തൃശൂര്‍: വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാനപാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം വിട്ട വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്നു പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്. കുണ്ടന്നൂർ മുട്ടിക്കൽ റേഷൻ കടയ്ക്ക് സമീപത്തുവെച്ച് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാതയോരത്ത് നിന്നിരുന്ന വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇതോടെ വൈദ്യുതി പോസ്റ്റ് മുറിഞ്ഞ് റോഡിലേക്ക് ചെരിഞ്ഞു. വൈദ്യുതി ലൈനുകളും റോഡിലേക്ക് ചാഞ്ഞു. ഇതോടെ വലിയ അപകടഭീഷണിയാണ് ഉണ്ടായത്. വൈദ്യുതി ലൈൻ പൊട്ടി വീഴാതിരുന്നതിനാലും പോസ്റ്റ് തകര്‍ന്ന് റോഡിലേക്ക് വീഴാതിരുന്നതിനാലും വലിയ അപകടമാണ് ഒഴിവായത്. അപകടം നടന്ന ഉടനെ വൈദ്യുതി ഓഫ് ചെയ്ത് അപകട ഭീഷണി ഒഴിവാക്കുകയായിരുന്നു.