- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2006ൽ ഭവാനിപുർ സിപിഎം മണ്ഡലം; 2011 ലെ തൃണമൂൽ കൊടുങ്കാറ്റിൽ കടപുഴകി; അതേ വർഷം ഉപതിരഞ്ഞെടുപ്പിൽ മമത നേടിയത് 77.46 ശതമാനം വോട്ട്; പത്ത് വർഷം കൊണ്ട് മണ്ഡലത്തിൽ പത്തിലൊന്നായി ചുരുങ്ങി സിപിഎം; ഇത്തവണ നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ
കൊൽക്കത്ത: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മിന്നും ജയവുമായി മുഖ്യമന്ത്രിക്കസേര ഒരിക്കൽ കൂടി ഉറപ്പിച്ചപ്പോൾ തൃണമൂൽ കൊടുങ്കാറ്റിൽ നിലംപൊത്തിയത് ഒരു കാലത്ത് സംസ്ഥാനത്തിന്റെ ഭരണം കയ്യാളിയ സിപിഎം. റെക്കോർഡ് ഭൂരിപക്ഷത്തോടെ മമത 84,709 വോട്ട് നേടിയപ്പോൾ നോട്ടക്ക് തൊട്ടുമുകളിലാണ് സിപിഎം ഇടം കണ്ടെത്തിയത്.
രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകൾ. നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ മാത്രമെത്തിയ സിപിഎം ബംഗാളിൽ തകർന്നടിഞ്ഞു.
5000 വോട്ട് പോലും തികക്കാൻ സിപിഎമ്മിനായില്ല. അവസാന റൗണ്ട് എണ്ണിക്കഴിയുമ്പോൾ 4201 വോട്ടാണ് പാർട്ടി സ്ഥാനാർത്ഥിയായ ഷിർജീബ് ബിശ്വാസിന് നേടാനായത്. സിപിഎമ്മിന് പിന്നാലെ നോട്ടയാണുള്ളത്. 1450 വോട്ടാണ് നോട്ടക്ക് ലഭിച്ചത്.
2011 ലെ തെരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ തൃണമൂലിലെ സുബ്രതാ ബക്ഷിക്ക് 87,903 വോട്ട് ലഭിച്ചപ്പോൾ സിപിഎം സ്ഥാനാർത്ഥിയായ നാരായൺ പ്രസാദ് ജയ്‌നിന് 37,967 വോട്ടാണ് ലഭിച്ചിരുന്നത്. പത്ത് വർഷം കൊണ്ട് സിപിഎം മണ്ഡലത്തിൽ പത്തിലൊന്നായി ചുരുങ്ങിയെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ബിജെപി വളർച്ച പ്രാപിക്കുന്നതിന്റെ കണക്കുകളാണ് പുറത്തുവരുന്നത്. 2011 ൽ 5078 വോട്ട് നേടിയ ബിജെപി ഇക്കുറി 26,320 വോട്ട് നേടാനായി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥിയായ സോബൻദേബ് ചട്ടോബാധ്യായിക്ക് 73,505 വോട്ടുകൾ ലഭിച്ചു. 2016 ൽ മമത ബാനർജിക്ക് 65,520 വോട്ടും ലഭിച്ചു.
2006 ൽ ജയിച്ച ഉപയൻ കിസ്‌കുവാണ് മണ്ഡലത്തിലെ സിപിഎമ്മിന്റെ അവസാനത്തെ എംഎൽഎ. 72,397 വോട്ടാണ് കിസ്‌കു നേടിയത്. അന്ന് തൃണമൂൽ സ്ഥാനാർത്ഥിക്ക് കിട്ടിയത് 46,496 വോട്ടാണ്. മൂപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥി ജയിച്ചത്.
2021 ലെ നിയമസഭ തെരഞ്ഞെുടപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചരിത്രമായിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായാണ് ബംഗാൾ നിയമസഭയിൽ ഒരു അംഗത്തെപ്പോലും എത്തിക്കാനാകാതെ പാർട്ടി തോറ്റ് തൊപ്പിയിട്ടത്. ഉപതെരഞ്ഞെടുപ്പിലും ആ നിലയിൽ നിന്ന് മെച്ചപ്പെട്ടുവെന്ന് സിപിഎമ്മിന് അവകാശപ്പെടാൻ ഒന്നുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടായ കനത്ത പരാജയത്തിൽ സിപിഎം തെറ്റ് ഏറ്റുപറഞ്ഞിരുന്നു. ഇടതുപക്ഷം വൻ തിരച്ചടി നേരിട്ടെന്നും ഇടത് ആശയങ്ങൾ ജനങ്ങൾ ഏറ്റെടുക്കുന്ന രൂപത്തിലെത്തിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നുമായിരുന്നു പോളിറ്റ് ബ്യൂറോയ്ക്ക് സംസ്ഥാന ഘടകം ജൂലൈയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
സംഘടനാ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചു, ജനങ്ങൾക്കിടയിൽ പാർട്ടി അന്യവൽക്കരിക്കപ്പെട്ടു എന്നതടക്കമുള്ള ഗുരുതര പരാമർശങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. പാർട്ടിയെ പുനരിജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും അതൊന്നും കാര്യമായ ഗുണമുണ്ടാക്കിയില്ലെന്നാണ് ഇപ്പോഴത്തെ ഫലം വ്യക്തമാക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ പരാജയപ്പെട്ടതോടെ ഭവാനിപുരിൽനിന്ന് ജനവിധി തേടുകയായിരുന്നു മമത. നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി പദവിയിൽ തുടരണമെങ്കിൽ ജയം അനിവാര്യമായിരുന്നു. നവംബറിനു മുൻപ് ഏതെങ്കിലും മണ്ഡലത്തിൽനിന്ന് ജയിച്ചില്ലായിരുന്നെങ്കിൽ മമതയ്ക്കു മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമായിരുന്നു. ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാളായിരുന്നു മമതയുടെ മുഖ്യ എതിരാളി.
സെപ്റ്റംബർ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഭവാനിപുരിൽ മമതയുടെ വിജയം അനായാസകരമാണെന്നു രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സോബൻദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം.
സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംഘർഷം തടയാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഭവാനിപുരിലെ ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രെവാൾ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്