഷമമമുണ്ട്. പൂർണ മനസ്സോടെ സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛൻ വിൽപത്രം എഴുതിയത്. ഗണേശ് ഇതിൽ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് തൊട്ടുമുൻപ് മാത്രമാണ് അച്ഛന് ഓർമക്കുറവ് ഉണ്ടായിരുന്നത്. അതിന് മാസങ്ങൾക്ക് മുൻപ് അച്ഛൻ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപത്രം തയ്യാറാക്കിയത്. സഹോദരി ഉഷയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും അവർ ബിന്ദു പ്രതികരിച്ചു.
പിതാവ് ബാലകൃഷ്ണ പിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട് ഗണേശിന്റെ സഹോദരി ഉഷ മോഹൻദാസ് ആണ് പരാതി ഉന്നയിച്ചത്. വിൽപത്രത്തിൽ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല. ഇതിൽ ഗണേശ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷ സംശയിക്കുന്നത്. ഇക്കാര്യം അവർ മുഖ്യമന്ത്രി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. വിൽപത്രത്തിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
ഇക്കാര്യം കോടിയേരി ബാലകൃഷ്ണനെ നേരിൽ കണ്ട് ഉഷ മോഹൻ ദാസ് വിശദീകരിച്ചിരുന്നു. കേരളാ കോൺഗ്രസ് ബിയുടെ ഏക എംഎൽഎ ആയ ഗണേശ് കുമാറിനെ സജീവമായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. വിവാദങ്ങളെ തുടർന്നാണ് ഗണേശ് കുമാറിനെ ആദ്യ ടേം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന. വിഷയത്തിൽ ഒത്തുതീർപ്പ് തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് മന്ത്രിയാക്കിയാൽ ഗണേശ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെടുമെന്ന് കണ്ടാണ് തീരുമാനം.
3 മക്കൾക്കും 2 ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്ത് വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് ബാലകൃഷ്ണ പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപത്രം തയ്യാറാക്കിയതെന്നും പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രം തയാറാക്കിയതിനു സാക്ഷ്യം വഹിച്ച കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരൻ നായർ പറഞ്ഞിരുന്നു. വിൽപ്പത്രത്തിലെ സാക്ഷി കൂടിയാണ് പ്രഭാകരൻ നായർ.
എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നാണ് വിൽപത്രത്തിൽ പറയുന്നത്. ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ലാറ്റും ഗണേശ് കുമാറിനാണ്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പരാമർശിക്കുന്നു . വാളകം ബിഎഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ.
മറുനാടന് മലയാളി ബ്യൂറോ