കൊടുവള്ളി: എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിലെ കലാ മത്സരങ്ങള്‍ക്ക് നാളെ (ശനി) കളരാന്തിരിയില്‍ തുടക്കമാകും.യുനെസ്‌കോയുടെ സാഹിത്യ നഗരമായി പ്രഖ്യാപിതമായ കോഴിക്കോട് നഗരത്തെ ആസ്പദമാക്കി 'നേര് പെറ്റ ദേശത്തിന്റെ കഥ' എന്ന പ്രമേയത്തിലാണ് ജില്ലാ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.

ജില്ലയിലെ 14 ഡിവിഷനുകളില്‍ നിന്നുള്ള 2500ല്‍ പരം വിദ്യാര്‍ഥികള്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ക്യാമ്പസ്, ജനറല്‍ കാറ്റഗറികളിലായി മത്സരിക്കും. ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസറുമായ ഡോ. എം ആര്‍ രാഘവ വാര്യര്‍ നാളെ (ശനിയാഴ്ച്) രാവിലെ 10ന് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിവസമായ ഇന്നലെ നടന്ന 'കാന്തപുരം എ പി മുഹമ്മദ് മുസ്്ലിയാര്‍; ലളിത ജീവിതത്തിലെ വലിയ മാതൃകകള്‍' ചര്‍ച്ചാ സെഷനില്‍ അലവി സഖാഫി കായലം, എം ടി ശിഹീബുദ്ദീന്‍ സഖാഫി, പി കെ എം അബ്ദുര്‍റഹ്മാന്‍ സഖാഫി സംസാരിച്ചു.ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി എസ് വൈ എസ് കൊടുവള്ളി സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സ്‌കഫോള്‍ഡ്' സാഹിത്യോത്സവ് സംഘടിപ്പിച്ചു. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് അബ്ദുറഷീദ് അഹ്സനിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രെട്ടറി സലീം അണ്ടോണ ഉല്‍ഘാടനം ചെയ്തു. എ കെ സി മുഹമ്മദ് ഫൈസി പ്രാര്‍ത്ഥന നടത്തി. കോഴിക്കോട് ജില്ലാ ഭിന്നശേഷി കോ ഓര്‍ഡിനേറ്റര്‍ അബൂബക്കര്‍ മാസ്റ്റര്‍ കുണ്ടായി മുഖ്യഥിതിയായി. മഷ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. വി പി നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, ഡോ. അബൂബക്കര്‍ നിസാമി, ഇസ്ഹാഖ് മാസ്റ്റര്‍,

സോണ്‍ സെക്രെട്ടറി ശരീഫ് മാസ്റ്റര്‍ വെണ്ണക്കോട്, സൈനുദ്ധീന്‍ സഖാഫി കളരാന്തിരി സംസാരിച്ചു.പൂര്‍വകാല നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സംഗമം 'ഓര്‍മപ്പെയ്ത്ത്' സംഘടിപ്പിച്ചു.മൂന്നാം ദിവസമായ ഇന്ന് (വെള്ളി) വൈകിട്ട് ഏഴിന് ആത്മീയസംഗമം നടക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം കണ്‍വീനര്‍ സലീം അണ്ടോണയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമം സമസ്ത കൊടുവള്ളി മേഖല പ്രസിഡണ്ട് അബൂബക്കര്‍ സഖാഫി വെണ്ണക്കോട് ഉത്ഘാടനം ചെയ്യും.