നാഗ്പൂര്‍: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ആഗസ്ത് 31, സപ്തംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ പാലക്കാട്ട് ചേരും. വര്‍ഷത്തില്‍ ഒരു പ്രാവശ്യം ആര്‍എസ്എസ്, വിവിധ ക്ഷേത്ര സംഘടനകളുടെ പ്രധാന ഭാരവാഹികള്‍ ഒത്തുചേരുന്ന മൂന്ന് ദിവസത്തെ യോഗമാണ് സമന്വയ ബൈഠക് . കഴിഞ്ഞ വര്‍ഷം പൂനെയിലാണ് ഈ യോഗം ചേര്‍ന്നത്. എല്ലാ സംഘടനകളും അതത് പ്രവര്‍ത്തന മേഖലകളിലെ വിവരങ്ങള്‍ ബൈഠക്കില്‍ പങ്കുവയ്ക്കുമെന്ന് ആര്‍ എസ് എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് , സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാ ഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ , അരുണ്‍ കുമാര്‍, അലോക് കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ തുടങ്ങിയ പ്രമുഖ കാര്യകര്‍ത്താക്കള്‍ പങ്കെടുക്കും.
രാഷ്ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദു പരിഷത്ത്, എ ബി വി പി, ബിജെപി, ഭാരതീയ കിസാന്‍ സംഘ് , ബിഎംഎസ് അടക്കം 32 വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ അധ്യക്ഷന്‍, സംഘടനാ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നവരാണ് ബൈഠക്കില്‍ പങ്കെടുക്കുക.