മലപ്പുറം : അങ്ങാടിപ്പുറത്ത് റെയില്‍വേ അണ്ടര്‍ പാസ്സ് നിര്‍മ്മാണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റി റെയില്‍വേക്ക് നിവേദനം നല്‍കി.

വെല്‍ഫെര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയില്‍, ഖാദര്‍ അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡണ്ട് അത്തീഖ് ശാന്തപുരം, സെയ്താലി വലമ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് അഡിഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് നിവേദനം സമര്‍പ്പിച്ചത്.

കേരളത്തിലെ സുപ്രധാനപാതകളില്‍ ഒന്നാണ് പാലക്കാട് കോഴിക്കോട് ദേശീയപാത 213ല്‍ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്.
നാലു വരിയായി വരുന്ന റോഡ്, റെയില്‍വേ മേല്‍പ്പാലത്തിന് സമീപം, രണ്ടു വരിയായി കുറയുന്നതിനാല്‍, അങ്ങാടിപ്പുറം - പെരിന്തല്‍മണ്ണ പാതയില്‍ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഇത് ദൈനംദിന യാത്രയ്ക്കും, വാഹന ഗതാഗതത്തിനും വലിയ അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നു. ചെറിയ തോതിലെങ്കിലും പരിഹാരമാകാന്‍ അണ്ടര്‍പാസ്സിനാകും.

ഈ പ്രദേശത്തുള്ള കാല്‍നടയാത്രക്കാര്‍, റെയില്‍വേ ക്രോസിംഗ് കടക്കുന്നതില്‍ വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.
പുതുതായി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നിടത്ത്, അണ്ടര്‍ പാസ് കൂടി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ നിലവില്‍ നടപ്പിലാക്കുന്നുണ്ട്. അങ്ങാടിപ്പുറത്തും ഇത്തരമൊരു പദ്ധതി നടപ്പിലാക്കണം.

അഞ്ച് മീറ്റര്‍ വിസ്താരത്തിലുള്ള അണ്ടര്‍ പാസ് ആണ് ഇവിടെ ആവശ്യം.ചെറിയ ചിലവില്‍, എളുപ്പത്തില്‍, ഇത്തരമൊരു അണ്ടര്‍ പാസ് നിര്‍മ്മിച്ചുകൊണ്ട്, യാത്രക്കാര്‍ക്കും, വാഹനങ്ങളായുള്ള ഗതാഗതത്തിനും വലിയ സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും നേതാക്കള്‍ പറഞ്ഞു.