- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്കുന: വിഭാഗീയത കത്തി നിൽക്കുന്ന കാലത്ത് ബർലിനെ പാർട്ടി പത്രം വിളിച്ച ഇരട്ടപ്പേര്; പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ നേതാക്കൾ പ്രസംഗിച്ചത് ബർലിന്റെ ശരീരം സായ്പിനെ പോലെ വെളുത്തിട്ടല്ലെന്ന്; വയോധികനോട് അവസാന കാലത്ത് സിപിഎം പെരുമാറിയത് ഇങ്ങനെ
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിലങ്ങനെയാണ് ചരിത്രം. പാർട്ടിയോട് ഇടഞ്ഞാൽ ഏതുകൊലകൊമ്പനായാലും പിന്നെ കരതൊടില്ല. സാമൂഹ്യബഹിഷ്‌കരണം, അസഭ്യം പറയലും താറടിക്കലും, ഇതിലൊന്നും ഒതുങ്ങുന്നില്ലെങ്കിൽ ഇന്നോവയും 51 വെട്ടും. ബർലിനെ സംബന്ധിച്ചു ഇതിൽ പറഞ്ഞ മൂന്നാമത്തെ കാര്യം ചെയ്യാൻ കഴിയാത്തതു കൊണ്ടു ബാക്കി രണ്ടും പാർട്ടി വൈരനിര്യാതനബുദ്ധിയോടെ ചെയ്തു. ചെയ്തുവെന്നു പറഞ്ഞാൽ പോരാ. ഇതുവരെ എവിടെയും പ്രയോഗിക്കാത്ത ഹൈവോൾട്ടേജിൽ തന്നെ അതു പ്രയോഗിച്ചു.
വയോധികനായ ആഗോള കമ്യൂണിസ്റ്റിനെ കൈക്കാര്യം ചെയ്യേണ്ട രീതിയിലല്ല പാർട്ടി, ബർലിനെ കൈക്കാര്യം ചെയ്തതെന്നു നാലാംലോക വിവാദക്കാലത്ത് ഇറങ്ങിയ ദേശാഭിമാനി പത്രം പരിശോധിച്ചാൽ വ്യക്തമാകും. ബക്കുന(ബർലിൻ കുഞ്ഞനന്തൻ നായർ) എന്ന ചുരുക്കപേരിലാണ് പരിഹാസത്തോടെ ശതമന്യുവെന്ന പേരിൽ കോളമെഴുതിയിരുന്ന പി. എം മനോജ് ബർലിനെ വിശേഷിപ്പിച്ചിരുന്നത്.
2005-ൽ ബർലിനെ പുറത്താക്കിയപ്പോൾ സിപിഎം നാറാത്ത് സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗത്തിൽ വളരെ നിന്ദ്യവും നികൃഷ്ടവുമായ രീതിയിലാണ് നേതാക്കൾ പ്രസംഗിച്ചത്. ബർലിന്റെ ശരീരം സായ്പിനെപ്പോലെ വെളുത്തിട്ടില്ലെന്നും ഇയാൾ ജർമനിയിൽ പോയതുകൊണ്ടല്ല വെള്ളപാണ്ടാണ് അതെന്നുമായിരുന്നു ഒരു ഉന്നത നേതാവിന്റെ പ്രസംഗം.
ബർലിനെ കിടത്തിയുറക്കാൻ പാർട്ടിയൊരു ചപ്രമഞ്ച കട്ടിൽ വാങ്ങിവയ്ക്കുമെന്നായിരുന്നു മറ്റൊരു നേതാവിന്റെ കൊലവിളി പ്രസംഗം. പാർട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന് മുഖത്ത് ഏറ്റ അടികളൊന്നായിരുന്നു ബർലിൻ മാതൃഭൂമിയിലെഴുതിയ ആത്മഥകഥയായ പൊളിച്ചെഴുത്ത്. പാർട്ടി പ്രവർത്തകന്മാർ പോലും അതുവായിക്കാനായി കാത്തുനിന്നു. അതിൽ ഒളിക്യാമറകൾ പറയാത്തത് എന്ന അധ്യായത്തിൽ വീണാവിജയനെ അമൃതാനന്ദമയിയുടെ സ്വാശ്രയ എൻജിനിയറിങ് കോളേജിൽ ചേർക്കാൻ കോയമ്പത്തൂരിൽ പോകുന്നത് എസ്. എഫ്. ഐ, ഡി.വൈ. എഫ്. ഐ പ്രവർത്തകർ സ്വാശ്രയകോളേജിനെതിരെ സമരം നടത്തി തെരുവിൽ ചോരയൊഴുക്കുമ്പോഴാണെന്ന് പ്രത്യേകം പറയുന്നുണ്ട്.
