തിരുവല്ല: ഇന്‍സ്റ്റാഗ്രാം പ്രണയത്തിനൊടുവില്‍ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കാമുകനും കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയ പഴയ പീഡനത്തില്‍ അമ്പത്തിയേഴുകാരനും അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല മരുത്വാര്‍വെട്ടം ഗീതാ കോളനിയില്‍ കിച്ചു എന്ന് വിളിക്കുന്ന കൃഷ്ണജിത്ത് (20), കുറ്റപ്പുഴ ചുമത്ര കോട്ടാലി ആറ്റുചിറയില്‍ ചന്ദ്രാനന്ദന്‍ (57) എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കൃഷ്ണജിത്ത് വിവാഹ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പത്തനംതിട്ട ശിശുക്ഷേമസമിതി മുന്‍കൈയെടുത്ത് കോഴഞ്ചേരി വണ്‍സ് സ്റ്റോപ്പ് സെന്ററില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയപ്പോഴാണ് അമ്പത്തിയേഴുകാരന്റെ

ലൈംഗികാതിക്രമത്തെ പറ്റി വെളിപ്പെടുത്തിയത്.

ഫെബ്രുവരി 9 ന് രാത്രി 9 നാണ് യുവാവ് കുട്ടിയെ കടത്തിക്കൊണ്ടു പോയത്. തുടര്‍ന്ന് ചേര്‍ത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണിയോടെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടി കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താമസിച്ചു വരുന്നതായി വിവരം ശിശു ക്ഷേമ സമിതിയില്‍ നിന്നും ലഭിച്ചതുപ്രകാരം, തിരുവല്ല പോലീസ് അവിടെയെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഇന്നലെ കേസെടുക്കുകയായിരുന്നു. കഴിഞ്ഞമാസം 20 മുതല്‍ ഇവിടെ പാര്‍പ്പിക്കപ്പെട്ട കുട്ടിക്ക് ശിശു ക്ഷേമ സമിതി മുന്‍കൈയ്യെടുത്ത് കൗണ്‍സിലിംഗ് ലഭ്യമാക്കി.

അച്ഛന്റെ ഫോണില്‍ രാത്രി 9 മണിക്ക് ശേഷം വിളിച്ചിറക്കിയാണ് പ്രതി കുട്ടിയെ കടത്തികൊണ്ടുപോയതെന്ന് മൊഴിയില്‍ പറയുന്നു. പിറ്റേന്ന് പുലര്‍ച്ചെ വീട്ടിലെത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നും, വിവാഹം കഴിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. വൈകിട്ട് 4 ന് വീട്ടില്‍ കൊണ്ടാക്കിയതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. വിവരം ആരെങ്കിലും അറിഞ്ഞാല്‍ യുവാവ് തന്നെ വിട്ടു പോകുമെന്നും കല്യാണം കഴിക്കാതിരിക്കുമെന്നും ഭയപ്പെട്ടിരുന്നതായും, മുമ്പ് പലതവണ പരസ്പരം പലയിടങ്ങളില്‍ വച്ച് കണ്ടിട്ടുണ്ടെന്നും, കെ എസ് ആര്‍ ടി സി ബസിലാണ് പ്രതിയുടെ വീട്ടില്‍ പോയതെന്നും മറ്റും മൊഴിനല്‍കി.

തുടര്‍ന്ന്, പ്രതിക്കായി നടത്തിയ തെരച്ചിലില്‍ തൃപ്പൂണിത്തുറയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. മൊബൈലില്‍ കുട്ടിയെ ഫോട്ടോ കാട്ടി തിരിച്ചറിയുകയും മറ്റ് നടപടികള്‍ക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു..പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി, മൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

കുട്ടി ഏഴാം ക്ലാസ് പഠിക്കുമ്പോള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നു പിടിച്ച് ലൈംഗിക അതിക്രമം കാട്ടിയതിനാണ് ചന്ദ്രാനന്ദനെ

അറസ്റ്റ് ചെയ്തത്. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 31 നുമിടയിലാണ് സംഭവം. കുട്ടിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത തിരുവല്ല പോലീസ് പ്രതിയെ ഉടനടി പിടികൂടി.

ഉടുവസ്ത്രം അഴിച്ചുകാട്ടുകയും കുട്ടിയെ അസഭ്യവാക്കുകളും മറ്റും പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്നും മൊഴിയിലുണ്ട്. കുടിക്കാന്‍ വെള്ളം എടുത്തു കൊടുക്കാന്‍ ആവശ്യപ്പെട്ട ശേഷം എടുത്തു കൊടുക്കുമ്പോഴാണ് ഇയാള്‍ തന്റെ വീട്ടില്‍ വച്ച് മടിയില്‍ പിടിച്ചിരുത്തി ലൈംഗികമായി ഉപദ്രവിച്ചത്. ഭയന്നിട്ടാണ് അന്ന് ആരോടും പറയാഞ്ഞതെന്നും കൗണ്‍സിലിംഗിനിടെ കുട്ടി പറഞ്ഞു.

പ്രതിയെ വീടിനു സമീപത്ത് നിന്നും ഉടനെ തന്നെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ കുട്ടിയെകാട്ടി ഇയാളെ തിരിച്ചറിഞ്ഞു.തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. സംഘത്തില്‍ എസ്.ഐ ഐ ഷിറാസ്, ഏ എസ് ഐ ജയകുമാര്‍ എസ് സി പി ഓമാരായ ജയ, അഖിലേഷ്, സി.പി.ഓ അവിനാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.