- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിൽ പായ്ക്കിങ് തുടങ്ങി; കൊച്ചിയിൽ നിന്നും നേന്ത്രക്കായ ലണ്ടനിലേക്ക്; ഇനി നാടൻ ഏത്തപ്പഴവും വറുത്തുപ്പേരിയും ബ്രിട്ടനിലെ അടുക്കളയിലും; വിഷുക്കണി നേന്ത്രപ്പഴം കൂടി ചേർത്താകാം; പദ്ധതി വിജയിച്ചാൽ ഓണത്തിന് യുകെയിൽ എങ്ങും നാടൻ നേന്ത്രപ്പഴം; കേന്ദ്ര-കേരള സർക്കാരുകളുടെ സംയുക്ത പദ്ധതിക്ക് ആവേശത്തോടെ കാത്തിരിപ്പ്; മത്സരിക്കേണ്ടത് ആഫ്രിക്കൻ കായകളോട്
ലണ്ടൻ: കേരളത്തിൽ നിന്നും നല്ല അസൽ നാടൻ നേന്ത്രക്കായ ലണ്ടനിലേക്ക്. അരിയും ഉണക്കക്കപ്പയും ചെറിയ തോതിൽ പച്ചക്കറികളും എത്തിയിരുന്ന സ്ഥാനത്താണ് ആദ്യമായി നാടൻ നേന്ത്രക്കായ എത്തുന്നത്. രണ്ടു നാൾ മുൻപ് പ്രത്യേകം കൃഷി ചെയ്ത തോട്ടത്തിൽ നിന്നും വിളവെടുത്ത കായകൾ പ്രത്യേക കാർട്ടണുകളിൽ മൂവാറ്റുപുഴയിൽ പായ്ക്കിങ് ആരംഭിച്ചു. അടുത്ത മൂന്നാഴ്ചത്തെ ശീതികരിച്ച കപ്പൽ സഞ്ചാരത്തിൽ ലണ്ടനിൽ എത്തുന്ന പച്ചക്കായകൾ തുടർന്ന് പഴുപ്പിക്കും. പിന്നീട് വിതരണക്കാർ തിരഞ്ഞെടുത്ത ലണ്ടൻ പട്ടണങ്ങളിലും സ്കോട്ലൻഡിലും പഴമാക്കി കടകളിൽ വില്പനക്ക് എത്തിക്കും.
വിപണി പിടിച്ചാൽ വിഷുവിനു കണിയൊരുക്കാൻ മാത്രമല്ല, ഇനിയെന്നും മലയാളി അടുക്കളയിൽ അസൽ കേരളക്കണി ആയി നാടൻ നേന്ത്രക്കായകൾ ഗമയോടെ ഇടം പിടിക്കും. പഴംപൊരിക്കും പ്രാതലിനും ഒക്കെ നല്ല രുചിയുള്ള ഏത്തപ്പഴം നാട്ടിൽ നിന്നെത്തിയാൽ കൂടുതൽ ഫ്രഷ് പച്ചക്കറികളും പഴവർഗങ്ങളും എത്താൻ ഉള്ള സാധ്യത കൂടിയാണ് തെളിയുന്നത്.
കൃഷി തൃശൂരിൽ, പായ്ക്കിങ് മൂവാറ്റുപുഴയിൽ, വിതരണം ലണ്ടനിൽ
ഏത്തവാഴ കൃഷിക്ക് ഏറെ പ്രസിദ്ധമായ തൃശൂരിലെ കരഭൂമികൾ മൂത്തുവിളഞ്ഞു പാകമായ കുലകളാണ് ലണ്ടൻ മലയാളികളെ തേടി എത്തുന്നത്. കദളി വാഴകൾ അന്യം നിന്നു പോകും എന്ന് ഭയന്നിരുന്ന കാലത്തിൽ നിന്നും പതിനായിരക്കണക്കിന് വാഴകൾ നട്ടു ഗുരുവായൂർ അടക്കം കദളിപ്പഴം ആവശ്യമായ സ്ഥലത്തൊക്കെ എത്തിച്ച പെരുമയുള്ള തൃശൂരിന് ഇനി ഏത്തപ്പഴത്തിന്റെ കാര്യത്തിലും മേനി പറയാം. ഈ കുലകൾ അങ്ങ് ലണ്ടനിലേക്കാണ് എന്ന് കർഷകർ പറയുമ്പോൾ അതിൽ അധ്വാനത്തിനൊപ്പം അഭിമാനവും നിറയുകയാണ്. രണ്ടു നാൾ മുൻപ് യുകെയിലേക്കുള്ള ഏത്തക്കുലകൾ വിളവെടുപ്പ് പൂർത്തിയായതിനാൽ അത്യാധുനിക പായ്ക്കിങ്ങിനായി മൂവാറ്റുപുഴയിൽ എത്തിച്ചിരിക്കുകയാണ്.
