- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തിയത് ബാംബൂ കർട്ടൻ വേണോയെന്ന് ചോദിച്ചു; വേണ്ടെന്ന് പറഞ്ഞിട്ടും പീസിന് 570 രൂപ പറഞ്ഞ് കർട്ടനിട്ടു; അവസാനം ചോദിച്ചത് 59,500 രൂപ; പണമില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ചെക്ക് എഴുതി വാങ്ങി പണം കൈക്കലാക്കി: നാലംഗ സംഘം അറസ്റ്റിൽ
മാവേലിക്കര: ബാംബൂ കർട്ടൻ ഹോം ഡെലിവറി നടത്തുന്നുവെന്ന പേരിൽ വീടുകളിൽ തട്ടിപ്പ് നടത്തി വരുന്ന സംഘത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ വില പറഞ്ഞും നയത്തിൽ സംസാരിച്ചും വീട്ടുകാരെ പാട്ടിലാക്കുകയും അവർ വേണ്ടെന്ന് പറഞ്ഞാലും കർട്ടനിട്ട ശേഷം വൻ തുക തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാനികളായ ശൂരനാട് ഇരവിച്ചിറ ഈസ്റ്റ് ഷിബു ഭവനം ബൈജു (30), ചക്കുവള്ളി വടക്ക് പതാരംമിനി ഭവനിൽ സുധീർ (36), ശൂരനാട് തെക്ക് ഇഞ്ചക്കാട് അജീന മൻസിലിൽ അജി (46), ചക്കുവള്ളി കൊച്ചു തെരുവ് പോരുവഴി താഴെ തുണ്ടിൽ ബഷീർ (50) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈ.എസ്‌പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് ഏഴിന് രാവിലെ 8.30 ന് കൊറ്റാർകാവ് ഭാഗത്ത് തനിച്ചു താമസിക്കുന്ന വയോധികയെയാണ് സംഘം കൊള്ളയടിച്ചത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ബാംബൂ കർട്ടൻ വേണോയെന്ന് ചോദിച്ചാണ് വയോധികയെ ഇവരിൽ രണ്ടു പേർ സമീപിച്ചത്. വേണ്ടെന്ന് വയോധിക പറഞ്ഞെങ്കിലും പീസൊന്നിന് 570 രൂപ നൽകിയാൽ മതിയെന്ന് പറഞ്ഞു.
ഇതിനിടെ മറ്റു രണ്ടു പേർ വന്ന് വയോധികയോട് അനുവാദം പോലും ചോദിക്കാൻ കർട്ടൻ സ്ഥാപിക്കാൻ തുടങ്ങി. ഫിറ്റ് ചെയ്തതിന് പിന്നാലെ വയോധിക 2000 രൂപ ഇവർക്ക് നൽകി. ഇതോടെയാണ് സംഘത്തിന്റെ ഭാവം മാറിയത്. 59,500 രൂപയാണ് കർട്ടന്റെ വിലയെന്ന് ഇവർ വയോധികയോട് പറഞ്ഞു. തന്റെ കൈയിൽ വേറെ പണമൊന്നുമില്ലെന്ന് വയോധിക അറിയിച്ചു.
ഇതോടെ മറ്റു രണ്ടു പേർ കൂടി വീട്ടിലേക്ക് കടന്നു വന്നു. പണം കിട്ടാതെ തങ്ങൾ പോകില്ലെന്നായി ഇവർ. പണം തന്നില്ലെങ്കിൽ തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇവർ ബലമായി വയോധികയിൽ നിന്ന് ഒരു ക്യാഷ് ചെക്ക് എഴുതി വാങ്ങി. ബാങ്കിൽ ചെന്നപ്പോൾ ചെക്ക് ലീഫിന് പിന്നിൽ ഒപ്പില്ലെന്ന കാരണം പറഞ്ഞ് പണം കിട്ടിയില്ല. തിരികെ വന്ന സംഘാംഗങ്ങൾ പുതിയ ചെക്ക് എഴുതി വാങ്ങി പണം മാറിയെടുത്തു. അതിന് ശേഷം സംഘം വീട്ടിൽ നിന്ന് പോയത്.
വയോധികയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആലപ്പുഴ എസ്‌പി വി. ജയദേവിന്റെ നിർദ്ദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ സംഘം വയോധികയുടെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ് ചക്കുവള്ളിയിൽ എത്തിയപ്പോഴേക്കും കടന്നു കളഞ്ഞു. തുടർന്ന് ഏറെ പണിപ്പെട്ട് ഇവരുടെ ശൂരനാട്ടെ ഒളിത്താവളം കണ്ടെത്തി ഇന്ന് വൈകിട്ടാണ് നാലു പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവർ വന്ന വാഹനവും പിടിച്ചെടുത്തു
കൂടുതൽ സ്ഥലങ്ങളിൽ ഇവർ സമാന തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർ മാവേലിക്കര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഡിവൈ.എസ്‌പി അറിയിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിരവധി സ്ഥലങ്ങളിൽ ഇവർ ഈ രീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ട്. തട്ടിപ്പിന് ഒരു പ്രത്യേക തന്ത്രമാണ് ഇവർ ഉപയോഗിക്കുന്നത്. ഒരു വാഹനത്തിൽ ആറു പേരോളമടങ്ങുന്ന സംഘമായിട്ടാണ് ഇവർ എത്തുന്നത്.
കൂട്ടത്തിൽ ഒരാൾ വീടുകളിൽ കയറി കർട്ടൻ വേണമോയെന്ന് ചോദിക്കും. സ്‌ക്വയർ ഫീറ്റിന് നിസാര തുകയാകും പറയുക. വീട്ടുകാർ വേണ്ടെന്ന് പറയുമ്പോഴേക്കും രണ്ടാമതൊരാൾ കർട്ടനുമായി വന്ന് ഫിറ്റ് ചെയ്യാൻ തുടങ്ങും. ഇതിനിടെ ശേഷിക്കുന്ന രണ്ടു പേർ കൂടി ഫിറ്റിങിന് സഹായിക്കാനെത്തും. മിന്നൽ വേഗത്തിൽ കർട്ടൻ ഫിറ്റ് ചെയ്തിട്ടുള്ള കണക്ക് കൂട്ടലിലാണ് ഇവരുടെ തട്ടിപ്പ്. ആയിരമോ രണ്ടായിരമോ പ്രതീക്ഷിച്ചു നിൽക്കുന്ന വീട്ടുകാർക്ക് ഇവർ നൽകുക മുപ്പതിനായിരം മുതൽ അരലക്ഷം വരെയുള്ള ബിൽ ആയിരിക്കും.
ഞെട്ടി നിൽക്കുന്ന വീട്ടുകാരെ വിരട്ടി പണവും വാങ്ങി ഇവർ പോകും. വീട്ടുകാർ തട്ടിപ്പ് തിരിച്ചറിഞ്ഞ് ഇവർ നൽകുന്ന ബില്ലിലെ നമ്പരിലേക്ക് വിളിക്കുമ്പോൾ അത് കർട്ടൻ സപ്ലൈ ചെയ്യുന്ന ഏതെങ്കിലും കടയിലെ ആയിരിക്കും. ഇവിടെ നിരവധി പേർ കർട്ടൻ എടുക്കാൻ വരാറുള്ളതിനാൽ ആരാണ് പറ്റിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് കടക്കാർ കൈമലർത്തും. ഇത്തരം നിരവധി സംഘങ്ങൾ ശൂരനാട്, നൂറനാട്, താമരക്കുളം, ചക്കുവള്ളി, കറ്റാനം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എസ്ഐമാരായ പി.എസ് അംശു, അലി അക്‌ബർ, സിപിഓമാരായ ആർ. വിനോദ് കുമാർ, ടി. സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്