കൊച്ചി : ഇന്ത്യന്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ദി ലിവറിന്റെ 32 -ാമത് ശാസ്ത്ര സമ്മേളനത്തില്‍ അമൃത ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ വത്സന്‍ അവതരിപ്പിച്ച പ്രബന്ധത്തിനാണ് മികച്ച ഗവേഷണത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

'ഷേപ്പിങ് ദി ഫ്യൂറ്റര്‍ ഓഫ് ഹെപ്പറ്റോളജി' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അവതരിപ്പിച്ച 1400ല്‍പരം ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നാണ് പുരസ്‌കാരാര്‍ഹമായ പഠനം തിരഞ്ഞെടുക്കപ്പെട്ടത്.

ഗുരുതരമായ കരള്‍രോഗമുള്ളവരില്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതിനാല്‍ സംഭവിക്കാവുന്ന സങ്കീര്‍ണ്ണതകളെപറ്റിയും ശരീരത്തിലെ ജലാംശം ക്രമീകരിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളെ അത്തരം ഘട്ടത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ചുമാണ് ഡോക്ടര്‍മാരുടെ സംഘം ഗവേഷണം നടത്തിയത്.

2019 ഓഗസ്റ്റ് മുതല്‍ 2023 ജൂലൈ വരെ അമൃതയില്‍ നടന്ന പഠനത്തില്‍ ഡോ. സുബൈര്‍ ഉമര്‍ മുഹമ്മദിന്റെ ഗവേഷണ നേതൃത്വത്തില്‍ ഡോ. അരുണ്‍ വത്സന്‍, അന്ന പോള്‍, ഡോ. ജോര്‍ജ് മലയില്‍, ഡോ. എസ്. സുധീന്ദ്രന്‍, ഡോ. ഉണ്ണികൃഷ്ണന്‍ .ജി, ഡോ. ദിനേശ് ബാലകൃഷ്ണന്‍, ഡോ. അനൂപ് കോശി, ഡോ. ലക്ഷ്മി കുമാര്‍, സായി ബാല, ഡോ. നിപുണ്‍ വര്‍മ്മ എന്നിവരും പങ്കാളികളായി.

മെയ് മാസത്തില്‍ ഇറ്റലിയിലെ മിലാനില്‍ യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ദി ലിവര്‍ സംഘടിപ്പിച്ച കോണ്‍ഗ്രസില്‍ ഈ പ്രബന്ധം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ബെസ്‌ററ് ഓറല്‍ പ്രസന്റേഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.