ക്യൂ ആർ കോഡ് അടക്കമാണ് പായ്ക്ക് ചെയ്യുന്നത്. ഇത് സ്കാൻ ചെയ്താൽ വാഴ നട്ടത് മുതൽ പായ്ക്കിങ് വരെയുള്ള മുഴുവൻ ദൃശ്യങ്ങളും ഉപഭോക്താവിന്റെ കൈകളിലെത്തും. തികച്ചും നാടൻ രീതിയിൽ കൃഷി ചെയ്ത കുലകളാണ് എന്ന് ലണ്ടൻ മലയാളികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. രാസവള കൃഷി ചെയ്യാതെ ഒരു കുഞ്ഞിനെ പോലെ പരിചരിച്ച കായ്കൾ ആണെന്ന് യുകെ മലയാളികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന സർക്കാർ ഏജൻസി വി എഫ് പി സി കെ പറയുന്നു.
പദ്ധതിക്ക് സാങ്കേതിക സഹകരണം നൽകുന്നത് ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രം ആണെന്നതും പ്രത്യേകതയാണ്. പച്ച കായകൾ ആയാണ് ലണ്ടനിൽ എത്തുന്നത് എന്നതിനാൽ ആവശ്യക്കാരുടെ ഇഷ്ടം പോലെ ഉപ്പേരി ഉണ്ടാക്കാനോ പഴത്തിന്റെ ആവശ്യത്തിനോ എന്നതനുസരിച്ചു വിതരണക്കാർക്ക് എത്തിക്കാനാകും. തുടക്കത്തിൽ മലയാളി ആധിപത്യം ഉള്ള ലണ്ടൻ നഗര പ്രദേശങ്ങളിൽ ഈ ഏത്തക്കായകൾ വിതരണത്തിന് എത്താനാണ് സാധ്യത.
ആദ്യമെത്തുന്നത് പത്തു ടൺ കായകൾ, ആവശ്യക്കാരുണ്ടെങ്കിൽ എല്ലാ മാസവും കായകൾ എത്തും
പദ്ധതിയുടെ സാദ്ധ്യതകൾ മനസിലാക്കുന്നതിന് ആദ്യവട്ടം എന്ന നിലയിൽ പത്തു ടൺ കായ്കളാണ് ഈ മാസം അവസാനത്തോടെ ലണ്ടനിൽ എത്തുക. യുകെ മാർക്കറ്റിലെ വില അനുസരിച്ചു ഓർഗാനിക് വിഭവം എന്ന നിലയിൽ ആവശ്യക്കാർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് കർഷകരുടെ പ്രതീക്ഷ. നല്ല ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ളവരെ തേടിയാണ് കേരളത്തിൽ നിന്നും ഏത്തപ്പഴം എത്തുന്നത് എന്ന് ചുരുക്കം. പടല തിരിച്ചു കാർട്ടണുകളിൽ പായ്ക്ക് ചെയ്തു മൈനസ് 13 ഡിഗ്രി താപനിലയിൽ ക്രമീകരിച്ച ശേഷമാണ് കപ്പലിൽ കായകൾ ലണ്ടൻ തുറമുഖത്ത് എത്തുന്നത്. വിമാനം വഴി എത്തിക്കുമ്പോൾ വർധിച്ച ചരക്കു കൂലി ഉൽപന്നത്തിൽ കൂട്ടിച്ചേർക്കേണ്ടി വരും എന്നതിനാലാണ് ഈ മാർഗം സ്വീകരിക്കുന്നത്.
കൊച്ചിയിൽ നിന്നും 20 മുതൽ 25 വരെ ദിവസം കൊണ്ട് ലണ്ടൻ ഗേറ്റ് എവേ തുറമുഖത്തു കായകൾ എത്തും എന്നാണ് ലഭ്യമായ വിവരം. ലണ്ടനിൽ എത്തിയ ശേഷമാണ് പഴുപ്പിക്കൽ നടക്കുക. തുടക്കത്തിൽ തെക്കൻ ലണ്ടനിലും സ്കോട്ലൻഡിലും തിരഞ്ഞെടുത്ത സൂപ്പർ മാർക്കറ്റുകളിൽ എത്തിക്കുകയാണ് ലക്ഷ്യം എന്ന് കയറ്റുമതി പാർട്ണർ സൂചിപ്പിക്കുന്നു. സാങ്കേതിക സഹായം ട്രിച്ചി വാഴ ഗവേഷണ കേന്ദ്രമാണ് നൽകുന്നത്.
പദ്ധതി വിജയിപ്പിക്കാൻ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചാരണവും ഉണ്ടാകും. ഒരു വർഷം മുന്നേ മികച്ച കർഷകരെ പ്രത്യേകം തിരഞ്ഞെടുത്താണ് ഈ പദ്ധതിയുമായി സഹകരിപ്പിച്ചത്. വാഴ ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടമുള്ള കൃഷി തോട്ടങ്ങളിൽ പ്രത്യേക മേൽനോട്ടത്തോടെയാണ് വാഴകൾ വളർന്നു കുലച്ചത്. നന്നായി വിളഞ്ഞ കുലകൾ ചതവും പാടും ഒന്നും ഇല്ലാതെയാണ് പായ്ക്കുകളിൽ നിറച്ചിരിക്കുന്നത്.
