ബീജിങ്: കേരളത്തിൽ അടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണിലാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടങ്ങിയൊതുങ്ങി വീട്ടിൽ ഇരുന്നാൽ രണ്ടുണ്ട് കാര്യമെന്നതാണ് വാസ്തവം. കാരണം നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് പതിക്കാൻ സാധ്യതയുള്ള ഭൂമേഖലയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ അടക്കമുള്ളവർ ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കാതെ പുറത്തിറങ്ങി നടക്കുന്നവർക്ക് തലയ്ക്ക് മുകളിലും ഒരു ശ്രദ്ധ വേണമെന്ന് ചുരുക്കം. അല്ലെങ്കിൽ അടങ്ങിയൊതുങ്ങി വീട്ടിൽ കഴിയുക.

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങൾ വാരാന്ത്യത്തോടെ ഭൂമിയിൽ പതിച്ചേക്കുമെന്ന ഭയത്തിലാണ് ലോകം. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് കാരണമാകുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലർച്ചെയോ റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലും റോക്കറ്റ് പതിച്ചേക്കാമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടൺ ഭാരമുള്ള ഭാഗമാണ് വേർപ്പെട്ടത്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കൻ പ്രദേശങ്ങൾ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങൾ. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല.

അശ്രദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ച് ചൈനയ്ക്കുനേരെ കടുത്തവിമർശനം ഉയരുന്നുണ്ട്. എന്നാൽ, വിദേശമാധ്യമങ്ങളുടെ പ്രചാരണങ്ങളിൽ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തിൽ പതിക്കുമെന്നും ചൈന വ്യക്തമാക്കി. റോക്കറ്റിന്റെ പാത ചൈനീസ് ബഹിരാകാശ നിരീക്ഷകസംഘം വീക്ഷിച്ചുവരുകയാണെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബഹിരാകാശവിദഗ്ധനായ ഹോങ്പിങ്ങിനെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ടുചെയ്യുന്നു.

ചൈനയുടെ അശ്രദ്ധയാണ് സംഭവത്തിലൂടെ വെളിവാകുന്നതെന്ന് യു.എസിലെ ഹാർവാഡ്-സ്മിത്ത്സോനിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്‌സിലെ ഗവേഷകൻ ജൊനാഥൻ മക്ഡോവൽ പറഞ്ഞു. ''ഇതു റോക്കറ്റിന്റെ രണ്ടാം വിക്ഷേപണമാണ്. ആദ്യവിക്ഷേപണത്തിന്റെ അവശിഷ്ടങ്ങൾ ഐവറികോസ്റ്റിൽനിന്നും കഴിഞ്ഞ വർഷം കണ്ടെടുത്തിരുന്നു.'' -ജൊനാഥൻ ചൂണ്ടിക്കാട്ടി.

അതേസമയം റോക്കറ്റിന്റെ പാത നിരിക്ഷിക്കുന്നുണ്ടെന്നും നിലവിൽ വെടിവെച്ചിടാൻ പദ്ധതികളില്ലെന്നും യു.എസ്. വ്യക്തമാക്കി. നാശനഷ്ടമുണ്ടാകാത്ത പ്രദേശത്തിലാകും ഇതു പതിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ്. പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റ് ഭാഗം സുരക്ഷിതമായ സ്ഥലത്ത് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് മിസൈലിട്ട് തകർക്കാൻ അമേരിക്ക പദ്ധതിയിട്ടിട്ടില്ലെന്നും പെന്റഗൺ ചീഫ് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

റോക്കറ്റ് ഭാഗം മിസൈലിട്ട് തകർക്കാൻ ഞങ്ങൾക്ക് പദ്ധതിയില്ല. ഇത് ആരെയും ഉപദ്രവിക്കാത്ത ഒരു സ്ഥലത്ത്, സമുദ്രത്തിൽ അല്ലെങ്കിൽ അതുപോലുള്ള എവിടെയെങ്കിലും ഇറങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ഓസ്റ്റിൻ പറഞ്ഞു. റോക്കറ്റ് ഭാഗം വീഴാനുള്ള സമയവും സ്ഥലവും വിദഗ്ദ്ധർ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അത്തരം പദ്ധതികളൊന്നുമില്ലെങ്കിലും ഭൂമിയിലേക്ക് പാഞ്ഞെത്തുന്ന അവശിഷ്ടങ്ങൾ വെടിവയ്ക്കാൻ അമേരിക്കയ്ക്ക് കഴിവുണ്ടെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.

റോക്കറ്റിന്റെ പ്രധാന ഭാഗം മെയ് 8 ന് 1.11 (GMT) നും മെയ് 9 ന് 19.11 (GMT) നും ഇടയിൽ പസിഫിക് സമുദ്രത്തിന്റെ തെക്ക് ഭാഗത്ത് ന്യൂസിലാന്റിൽ നിന്ന് വളരെ അകലെയല്ലാതെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.