- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിൽ കൊടുങ്കാറ്റ് പോലെ വീശി അമിത് ഷാ; അഞ്ച് തൃണമൂൽ നേതാക്കൾ കൂടി ഡൽഹിക്ക് പറന്ന് ബിജെപിയിൽ ചേർന്നു; കൊൽക്കത്ത യാത്ര റദ്ദാക്കി നേതാക്കളെ സ്വവസതിയിൽ സ്വീകരിച്ച് ആഭ്യന്തര മന്ത്രി; ഹൗറയിൽ ഞായറാഴ്ച വമ്പൻ റാലി; കൊഴിഞ്ഞുപോക്കുകൾ അവഗണിക്കാൻ തൃണമൂലും; തമിഴ്നാട്ടിൽ ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരും; ഒന്നിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യം
ന്യൂഡൽഹി: ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള വടംവലിക്കിടെ ദീദിക്ക് തലവേദന കൂട്ടി കൊഴിഞ്ഞുപോക്ക് തുടരുകയാണ്. അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച ഡൽഹിക്ക് പറന്നു. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളിൽ ഏപ്രിൽ-മെയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ഏറ്റവും ഒടുവിലത്തെ കൊഴിഞ്ഞുപോക്കാണ്.
അമിത് ഷാ ആഴ്ചാവസാനം കൊൽക്കത്തയിൽ ചെലവഴിക്കാനായിരുന്നു മുൻതീരുമാനം. ഹൗറയിലെ റാലിയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ, യാത്ര റദ്ദാക്കി ബദൽ പദ്ധതി കുറിച്ചു അമിത് ഷാ. അഞ്ച് നേതാക്കളും ബിജെപിയിൽ ചേർന്നതായി പാർട്ടിയുടെ ബംഗാളിലെ പോരാളികൾ മുകുൽ റോയിയും, കൈലാസ് വിജയവർഗീയയും പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസിൽനിന്ന് രാജിവച്ച ബംഗാളിലെ മുൻ വനം വകുപ്പ് മന്ത്രി രാജിബ് ബാനർജി, ബാലിയിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎ ബൈശാലി ദാൽമിയ, ഉത്തർപാറ എംഎൽഎ പ്രഭിർ ഘോഷാൽ, ഹൗറ മേയർ രതിൻ ചക്രബർത്തി, മുൻ എംഎൽഎ പാർത്ഥ സാരതി ചാറ്റർജി എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
അമിത് ഷാ തന്നെ വിളിച്ച് പാർട്ടിപതാക കൈമാറാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു. ചാർട്ടേഡ് വിമാനത്തിലാണ് തലസ്ഥാനത്തേക്ക് പറന്നത് ബംഗാളിലെ മുൻ വനം മന്ത്രി കൂടിയായ രാജിബ് ബാനർജി പറഞ്ഞു. അമിത് ഷായുടെ സന്ദർശനം റദ്ദാക്കിയെങ്കിലും ഹൗറയിലെ ദുമുർജോളയിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ബിജെപി റാലിക്ക് മാറ്റമില്ല. അമിത് ഷാ വിഡിയോ കോൺഫറൻസ് വഴി റാലിയിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും സംസ്ഥാന നേതാക്കളും റാലിയിൽ ഉണ്ടാകും.
ബീഹാറിന് ശേഷം ബിജെപിയുടെ സുപ്രധാന ദൗത്യം പശ്ചിമ ബംഗാൾ പിടിച്ചെടുക്കുകയാണ്. അദ്ധ്യക്ഷനായിരുന്ന കാലം മുതൽ ഈ നീക്കത്തിന് തുടക്കമിട്ട അമിത്ഷാ തന്നെ ബംഗാളിലെ പ്രവർത്തനത്തിനുള്ള ചുക്കാൻ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്..
നിലവിലെ പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്ക് പകരം് അമിത്ഷാ ദൗത്യം ചുമലിലേറ്റിയിരിക്കുകയാണ്. പത്തു വർഷം മുമ്പ് സിപിഎമ്മിനെ മറിച്ച് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബംഗാൾ ഭരണം പിടിച്ചെടുത്തതിന് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി തൃണമൂൽ നേതാക്കളെ അടർത്തിയെടുക്കുക എന്നതാണ് തന്ത്രമെന്ന് ബിജെപി പരസ്യമായി പ്രക്യാപിച്ചിട്ടുണ്ട്. ഇതോടെ പോരാട്ടം കടുക്കുകയാണ്. കഴിഞ്ഞ മാസം മമത ബാനർജിയുടെ ദീർഘകാല സഹപ്രവർത്തകനും വിശ്വസ്തനുമായ സുവേന്ദു അധികാരിയെ ബിജെപി അടർത്തിയെടുത്തിരുന്നു. അതേസമയം വെള്ളിയാഴ്ച യോഗം ചേർന്ന തൃണമൂൽ, ഈ പുറത്തുപോകലുകൾക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും, പ്രചാരണത്തിൽ ശ്ര്ദ്ധിക്കാനുമാണ് തീരുമാനിച്ചത്. പുറത്തുപോകുന്നവരെ പഴിക്കാനോ, പുലഭ്യം പറയാനോ മെനക്കെടരുതെന്നാണ് താഴേത്തട്ടിലുള്ള നേതാക്കൾക്ക് മുകളിൽ നിന്നുള്ള ഉത്തരവ്. അതിന്റെ പ്രത്യാഘാതത്തിൽ വോട്ടർമാർ എതിരാകുമെന്ന ആശങ്കയിലാണ് ഈ തീരുമാനം.
തമിഴ്നാട്ടിൽ ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരും
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. മധുരയിൽ ടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.എ.ഡി.എം.കെയുമായി ഒന്നിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
ബിജെപിയും എ.ഐ.എ.ഡി.എം.കെയും മറ്റ് സമാന ചിന്താഗതിക്കാരായ പാർട്ടികളും വരുംകാലങ്ങളിൽ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചുവെന്ന് ജെ.പി.നഡ്ഡയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എ.ഐ.എ.ഡി.എം.കെയും ബിജെപിയും തമ്മിൽ തർക്കങ്ങളുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിയും എ.ഐ.എ.ഡി.എം.കെ.യും ഒന്നിച്ചാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കുമെന്ന് എഐഎഡിഎംകെ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം ബിജെപി ഔദ്യോഗികമായി പ്രഖ്യപിച്ചിരുന്നില്ല. 2021 തിരഞ്ഞെടുപ്പിലും ബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം നേരത്തെ പറഞ്ഞിരുന്നു