അതായതു കേരളത്തിൽ ലഭിക്കുന്ന അതേ തനിമ യുകെയിൽ എത്തുമ്പോഴും ഉണ്ടായിരിക്കണം എന്ന നിർബന്ധം ഓരോ ഘട്ടത്തിലും പുലർത്തിയിരിക്കുന്നു എന്നാണ് ഈ സൂക്ഷ്മത വ്യക്തമാകുന്നത്. മൂവാറ്റുപുഴയിലെ നടൂക്കര ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിലാണ് പായ്ക്കിങ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. പായ്ക്കിങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ കൃഷി മന്ത്രി വി എസ് സുനിൽകുമാർ തുറമുഖത്തേക്കുള്ള ഏത്തക്കായകളുടെ വരവ് ഫ്ലാഗ് ഓഫ് ചെയ്യും എന്നാണ് ലഭ്യമായ വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിലയ്ക്ക് ഈ പരിപാടികളിൽ മാറ്റം ഉണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും ഈ വെള്ളിയാഴ്ച കായകൾ കപ്പൽ യാത്ര ആരംഭിക്കും.
ലണ്ടനിൽ എത്തുന്ന കായ്കൾക്ക് സ്വാഭാവിക നിറവും രുചിയും ഒന്നും നഷ്ടമായില്ലെങ്കിൽ ഇനി യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും നാടൻ ഏത്തക്കായകൾ എത്തിക്കാൻ ആണ് ഉദ്ദേശം. അതി ശൈത്യത്തിൽ യാത്ര ചെയ്ത് എത്തുന്നതിനാൽ കായകൾക്കു സ്വാഭാവികത നഷ്ടമാകുമോ എന്ന ആശങ്ക ഉണ്ടെങ്കിലും പേടിക്കേണ്ട കാര്യം ഇല്ലെന്നാണ് സാങ്കേതിക വിദഗ്ദ്ധർ പറയുന്നത്. കാരണം നേരത്തെ 12-13 ദിവസം എടുത്തു ദുബൈക്ക് അയച്ചതിനു യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല.
മത്സരിക്കേണ്ടത് ആഫ്രിക്കൻ ഏത്തപ്പഴത്തോട്
കേരളത്തിന്റെ പാവം ഏത്തക്കായകൾക്കു ലണ്ടനിൽ മത്സരിക്കേണ്ടത് ആഫ്രിക്കൻ കായകളോടാണ് എന്നത് ഭീഷണി തന്നെയാണ്. കേരളത്തിലെ മെലിഞ്ഞതും വലിപ്പം കുറഞ്ഞതുമായ കായ്കളേക്കാൾ തടിയും തൂക്കവും കൂടിയ കായ്കളാണ് ആഫ്രിക്കയിൽ നിന്നും ലണ്ടനിൽ എത്തുന്നത്. മണവും രുചിയും ഒക്കെ ഏറെക്കുറെ ഒന്ന് തന്നെ. വിലയിലോ വലിയ കുറവുണ്ട് എന്നതും ആഫ്രിക്കൻ കായ്കളുടെ മേന്മയാണ്. ആകെ കേരളത്തിന് ചൂണ്ടിക്കാട്ടാനുള്ളത് രാസവളം തൊടാതെ എത്തുന്ന കായകൾ എന്നതാണ്.
ആഫ്രിക്കൻ കായകൾ മൂന്നെണ്ണത്തിന് വിപണിയിൽ 1.20 പൗണ്ട് മാത്രമാണ് വില എന്നത് കേരള കായകൾക്ക് വലിയ ഭീഷണിയാകും. കാരണം ഈ വിലയ്ക്ക് ഒരിക്കലും കേരളത്തിൽ നിന്നെത്തുന്ന പഴം വിറ്റു ലാഭം ഉണ്ടാക്കാനാകില്ല. തിരഞ്ഞെടുത്ത അസ്ദയിലും ടെസ്കോയിലും ഒക്കെ പച്ചക്കായകൾ കിലോക്ക് രണ്ടു പൗണ്ടിനും ലഭ്യമാണ്. ആഫ്രിക്കൻ കായകൾ മൂന്നെണ്ണം തൂക്കുന്നിടത്തു കേരള കായകൾ അഞ്ചെണ്ണം എങ്കിലും വേണ്ടി വരും എന്നത് മറ്റൊരു പോരായ്മ. ഈ മത്സരത്തിൽ കേരള കായ്കളുടെ ഏക പ്രതീക്ഷ യുകെ മലയാളികൾ നാടിനോടും നാടൻ കർഷകരോടും കാണിക്കുന്ന സ്നേഹം മാത്രമാകും. എന്നാൽ എവിടെയും അൽപം ലാഭം നോക്കുന്ന മലയാളികൾ ഏത്തക്കായ വരുമ്പോൾ ഈ സ്വഭാവം മാറ്റിവയ്ക്കുമോ, കാത്തിരുന്നു കാണാം.