- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറൈന്‍ ഫിഷറീസ് സെന്‍സസ്:രാജ്യവ്യാപക മത്സ്യഗ്രാമ വിവരസ്ഥിരീകരണം തുടങ്ങി
കൊച്ചി: അഞ്ചാമത് മറൈന്‍ ഫിഷറീസ് സെന്‍സസിന്റെ പ്രാരംഭ നടപടിയായി ഇന്ത്യയിലെ എല്ലാ മത്സ്യഗ്രാമങ്ങളിലെയും അടിസ്ഥാന വിവരങ്ങള്‍ നിജപ്പെടുത്തുന്നതിനുള്ള രാജ്യവ്യാപക ദൗത്യത്തിന് തുടക്കമായി. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) വിവരസ്ഥിരീരികരണം നടത്തുന്നത്.
മത്സ്യഗ്രാമങ്ങളുടെ പുതുക്കിയ വിവരങ്ങള്‍ ശേഖരിച്ച് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന സമഗ്രമായ ഗാര്‍ഹികതല കണക്കെടുപ്പിന് അടിത്തറയൊരുക്കുകയാണ് ലക്ഷ്യം. സിഎംഎഫ്ആര്‍ഐ, ഫിഷറി സര്‍വേ ഓഫ് ഇന്ത്യ എന്നിവയിലെ നൂറില്‍പ്പരം ഉദ്യോഗസ്ഥര്‍, രാജ്യത്തെ മുഴുവന്‍ സമുദ്രമത്സ്യഗ്രാമങ്ങളും സന്ദര്‍ശിച്ച് കഴിഞ്ഞകാല ഡേറ്റ നിലവിലെ അവസ്ഥ വെച്ച് സ്ഥിരീകരിക്കും. ഗ്രാമങ്ങളുടെ അതിര്‍ത്തികള്‍ ജിയോടാഗ് ചെയ്യുകയും ഗാര്‍ഹികതല കണക്കെടുപ്പിന് പുതുക്കിയ വിവരങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യും.
ഇതിനായി സിഎംഎഫ്ആര്‍ഐ വികസിപ്പിച്ച 'വ്യാസ്-നാവ്' എന്ന പ്രത്യേക ഓണ്‍ലൈന്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജനക്ക് കീഴിലാണ് മറൈന്‍ സെന്‍സസ് നടക്കുന്നത്. സെന്‍സസ് നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയാണ് സിഎംഎഫ്ആര്‍ഐ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സംസ്ഥാന ഫിഷറീസ് വകുപ്പുമായും സഹകരിച്ചാണ് രണ്ടാഴ്ച നീളുന്ന വിവരസ്ഥിരീകരണം നടക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നവംബറില്‍ ആരംഭിക്കുന്ന പ്രധാന സെന്‍സസിന് ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യുക. ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവും പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ല-സംസ്ഥാന തലങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട.
നവംബറില്‍ ആരംഭിക്കുന്ന ഗാര്‍ഹികതല കണക്കെടുപ്പ് വിജയകരമാക്കുന്നതിന് മത്സ്യഗ്രാമങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള രൂപരേഖ അനിവാര്യമാണെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി നീതുകുമാരി പ്രസാദ് വ്യക്തമാക്കി.
വിവരസ്ഥീരീകരണത്തിനൊപ്പം, പ്രധാന സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാദേശിക എന്യൂമറേറ്റര്‍മാരെ കണ്ടെത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക സാമ്പത്തിക നിലവാരം, ജീവനോപാധികള്‍ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് മറൈന്‍ സെന്‍സസിന്റെ ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാവശ്യമായ ഫലപ്രദമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഈ വിവരങ്ങള്‍ അനിവാര്യമാണ്.




