- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിത വഴിയിൽ കരുത്തായത് അമ്മ മുളിക്കൊടുത്ത ഈണങ്ങൾ; ഗ്രാമഫോൺ റിക്കാർഡിൽ തുടങ്ങിയ യാത്ര കൊണ്ടെത്തിച്ചത് ലോകസംഗീതത്തിന്റെ നെറുകയിൽ; 'ദ് ഡാർക്ക് സൈഡ് ഓഫ് ദ് മൂണിലൂടെ അമേരിക്കയിലും തരംഗമായി; ഭാസ്കർ മേനോൻ വിടപറയുമ്പോൾ ബാക്കിയാവുന്നത് സംഗീത വ്യവസായ ലോകത്തെ മലയാളികൈയൊപ്പ്
സാൻഫ്രാൻസിസ്കോ: രാജ്യാന്തര സംഗീത വ്യവസായ ലോകത്തു പ്രശസ്തമായ ഇഎംഐ മ്യൂസിക് വേൾഡ് വൈഡിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായിരുന്ന മലയാളി ഭാസ്കർ മേനോൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ബെവർലി ഹിൽസിലെ വസതിയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം. സംഗീതവ്യവസായ ലോകത്ത് മലയാളി ചാർത്തിയ കൈയൊപ്പയിരുന്നു ഭാസ്കർ മേനോൻ.
അമ്മയിൽ നിന്നും കേട്ടുതുടങ്ങിയ ഈണങ്ങളാണ് ലോകത്തിന്റെ നെറുകയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചത്.1970 കളിൽ ഇന്ത്യക്കാരനു സ്വപ്നം കാണാനാവാത്ത പദവികളിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയർത്തിയത് സംഗീതവും അതിന്റെ വിപണനസാധ്യതകളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളുമായിരുന്നു. ഓക്സ്ഫഡിൽ നിന്നു മാസ്റ്റർ ബിരുദം നേടിയശേഷം 1956 ൽ ലണ്ടനിൽ ഇഎംഐയുടെ മാനേജ്മെന്റ് ട്രെയിനിയായി ചേർന്ന മേനോൻ 1964 ൽ ഇന്ത്യയിൽ മടങ്ങിയെത്തി എച്ച്എംവി റിക്കോർഡുകൾ നിർമ്മിക്കുന്ന ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി.ഇവിടെ നിന്നാണ് ഭാസ്കർ മേനോന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്.
ഗ്രാമഫോൺ കമ്പനി ഇഎംഐ ഏറ്റെടുത്തപ്പോൾ അദ്ദേഹം ഇഎംഐ ഇന്റർനാഷനൽ സർവീസസിന്റെ മാനേജിങ് ഡയറക്ടറും ഓവർസീസ് ഡിവിഷന്റെ ജനറൽ മാനേജരുമായി. 25 രാജ്യങ്ങളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ദൗത്യം വിജയകരമായി നിറവേറ്റി. ഗ്രൂപ്പിന്റെ അനുബന്ധസ്ഥാപനമായ കാപിറ്റോൾ റിക്കോർഡ്സിന്റെയും കാപിറ്റോൾ ഇൻഡസ്ട്രീസിന്റെയും പ്രസിഡന്റായി 1971ൽ യുഎസിലെത്തിയ അദ്ദേഹം പിന്നീടു ചെയർമാനായി. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യുഎസിലെ കാപിറ്റോൾ റിക്കോർഡ്സിനെ ലാഭത്തിലേക്കു നയിച്ചത് അദ്ദേഹമായിരുന്നു. 1964നുശേഷം ഇന്ത്യൻ ഗ്രാമഫോൺ കമ്പനിയുടെ ലാഭം ഇരട്ടിയാക്കിയതും അദ്ദേഹത്തിന്റെ സംഗീതബോധം തന്നെ.