കൂത്തുപറമ്പ് രക്തസാക്ഷികളോട് പാർട്ടി അനീതികാണിച്ചുവെന്ന ബർലിന്റെ പരാമർശനം പലരെയും പൊള്ളിച്ചു. 1967-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ യോഗത്തിൽ നിന്നും ഇറങ്ങിവന്ന 16 പേരിൽ അവശേഷിക്കുന്ന ഏകകമ്യൂണിസ്റ്റുകാരനായ വി. എസിനൊപ്പം പാർട്ടി വിഭാഗീയതകാലത്ത് കൂടെ നിന്നുവെന്നായിരുന്നു കണ്ണൂർ സി.പി. എമ്മിനെ ബർലിനെതിരാക്കിയ ഘടകം. പാർട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനെ മൂന്നാംലോക വിവാദത്തിൽ ബർലിൻ പേരെടുത്തു പറഞ്ഞ് വിമർശിക്കുകയും തന്റെ പൊളിച്ചെഴുത്ത് എന്ന ആത്മകഥയിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പാർട്ടി കോടതിയുടെ കുറ്റപത്രം.
സാധാരണയായി വധശിക്ഷ വിധിക്കേണ്ടതായിരുന്നുവെങ്കിലും വന്ദ്യവയോധികനായാൽ മാനസികമായി കൊന്നാൽ മതിയെന്നു പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതോടെ ബർലിനെതിരെ ബഹിഷ്‌കരണം നടന്നത്. വി. എസിനോട് കണ്ണൂർ സന്ദർശനത്തിനിടെ ബർലിന്റെ വീട്ടിൽ പോയി സന്ദർശിക്കരുതെന്ന് പാർട്ടി സംസ്ഥാനസെക്രട്ടറിയും ഉഗ്രപ്രതാപിയുമായ പിണറായി വിജയൻ വിലക്കിയത് അന്നത്തെ വിവാദമായ സംഭവങ്ങളിലൊന്നായിരുന്നു. എന്നാൽ വി. എസ് ഇതിനു പുല്ലുവിലകൽപിച്ചുകൊണ്ടു അവിടെ പോവുകയും ബർലിനെ സന്ദർശിക്കുകയും ചെയ്തു.
ബർലിൻ വച്ചുനീട്ടിയ ഇളനീർ വി. എസ് കുടിക്കാഞ്ഞത് പാർട്ടിവിലക്ക് കാരണമാണെന്ന പ്രചാരണം എരതീയിയിൽ എണ്ണ പകരുന്നതുപോലെയായി മാറി. സി.പി. എം കോട്ടയായ നാറാത്ത് ബർലിന് ബഹിഷ്‌കരണം ഏർപ്പെടുത്തിയതോടെ പാൽ, പത്രം, മത്സ്യം. വാഹനസൗകര്യം എന്നിവ നിഷേധിക്കപ്പെട്ടു. പാർട്ടിയെ പേടിച്ചു കടക്കാർ സാധനങ്ങൾ വിൽക്കാതെയായി. ബർലിന്റെ വീട്ടിലുള്ള വൈദ്യുതി ലൈന്മാത്രം എപ്പോഴും തകരാറിലായി. വീട്ടിൽ പോസ്റ്റുമാൻ ദിവസവും എത്തിച്ചു നൽകുന്ന വധഭീഷണികത്തുകൾ മാത്രം ബാക്കിയായി.
ഇങ്ങനെ ഏറെക്കാലം ഒറ്റപ്പെട്ടുകഴിയുമ്പോഴാണ് സി.പി. എമ്മിലെ വിഭാഗീയതയുടെ പെരുംമഴ തീർന്നത്. ആയുധംവെച്ചുകീഴടങ്ങിയ വി. എസ് വെറും ഭരണഘടനപരിഷ്‌കാര ചെയർമാനായി വിശ്രമജീവിതം നയിച്ചു. ഇതോടെ ബർലിനെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള നയതന്ത്രം കണ്ണൂരിലെ പാർട്ടി പുറത്തെടുത്തു. 2005-ൽ പുറത്താക്കിയ പാർട്ടി അംഗത്വം 2015-ൽ തിരിച്ചുനൽകുകയും വയോധികനായ ബർലിനെ പൂർണമായ തോതിൽ പാർട്ടി ഏറ്റെടുക്കുകയും പുറത്തുള്ള മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. ബർലിന്റെ വീട്ടിലേക്ക് ആരെങ്കിലും കോൾ ചെയ്താൽ അതുപോലും പാർട്ടി അറിയുന്ന സംവിധാനത്തിലേക്ക് ബർലിന്റെ അവസാനകാല ജീവിതം മാറിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്