തിരുവല്ല: സ്വർണക്കള്ളക്കടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ഷാജ് കിരൺ, സ്വപ്ന സുരേഷ് എന്നിവർക്കെതിരെ ഹർജിയുമായി ബിലീവേഴ്‌സ് ചർച്ച്. മാനനഷ്ടം, ക്രിമിനൽ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിലീവേഴ്‌സ് ചർച്ച് തിരുവല്ല കോടതിയിൽ ഹരജി നൽകി.

തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രേഷ്മ ശശിധരനാണ് ബിലീവേഴ്‌സ് ചർച്ച് ഔദ്യോഗിക വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ ഹരജി നൽകിയത്. പരാതി കോടതി ഫയലിൽ സ്വീകരിച്ചു. സമീപകാലത്തുണ്ടായ വിവാദങ്ങളിൽ സഭയുടെ പേര് മനഃപൂർവം വലിച്ചഴിക്കുകയായിരുന്നു. ഇതിനായി ഗൂഢാലോചന നടന്നുവെന്നതിന് വ്യക്തമായ തെളിവ് സ്വപ്ന പുറത്തു വിട്ട സംഭാഷണങ്ങളിൽ തന്നെയുണ്ട്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ മാത്രം പരിചയമുള്ള ഷാജ് കിരൺ സഭയുടെ ഇടനിലക്കാരനാണെന്ന തരത്തിൽ പലയിടത്തും ചെന്നതിന് പിന്നിൽ രഹസ്യ അജണ്ടയും ഗൂഢാലോചനയുമുണ്ട്.

ഷാജിനും സ്വപ്നയ്ക്കും പിന്നിൽ ഒരു ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. പ്രതികൾക്കെതിരേ പൊലീസ് കേസ് നൽകാൻ ആലോചിക്കുന്നുണ്ടെന്നും ഇതിനുള്ള നിയമോപദേശം തേടിയതായും ഫാ. സിജോ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഇടനിലക്കാരായി പ്രവർത്തിക്കുന്നത് ബിലീവേഴ്‌സ് ചർച്ചാണെന്ന് സ്വപ്ന പുറത്തുവിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിൽ ഉണ്ടായിരുന്നു. ഇരുവരുടെയും ഫണ്ട് അമേരിക്കയിലേക്കാണു പോകുന്നതെന്ന് ഷാജ് പറയുന്നത് ശബ്ദരേഖയിലുണ്ട്. ചെറിയ ഭൂമിക്കച്ചവടം ചെയ്തു നടക്കുന്ന ആളല്ല ഷാജ്. അയാൾ പലതിന്റെയും ബെനാമിയാണ്. പല കമ്പനികളുടെയും ഡയറക്ടർ ബോർഡിൽ ഷാജുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.

അതേസമയം, രഹസ്യമൊഴി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന സ്വപ്നയുടെ ആരോപണം ഷാജ് കിരൺ നിഷേധിച്ചിരുന്നു. ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരൺ വ്യക്തമാക്കിയിരുന്നു.

സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഭീഷണിപ്പെടുത്തി രഹസ്യമൊഴിയിൽനിന്നു പിന്മാറാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും ഷാജ് പറഞ്ഞിരുന്നു.