- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ പിടിച്ചു കെട്ടാൻ രാജ്യത്ത് പരീക്ഷണം പുരോഗമിക്കുന്നത് മൂന്ന് കമ്പനികളുടെ വാക്സിൻ; ഭാരത് ബയോടെക്കിന്റെ കോവാക്സീൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, സീറം ഓക്സ്ഫഡ് കോവീഷീൽഡ് എന്നിവ പരീക്ഷണത്തിന്റ നിർണായക ഘട്ടത്തിൽ
ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീൻ (കോ വാക്സീൻ) അടുത്ത വർഷം പകുതിയോടെ എത്തിയേക്കുമെന്ന് അധികൃതർ പറഞ്ഞു. 14 സംസ്ഥാനങ്ങളിൽ 30 കേന്ദ്രങ്ങളിലായി വാക്സീൻ മൂന്നാംഘട്ട പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. ഓരോയിടത്തും 2000 പേരെ വീതം ഈ മാസം ചേർക്കും.ഐസിഎംആർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുടെ സഹകരണത്തോടെയാണു പരീക്ഷണം. ഭാരത് ബയോടെക് 350400 കോടി രൂപയാണു പരീക്ഷണങ്ങൾക്കായി നിക്ഷേപിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഇതിനിടെ, രാജ്യത്ത് കോവിഡ് കേസുകളിൽ സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ 30% കുറവുണ്ടായെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി.24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 46,963 കേസുകൾ. മരണം 470. സുഖം പ്രാപിക്കുന്നവരുടെ നിരക്ക് 91.54% ആയി. ഇതുവരെ 82 ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ആകെ മരണം 1.22 ലക്ഷം. രാജ്യത്ത് പുരോഗമിക്കുന്നത് മൂന്ന് കമ്പനികളുടെ വാക്്സിൻ പരീക്ഷണമാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സീൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, സീറം ഓക്സ്ഫഡ് കോവീഷീൽഡ് എന്നിവയാണവ. വാക്സീനുകളുടെ ഗവേഷണ പുരോഗതി വിലയിരുത്താൻ വിദ്ഗധസമിതി രൂപീകരിച്ച്, വാക്സീൻ വിപണനത്തിനടക്കം മാർഗരേഖ തയ്യാറാക്കി ദിവസങ്ങൾക്കുള്ളിലാണു പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നതും പ്രതീക്ഷയേറ്റുന്നു. ഇന്ത്യ കാത്തിരിക്കുന്ന 3 വാക്സീനുകളുടെ പരീക്ഷണം ഏതുഘട്ടത്തിലാണ് എന്ന് നോക്കാം.
കോവാക്സിൻ പൂർണമായും ഇന്ത്യൻ നിർമ്മിത വാക്സീനാണിത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, ഐസിഎംആർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവർ ചേർന്നാണു കോവാക്സിൻ തയ്യാറാക്കുന്നത്. നിർണായക മനുഷ്യ പരീക്ഷണം ഡൽഹി എയിംസിലടക്കം പുരോഗമിക്കുന്നു. വാക്സീനാവശ്യമായ വൈറസ് സ്ട്രെയിൻ മുതൽ ഇതിന്റെ ഗവേഷണത്തിൽ പങ്കാളിയാവുന്നവരടക്കം പൂർണമായും ഇന്ത്യയിൽ നിന്നാണ്. ജൂലൈ പകുതിയിൽ ആരംഭിച്ച ഒന്നാംഘട്ട മനുഷ്യപരീക്ഷണത്തിന്റെ പ്രാഥമിക ഫലം പൂർണവിജയമെന്നാണു റിപ്പോർട്ടുകൾ. 750പേരിലെ രണ്ടാംഘട്ട മനുഷ്യപരീക്ഷണം സെപ്റ്റംബർ ആദ്യം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പരീക്ഷണം വിജയകരമായാൽ വരും വർഷം ആദ്യപകുതിയോടെ വാക്സീൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിനുപുറമെ 2 വിദേശ സ്ഥാപനങ്ങളുമായി ചേർന്നും കോവിഡ് വാക്സിൻ പരീക്ഷണം ഭാരത് ബയോടെക് നടത്തുന്നുണ്ട്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൻസൺമാഡിസൺ യൂണിവേഴ്സിറ്റിയുമായി ചേർന്നു രൂപം നൽകിയ കോറോഫ്ളൂ ആണ് ഒന്ന്. യുഎസിലെ തോമസ് ജഫേഴ്സൺ സർവകലാശാലയുമായി ചേർന്ന് മറ്റൊരു വാക്സീനുള്ള ശ്രമവും തുടരുകയാണ്.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെഡസ് കാൻഡിലയുടെ സൈക്കോവ് ഡി ആണ് രണ്ടാമത്തേത്. ജൂലൈ 15ന് 1048പേരിൽ ആരംഭിച്ച ഒന്നാംഘട്ട മനുഷ്യപരീക്ഷണം വിജയകരമായി പൂർത്തിയാക്കി. രണ്ടാംഘട്ട മനുഷ്യപരീക്ഷണം ഈ മാസം എട്ടിന് 1000പേരിൽ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബറോടെ ഏറെ നിർണായകമായ അവസാനഘട്ടം പൂർത്തിയാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന സീറംഓക്ഫെഡ് കോവീ ഷീൽഡ് ആണ് മൂന്നാമത്തേത്. പരീക്ഷണം വിജയകരമായാൽ നവംബർ അവസാനം വിപണിയിലെത്തിക്കും എന്ന് കമ്പനി അവകാശപ്പെടുന്ന വാക്സീൻ കൂടിയാണിത്. ആയിരം രൂപയ്ക്കോ അതിൽ താഴെയോ വിലയ്ക്ക് വാക്സീൻ വിപണിയിലെത്തിക്കുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. പരീക്ഷണ ഘട്ടത്തിൽത്തന്നെ വാക്സീൻ മുൻകൂർ നിർമ്മിക്കുന്ന ഏക കമ്പനിയും സീറം മാത്രമാണ്. പരീക്ഷണം വിജയമായാൽ കാലതാമസമില്ലാതെ ജനങ്ങൾക്കു വാക്സീൻ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണിത്.
മറുനാടന് ഡെസ്ക്