- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരുമാസം മുമ്പുണ്ടായ സ്ഫോടനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞ് ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ; കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും പിടിച്ചെടുത്ത് സെൻസർ; ബെയ്റൂട്ടിലെ സ്ഫോടന സ്ഥലത്ത് തെരച്ചിൽ ഊർജ്ജിതമാക്കി
ബെയ്റൂട്ട്: ഒരു മാസം മുൻപ് ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ ഒരു കുഞ്ഞ് ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ. ചിലെയിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെ ഉപകരണം തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയിൽ നിന്നും കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും പിടിച്ചെടുത്തു. ഇതോടെ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാനാകുമെന്ന വിശ്വാസത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണ്.
ഓഗസ്റ്റ് നാലിനുണ്ടായ സ്ഫോടനത്തിൽ 191 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൂടുതൽ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടാകുമെന്നു കരുതുന്നു. 6000 പേർക്കു പരുക്കേറ്റിരുന്നു. 2750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് ലെബനൻ തലസ്ഥാനത്തെ തകർത്ത സ്ഫോടനമുണ്ടായത്. ചിലെയിൽ നിന്നുള്ള സംഘം കൊണ്ടുവന്ന നായയാണ് വ്യാഴാഴ്ച കെട്ടിടത്തിന്റെ അടിയിൽ മനുഷ്യ സാന്നിധ്യമുണ്ടെന്ന സൂചന നൽകിയത്. തുടർന്നു സെൻസർ കൊണ്ടുവന്നു. സെൻസറിന് അനക്കമോ സൂക്ഷ്മശബ്ദമോ പിടിച്ചെടുക്കാൻ കണ്ടുനിന്നവരോടു നിശ്ശബ്ദരാകാൻ പലതവണ നിർദ്ദേശിച്ചു. തെരുവ് പരിപൂർണ നിശ്ശബ്ദമായി. ഒരു മിനിറ്റിൽ 18 ശ്വാസചക്രം ആണ് സെൻസർ പിടിച്ചെടുത്തത്. ഇതോടെ അവശിഷ്ടങ്ങൾ ഒന്നൊന്നായി നീക്കുകയാണ്. ത്രീഡി സ്കാനിങ് യന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇന്നലെ ശ്വാസചക്രം ഒൻപതായി കുറഞ്ഞു.
സ്ഫോടനുമുണ്ടായി 2 ദിവസത്തിനു ശേഷം ഫ്രഞ്ച് രക്ഷാപ്രവർത്തകർ ഇതേ കെട്ടിടാവശിഷ്ടം പരിശോധിച്ചിരുന്നു. അന്നു പക്ഷേ, ജീവന്റെ സൂചനകളൊന്നും കിട്ടിയിരുന്നില്ല. രാസവസ്തു വർഷങ്ങളോളം അലക്ഷ്യമായി സൂക്ഷിച്ചതിലും രക്ഷാപ്രവർത്തനത്തിലെ വീഴ്ചകളിലും ക്ഷുഭിതരാണ് ജനങ്ങൾ. ദുരന്തം ഒരുമാസം പിന്നിട്ട ഇന്നലെ സൈന്യത്തിന്റെ നിർദ്ദേശപ്രകാരം ഒരു മിനിറ്റ് നഗരത്തിൽ മൗനമാചരിച്ചു.
മറുനാടന് ഡെസ്ക്