കോഴിക്കോട്: ഓണക്കാലത്ത് മദ്യപരുടെ മനം അറിഞ്ഞ് സന്തോഷിപ്പിക്കാൻ ബിവേറേജസ് കോർപറേഷൻ. ടോക്കൺ ലഭിക്കാത്തതിലെ പ്രതിസന്ധിയും അധിക വിൽപനയും ലക്ഷ്യമിട്ടാണ് മദ്യശാലകളിൽ രണ്ട് മണിക്കൂർ കൂടുതൽ പ്രവർത്തിപ്പിക്കാൻ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 

ബെവ്ക്യൂ ആപ്പ് വഴിയുള്ള ടോക്കണില്ലാതെ കൺസ്യൂമർഫെഡ് മദ്യശാലകളിലും ബാറുകളിലും മദ്യം യഥേഷ്ടം വിൽക്കുന്ന അവസരത്തിലാണ് ഭീമമായ നഷ്ടം ഒഴിവാക്കാൻ സർക്കാർ നീക്കം. വിൽപ്പന സമയം രാവിലെ ഒമ്പതുമുതൽ ഏഴുവരെയാക്കാൻ തീരുമാനിച്ചു. ബെവ്ക്യൂ ആപ്പിന് ഇനി സമയപരിധി ഇല്ല. ഇതോടെ ഓണക്കാലത്ത് എല്ലാദിവസവും ബുക്കിങ് നടത്താനാകും.

അതേസമയം തിരക്ക് ഏറിയാൽ ടോക്കണില്ലാതെ വിൽപ്പന നടത്താനുള്ള സാധ്യതയും ഉണ്ട്. രണ്ട്ലക്ഷത്തിൽ താഴെ ടോക്കണുകളാണ് സാധാരണ ദിവസങ്ങളിൽ ബുക്കിംഗിലൂടെ ലഭിക്കുന്നത്.എന്നാൽ അതിലും എത്രയോ ഇരട്ടി മദ്യം ബാറുകളിലൂടെയും കൺസ്യുമർ ഫെഡ് ശാഖകളിലൂടെയും ആളുകൾ വാങ്ങുന്നുണ്ട്. ബവ്കോയുടെ 267 ഔട്ട്ലെറ്റുകളിൽ ഒരു ദിവസം ശരാശരി 22 കോടി രൂപ മുതൽ 32 കോടി രൂപവരെയുള്ള കച്ചവടമാണ് നടക്കുന്നതെന്നാണ് കണക്ക്.

ബാറുകളില ഇത് 40 കോടിയോളം വരും. ബുക്കിംഗിലൂടെ ലഭിക്കുന്ന ടോക്കൺ അധികവും ബാറുകളിലേക്കാണ് താനും. അതായത് ഒരാൾ മദ്യം ബുക്ക് ചെയ്യുമ്പോൾ ടോക്കൺ ആവശ്യമില്ലാത്ത ബാറുകളിലേക്ക് ടോക്കൺ ലഭിക്കുകയും അതുവഴി ആ അവസരം ഉപയോക്താവിന് നഷ്ടമാകുകയും ചെയ്യുന്നു.36 മദ്യഷോപ്പുകളും മൂന്ന് ബിയർ പാർലറുമാണ് കൺസ്യൂമർഫെഡിനുള്ളത്.അതുകൊണ്ടുതന്നെ ഇവിടെ ടോക്കണില്ലാത്ത വിൽപ്പനയിലൂടെ പത്ത് കോടിയോളം രൂപ വരുമാനമുണ്ട്.

കോഴിക്കോട് ജില്ലയിലെ സരോവരത്തെ കൺസ്യൂമർഫെഡ് ഔട്ട്ലെറ്റിൽ കോറോണ പടർന്നു പിടിക്കുമ്പോൾ പോലും രജിസ്റ്ററിൽ പേരും നമ്പറും എഴുതുന്നത് പോലും ഒഴിവാക്കി മദ്യവിൽപ്പന നടത്തിയിരുന്നു.അത് ഇപ്പോഴും തുടരുന്നു. അതേ സമയം കൊറോണ രോഗികൾ ദിനം പ്രതി പതിനായിരം കടക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യ മന്ത്രിയുൾപ്പെടെ നൽകിയിട്ടും ഇത്തരമൊരു തീരുമാനം എടുത്തത് സർക്കാരിന് വരുമാനം വർധിപ്പിക്കാനാണെന്നും ആക്ഷേപമുണ്ട്.ഓണാഘോഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസമാണ് സർക്കാർ പുറത്തിറക്കിയത്.