കൊച്ചി (ആഗസ്റ്റ് 20, 2024): കൊച്ചി നഗരത്തിനായി തയ്യാറാക്കിയ സമഗ്ര മൊബിലിറ്റി പ്ലാന്‍ (സിഎംപി) കരട് പരിഷ്‌കരിക്കരിക്കണമെന്നും, കരടിന് മറുപടി നല്‍കാനുള്ള സമയം നീട്ടണമെന്നും ഗതാഗത വിദഗ്ധര്‍ ആവശ്യപ്പെട്ടു. കെഎംആര്‍എലിന് വേണ്ടി അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനി (യുഎംടിസി) തയ്യാറാക്കിയ സിഎംപി കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി കൊച്ചിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍) നടത്തിയ പരിപാടിയിലാണ് ആവശ്യം ഉര്‍ന്നത്. മുന്‍ കൊച്ചി മേയര്‍ കെ ജെ സോഹന്‍, മോട്ടോര്‍ വാഹന വകുപ്പ് മുന്‍ സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ബി ജെ ആന്റണി, കെഎംടിഎ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ജി പി ഹരി, സിപിപിആര്‍ ചെയര്‍മാന്‍ ഡോ. ഡി ധനുരാജ് തുടങ്ങിയവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

സിഎംപി കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കൊച്ചിയുടെ അടുത്ത 30 വര്‍ഷത്തേക്കുള്ള വിവിധ ഗതാഗത നിര്‍ദ്ദേശങ്ങള്‍, ഘട്ടം തിരിച്ചുള്ള ഗതാഗത വികസനങ്ങള്‍ എന്നിവ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. സിറ്റി ബസ് സര്‍വീസുകള്‍ യുക്തിസഹമാക്കുന്നതിനുള്ള പൊതുഗതാഗത നയങ്ങള്‍, മെട്രോ ശൃംഖലയുടെ വിപുലീകരണം, ഓട്ടോറിക്ഷകള്‍, ഉള്‍നാടന്‍ ജലപാതകള്‍, എന്‍എംടി അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍ക്കിംഗ് നയങ്ങള്‍, സാങ്കേതിക പുരോഗതി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.