പാലാ: കാര്‍ഗില്‍ യുദ്ധവീരന്‍ അന്തരിച്ച കേണല്‍ ബേബി മാത്യു ഇലവുങ്കലിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും യുവാക്കളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിനുമായി കേണല്‍ ബേബി മാത്യു ഫൗണ്ടേഷന്‍ രൂപീകരിച്ചു.

പാലാ സെന്റ് തോമസ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയശേഷം 1977 ല്‍ ബേബി മാത്യു ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ കാശ്മീരിലെ ജബ്ബാര്‍ ഹില്‍സില്‍ ഇന്ത്യന്‍ ആര്‍മിയുടെ 255 ആം ഫീല്‍ഡ് ആര്‍ട്ടിലെറി റെജിമെന്റിന്റെ കമാഡിംഗ് ഓഫീസറായി പ്രവര്‍ത്തിച്ചു പാക്കിസ്ഥാന്‍ മണ്ണില്‍ കടന്നു കയറി യുദ്ധം നയിച്ചു.

1987 ല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ ലഡാക്കിലെ സിയാച്ചിന്‍ ഓപ്പറേഷന്‍ 'മേഘദൂതി'ല്‍ പങ്കെടുത്തു. ഓപ്പറേഷന്‍ 'റെയ്‌നോ' എന്നറിയപ്പെടുന്ന ആസാമിലെ കാമറൂക്ക്, ബാര്‍ബെട്ട തുടങ്ങിയ ജില്ലകളിലെ ഉള്‍ഫാ - ബോഡോ ഭീകരവാദികളെ അമര്‍ച്ച ചെയ്യുന്നതിലും മുഖ്യ പങ്കുവഹിച്ചു. എന്‍ സി സി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ പദവിയും വഹിച്ചിട്ടുണ്ട്. നിരവധി സൈനിക മെഡലുകള്‍ക്കും അര്‍ഹനായിട്ടുണ്ട്. 2023 ല്‍ 69 മത്തെ വയസില്‍ അന്തരിച്ചു.

കേണല്‍ ബേബി മാത്യു ഫൗണ്ടേഷന്റെ ഉദ്ഘാടനം ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് നാളെ (24/08/2024) രാവിലെ 9 ന് ളാലം പഴയപള്ളി പാരീഷ് ഹാളില്‍ ലഫ്റ്റനന്റ് ജനറല്‍ മൈക്കിള്‍ മാത്യൂസ് നിര്‍വ്വഹിക്കും.

ഫൗണ്ടേഷന്‍ ഭാരവാഹികളായി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍ (രക്ഷാധികാരി ), ജോണ്‍സണ്‍ പാറന്‍കുളങ്ങര ( ചെയര്‍മാന്‍), എബി ജെ ജോസ് (വൈസ് ചെയര്‍മാന്‍), ജോസ് പാറേക്കാട്ട് (ജനറല്‍ സെക്രട്ടറി), സെബി പറമുണ്ട (ജോയിന്റ് സെക്രട്ടറി), തരുണ്‍ മാത്യു (ട്രഷറര്‍) മുനിസിപ്പല്‍ കൗണ്‍സിലര്‍ തോമസ് പീറ്റര്‍, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി മീനാഭവന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോസ് ജെ ചീരാംകുഴി ( ഉപദേശകസമിതി) എന്നിവരെ തിരഞ്ഞെടുത്തു.