കൊച്ചി: സുസ്ഥിരവികസനം സംബന്ധിച്ച് കൃത്യമായ ലക്ഷ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി 'സുസ്ഥിരനിര്‍മ്മാണം- നൂതനസാങ്കേതികതയും സമ്പ്രദായങ്ങളും' എന്ന വിഷയത്തില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ യുഎല്‍ അന്താരാഷ്ട്ര സുസ്ഥിരനിര്‍മ്മാണ കോണ്‍ക്ലേവ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്ട്രസഭ 2030-ലേക്കു പ്രഖ്യാപിച്ചിട്ടുള്ള 17 സുസ്ഥിരവികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണു കേരളം. അതില്‍നിന്ന് ഇനിയും നമുക്ക് ഏറെ മുന്നോടു പോകണം. അതിനുള്ള പദ്ധതികളാണ് ആവശ്യം. ഒപ്പം വികസനരംഗത്തെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുകയും വേണം. അതില്‍ പ്രധാനമാണ് സുസ്ഥിരവികസനം. കേരളസര്‍ക്കാര്‍ അത്തരം രീതികള്‍ക്കാണ് ഊന്നല്‍ നല്കിവരുന്നത്.

എന്നാല്‍ അക്കാര്യത്തില്‍ ആഗോളതലത്തില്‍ ഉണ്ടാകേണ്ട സഹകരണവും കൂട്ടായ തീരുമാനവും വേണ്ടത്ര ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ മറ്റാരെയും കാത്തുനില്ക്കാതെ നാം നമ്മുടേതായ രീതികളിലേക്കു കടക്കണം. ഒപ്പം, കാലാവസ്ഥാവ്യതിയാനം മൂലം വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതിദുരന്തങ്ങള്‍ തടയാനും പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കാനും വേണ്ട അന്വേഷണങ്ങളും വേണം. നീണ്ട കടലോരം അനുഗ്രഹംപോലെതന്നെ ആപത്ക്കരവും ആകുകയാണ്. ചെല്ലാനത്തെ ടെട്രാപോഡ് തീരസംരക്ഷണം വിജയപ്രദമാണെങ്കിലും കൂടുതല്‍ പരിസ്ഥിതിസൗഹൃദമായ മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടതുമുണ്ട്.

സുസ്ഥിരവികസനമെന്നു ധാരാളം കേള്‍ക്കുന്നുണ്ടെങ്കിലും അതു ശരിയായ അര്‍ത്ഥത്തില്‍ നടപ്പാകുന്നില്ല. ഒരു നിര്‍മ്മാണത്തിന് ആശയം രൂപപ്പെടുമ്പോള്‍ മുതല്‍ പൂര്‍ത്തീകരണംവരെ എല്ലാ ഘട്ടത്തിലും ആ ആലോചന ഉണ്ടാകണം. നിര്‍മ്മാണവസ്തുക്കളുടെ ഉത്പാദനം, ഗതാഗതം, നിര്‍മ്മാണപ്രക്രിയ, പരിപാലനം എല്ലാം പരിസ്ഥിതിസൗഹൃദവും കാര്‍ബണ്‍ ഫൂട് പ്രിന്റ് പരമാവധി കുറയ്ക്കുന്നതും ആകണം. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ട നൈപുണ്യവികസനവും പ്രധാനമാണ്. ഈ വിഷയത്തില്‍ ലോകമാകെ വികസിച്ചുവരുന്ന രീതികള്‍ പകര്‍ത്താന്‍ കഴിയണം. സ്വന്തമായ ഗവേഷണവും ആവശ്യമുണ്ട്.

ഊരാളുങ്കല്‍ സൊസൈറ്റി ഇപ്പോള്‍ത്തന്നെ ആ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ലോകത്തെ പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന 'ടെക് ടോക്' എന്ന പ്രഭാഷണപരമ്പരയും അവര്‍ തുടങ്ങിയിട്ടുണ്ട്. സുസ്ഥിരവികസനമാതൃകയോട് ജന്മം കൊണ്ടുതന്നെ ഹൃദയബന്ധം ഉള്ള സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. ഗുണമേന്മ, അച്ചടക്കം, അഴിമതിരാഹിത്യം എന്നീ മൂല്യങ്ങള്‍ക്കൊപ്പം ഇപ്പോള്‍ സുസ്ഥിരവികസനംകൂടി ഉള്‍ച്ചേര്‍ക്കുകയാണ്. അതു മനസിലാക്കിയാണ് അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അവരുമായി സഹകരിക്കാന്‍ സന്നദ്ധമാകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഗുണമേന്മയോടും വേഗത്തിലും നിര്‍മ്മാണം നടത്തുന്നതിനാല്‍ പ്രവൃത്തികള്‍ ഊരാളുങ്കല്‍ സൊസൈറ്റി ഏറ്റെടുക്കണമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആവശ്യപ്പെടുന്ന നിലയാണ് ഇന്നുള്ളതെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. മൃഗസംരക്ഷണ-ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചു റാണി വിശിഷ്ഠാതിഥിയായി. ഐഐഐസി ഡയറക്ടര്‍ പ്രൊഫ. ബി. സുനില്‍ കുമാര്‍ കോണ്‍ക്ലേവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിച്ചു.

മുന്‍മന്ത്രിമാരായ ഡോ. റ്റി. എം. തോമസ് ഐസക്ക്, ഷിബു ബേബി ജോണ്‍, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, ഇന്‍ഡ്യാഗവണ്മെന്റിന്റെ CSIR-CRRI ഡയറക്ടര്‍ ഡോ. മനോരഞ്ജന്‍ പരിദാ, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിമന്റ് ആന്‍ഡ് ബില്‍ഡിങ് മെറ്റീരിയല്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. എല്‍. പി. സിങ്, അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയിലെ പ്രൊഫ. നാരായണന്‍ നെയ്താലത്ത്, ഐഐടി മദ്രാസിലെ പ്രൊഫ. കോശി വര്‍ഗ്ഗീസ് ജില്ലാപ്പഞ്ചായത്ത് അംഗം അഡ്വ. സി. പി. സുധീഷ് കുമാര്‍, ആസൂത്രണബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരില്‍, നീണ്ടകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവന്‍, നീണ്ടകര ഗ്രാമപ്പഞ്ചായത്ത് അംഗം പി. ആര്‍. രജിത്ത്, ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, എംഡി എസ്. ഷാജു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, കിഫ്ബി, സിഎസ്‌ഐആര്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, മദ്രാസ്, പാലക്കാട്, തിരുപ്പതി ഐഐറ്റികള്‍, എന്‍ഐറ്റി കാലിക്കട്ട്, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, നിക്മര്‍ യൂണിവേഴ്‌സിറ്റി, റിക്‌സ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് കോണ്‍ക്ലേവ് നടക്കുന്നത്.