കൊച്ചി : മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നൂതന ചുവടുവയ്പായി കേരളത്തിലെ ആദ്യ വെര്‍ച്വല്‍ അനാട്ടമി ടേബിള്‍ അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെല്‍ത്ത് സയന്‍സസ് ക്യാമ്പസില്‍ പ്രവര്‍ത്തന സജ്ജമായി. യഥാര്‍ത്ഥ മൃതദേഹങ്ങളില്‍ നിന്നുള്ള വിവരങ്ങളും ആധുനിക വിഷ്വലൈസേഷന്‍ സാങ്കേതിക വിദ്യയും കോര്‍ത്തിണക്കി ശരീരത്തെ അതിന്റെ യഥാര്‍ത്ഥ വലിപ്പത്തില്‍ പുനസൃഷ്ടിച്ച് ഡിജിറ്റല്‍ പ്ലേറ്റ്‌ഫോമിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് 'അനാട്ടമേജ്' വെര്‍ച്വല്‍ അനാട്ടമി ടേബിളിന്റെ സവിശേഷത.

സ്‌കൂള്‍ ഓഫ് മെഡിസിനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെര്‍ച്വല്‍ അനാട്ടമി ടേബിള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ അനാട്ടമി ലാബ് പ്രോവസ്റ്റും അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പ്രേം നായര്‍ ഉല്‍ഘാടനം ചെയ്തു. ഡോ. കെ.പി ഗിരീഷ് കുമാര്‍, ഡോ. മിനി പിള്ളൈ, ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. ആശ. ജെ. മാത്യു, ഡോ. രതി സുധാകരന്‍, ഡോ. നന്ദിത എന്നിവര്‍ക്കൊപ്പം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

മൃതദേഹങ്ങള്‍ ഉപയോഗിച്ചുള്ള പഠനത്തെ വെര്‍ച്വല്‍ അനാട്ടമി ടേബിള്‍ ഇന്ററാക്റ്റീവായ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നു . ശരീരഭാഗങ്ങളുടെ ത്രീഡി അവതരണത്തിലൂടെ സങ്കീര്‍ണ്ണമായ ശരീരഘടനകളെ അടുത്തറിയാനും റിയല്‍ ടൈം ക്ലിനിക്കല്‍ സിമുലേഷന്‍ വഴി രോഗങ്ങള്‍ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാനും സാധിക്കുമെന്ന് അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.പി ഗിരീഷ് കുമാര്‍ പറഞ്ഞു. അമൃത ഹെല്‍ത്ത് സയന്‍സസ് ക്യാമ്പസിലെ അയ്യായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടും.

രോഗനിര്‍ണയം, ശസ്ത്രക്രിയകളുടെ ആസൂത്രണം, എന്നിവയ്‌ക്കൊപ്പം രോഗികളോടുള്ള ആശയവിനിമയത്തിനും അനാട്ടമേജ് ടേബിള്‍ ഉപയോഗപ്പെടുന്നു. മെഡിക്കല്‍ ട്രെയിനികള്‍ക്ക് ഡിസെക്ഷന്‍,ക്രേനിയോട്ടമി, അള്‍ട്രാസൗണ്ട്, കത്തീറ്ററൈസേഷന്‍ എന്നിവ സുരക്ഷിതമായി പരിശീലിക്കാനും തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യത കുറച്ച് കൃത്യതയാര്‍ന്ന ശസ്ത്രക്രിയകള്‍ക്കും പ്രൊസീജ്യറുകള്‍ക്കും വഴിയൊരുക്കാനും ഇതിനാല്‍ സാധിക്കുന്നു. വെര്‍ച്വല്‍ അനാട്ടമി ടേബിളിലെ ആയിരക്കണക്കിന് പേഷ്യന്റ് കേസുകളും ഹിസ്റ്റോളജി സ്‌കാനുകളും വിവിധങ്ങളായ രോഗകാരണങ്ങളും കോശഘടനകളും മനസ്സിലാക്കാന്‍ സഹായിക്കുന്നു.

യഥാര്‍ത്ഥ മൃതദേഹങ്ങളില്‍ നിന്നുമുള്ള ശീതീകരിച്ച ശരീരഭാഗങ്ങളില്‍ നിന്ന് രൂപകല്പന ചെയ്ത ഡിജിറ്റല്‍ കഡാവറുകളായതിനാല്‍ തന്നെ ഉയര്‍ന്ന വ്യക്തതയോടെ അവയുടെ യഥാര്‍ത്ഥ വലുപ്പത്തില്‍ ത്രീഡി ദൃശ്യമായി അവതരിപ്പിക്കാന്‍ സാധിക്കുന്നു. പുരുഷന്റെയും സ്ത്രീയുടെയും വാര്‍ദ്ധക്യ ബാധിതന്റെയും, ഗര്‍ഭിണിയുടെയും ശരീരങ്ങള്‍ 0.5 മില്ലി മീറ്റര്‍ വരെ സൂക്ഷ്മതയോടെ ഉയര്‍ന്ന ദൃശ്യനിലവാരത്തില്‍ വെര്‍ച്വല്‍ അനാട്ടമി ടേബിളില്‍ ലഭ്യമാണ്. ഈ ശരീരങ്ങളിലെ രക്തചംക്രമണ വ്യവസ്ഥയും പൂര്‍ണ്ണമായി ചിത്രീകരിച്ചിരിക്കുന്നു. പഠനത്തിനും വിശകലനങ്ങള്‍ക്കുമായി ആയിരക്കണക്കിന് ശാരീരിക ഘടനകളെ ഈ സംവിധാനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് സുവ്യക്തമായ അനാട്ടമി വിശകലനങ്ങള്‍ക്ക് പ്രയോജനപ്പെടും.