1973 ൽ റോക്ക് സംഗീതത്തിന്റെ കൊടുങ്കാറ്റുയർത്തിയ ബ്രിട്ടിഷ് ബാൻഡായ പിങ്ക് ഫ്ളോയ്ഡിന്റെ 'ദ് ഡാർക്ക് സൈഡ് ഓഫ് ദ് മൂൺ' എന്ന ആൽബത്തിലൂടെയായിരുന്നു ഭാസ്കർ മേനോൻ യുഎസിൽ തരംഗം സൃഷ്ടിച്ചത്. സംഗീതാലേഖനത്തിന്റെയും സ്റ്റുഡിയോ മാന്ത്രികതയുടെയും എക്കാലത്തെയും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്ന ഈ ആൽബം ലോകത്ത് ഏറ്റവുമധികം വിറ്റഴിയപ്പെട്ട സംഗീത ശേഖരത്തിലൊന്നാണ്. പിന്നീട് ബീറ്റിൽസ്, റോളിങ് സ്റ്റോൺസ്, പോൾ മക്കാർട്നി, സ്റ്റീവ് മില്ലർ, ടീന ടർണർ, ആൻ മുറെ, യെഹൂദി മെനുഹിൻ, രവിശങ്കർ തുടങ്ങിയ ഒട്ടേറെ പ്രഗത്ഭരോടൊപ്പം പ്രവർത്തിച്ചു.
1978 ൽ അദ്ദേഹം ഇഎംഐ മ്യൂസിക് വേൾഡ്വൈഡിനു രൂപം നൽകി. പിറ്റേ വർഷം കമ്പനി തോൺ ഇലക്ട്രിക്കൽ ഇൻഡസ്ട്രീസുമായി ലയിച്ചപ്പോൾ തോൺഇഎംഐയുടെ ഡയറക്ടറായി.46 രാജ്യങ്ങളിലായി വ്യാപിച്ചുകിടന്ന ബ്രിട്ടിഷ് കമ്പനികളെ ഒരു മേൽക്കൂരയ്ക്കു കീഴിലേക്കു കൊണ്ടുവന്ന് 1978 ൽ അദ്ദേഹം ആരംഭിച്ച ഇഎംഐ മ്യൂസിക് വേൾഡ് വൈഡ് മറ്റൊരു വിജയചരിത്രമെഴുതി. ലോകമെമ്പാടുമുള്ള ഇഎംഐ ഗ്രൂപ്പിന്റെ സംഗീത താൽപര്യങ്ങളെ അദ്ദേഹം സ്വന്തം മാനേജ്മെന്റിനു കീഴിൽ കൊണ്ടുവന്നു. ഇഎംഐ ഇന്ത്യയുടെ ചെയർമാനായിരിക്കെ നിർമ്മിച്ച ഡീർ ഹണ്ടർ, മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്, എ പാസേജ് ടു ഇന്ത്യ തുടങ്ങിയ ചലച്ചിത്രങ്ങളും ശ്രദ്ധനേടി.
സംഗീത വ്യവസായത്തിനു നൽകിയ സേവനങ്ങളെ മാനിച്ച് ഐഎഫ്പിഐ മെഡൽ ഓഫ് ഓണർ അദ്ദേഹത്തിനു സമ്മാനിച്ചു. 1990 ൽ ഫ്രാൻസിന്റെ പ്രശസ്ത പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1990 ൽ വിരമിച്ചശേഷം രാജ്യാന്തര സംഗീത വ്യവസായ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഎഫ്പിഐയുടെ പ്രസിഡന്റായും ചെയർമാനായും സേവനമനുഷ്ഠിച്ചു. സംഗീത വ്യവസായം ഉപേക്ഷിച്ച ശേഷം 1995 ൽ ഇന്റർനാഷനൽ മീഡിയ ഇൻവെസ്റ്റ്മെന്റ്സ് എന്ന കമ്പനി സ്ഥാപിച്ച വിവിധ മാധ്യമ സ്ഥാപനങ്ങളുടെ കൺസൽറ്റന്റായി.
കേന്ദ്ര ഫിനാൻസ് സെക്രട്ടറിയായിരുന്ന കെ.ആർ.കെ മേനോന്റെയും സരസ്വതിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ച ഭാസ്കർ മേനോൻ, വിദേശകാര്യ സെക്രട്ടറിയും ചൈനയിലും സോവിയറ്റ് യൂണിയനിലും അംബാസഡറുമായിരുന്ന കെ.പി.എസ് മേനോന്റെ അനന്തരവനാണ്.പ്രശസ്ത ചിത്രകാരൻ കെ.സി. എസ് പണിക്കരുടെ മകൾ സുമിത്രയാണു ഭാര്യ. മക്കൾ: സിദ്ധാർഥ, വിഷ്ണു.