- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
അടൂർ: ബിവറേജസ് ചില്ലറ മദ്യവിൽപ്പനശാലയിൽ നടന്ന മോഷണത്തിൽ പ്രതികൾ പിടിയിലായതോടെ കപ്പലിലെ കള്ളന്മാർ നെട്ടോട്ടം തുടങ്ങി. മോഷണത്തിന് കയറിയവരുടെ പറ്റിൽ 30,000 രൂപയുടെ മദ്യം കൂടി എഴുതി ചേർത്ത ബിവറേജിലെ സാറന്മാരാണ് നെട്ടോട്ടമോടുന്നത്. തങ്ങൾ വെറുമൊരു ഹാൻഡ്ബാഗുമായി വന്നാണ് മോഷ്ടിച്ചതെന്നും ആകെ എടുത്തത് രണ്ടു ബിയർ മാത്രമാണെന്നും സത്യസന്ധന്മാരായ കള്ളന്മാർ പൊലീസിന് മൊഴി നൽകി. മോഷണം പുറത്തറിയാതിരിക്കാൻ കള്ളന്മാർ തന്നെ അടിച്ചു മാറ്റിയ ഡിവിആറിലും ഈ രംഗം പതിഞ്ഞിട്ടുണ്ട്.
എന്നാൽ, കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി വിവിധ കാലയളവുകളിൽ സ്വയം ജീവനക്കാരിൽ ചിലർ അടിച്ചു മാറ്റിയ മദ്യത്തിന്റെ കണക്ക് മോഷ്ടാക്കളുടെ പേരിൽ എഴുതുകയാണ് ചെയ്തത്. മോഷ്ടാക്കൾ പിടിയിലാവുകയും അവരുടെ കുറ്റസമ്മതം വരികയും ചെയ്തതോടെ 30,000 രൂപയുടെ മദ്യക്കണക്ക് എഴുതിയവർ നെട്ടോട്ടം തുടങ്ങി. തൊണ്ടിമുതലായ ഡിവിആർ കൂടി പൊലീസിന്റെ കൈവശം ചെന്നതോടെ എല്ലാം പുറത്തു വരുമെന്ന അവസ്ഥയായി.
പണി കിട്ടാതിരിക്കാൻ പൊലീസിലും സമ്മർദം ചെലുത്തി തുടങ്ങിയിട്ടുണ്ട്. ഇടത് അനുകൂല യുണിയനിൽപ്പെട്ട ജീവനക്കാർ ജില്ലാ നേതാക്കൾ വഴി മോഷണത്തിന്റെ യഥാർഥ കഥ ഒതുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. എന്നാൽ, മോഷ്ടാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാകും പൊലീസ് റിപ്പോർട്ട് കൊടുക്കുക എന്നാണ് സൂചന. ഡിവിആറിൽ എല്ലാ തെളിവുകളും ഉള്ളതിനാൽ പൊലീസിനും പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല.
മെയ് ആറിനാണ് ടൂർ ബൈപ്പാസിലെ മദ്യവിൽപ്പന ശാലയിൽ മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന നടത്തിയ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ഗോൽപോക്കർ സ്വദേശി സംഷാദ്(28), ബാബൻബാരി ജെഹിർ ആലം(20) എന്നിവരെ പയ്യന്നൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്ന പൊലീസ് പിടികൂടിയിരുന്നു.
പണം സൂക്ഷിച്ചിരുന്ന ഇരുമ്പ് ചെസ്റ്റ് പൊളിക്കാൻ സാധിക്കാിതിരുന്നതിനാൽ മൊബൈൽ ഫോണുകളും, സി.സി.ടി.വി ഡി.വി.ആറുകളും കൈക്കലാക്കി പ്രതികൾ രക്ഷപ്പെട്ടു. ആറിന് രാവിലെ ജീവനക്കാർ വിദേശമദ്യശാല തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ തറയിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ലോക്കർ കുത്തിപ്പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ബിവറേജ് ഔട്ട്ലെറ്റിലെ മേശകളും അലമാരയും തകർത്ത പ്രതികൾ സമീപത്തെ ഭിത്തിയിൽ ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആറുകളും മദ്യക്കുപ്പികളും മൊബൈൽ ഫോണുകളും എടുത്തു കൊണ്ട് പോവുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഡി.വി.ആറുകൾ നഷ്ടപ്പെട്ടതിനാൽ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ടൗണിന് സമീപമുള്ള നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘത്തിന് പ്രതികൾ ഇതരസംസ്ഥാന തൊഴിലാളികൾ ആണെന്ന സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളും അടൂർ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളും അരിച്ചുപെറുക്കി അന്വേഷണം നടത്തിയതിനെ തുടർന്ന് പ്രതികൾ കോട്ടയം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു.
കോട്ടയത്ത് ദിവസങ്ങളോളം തങ്ങി അന്വേഷണം നടത്തിയതിനെ തുടർന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സംഷാദിനെ കണ്ണൂർ, പയ്യന്നൂരിൽ നിന്നും, രണ്ടാം പ്രതി ജെഹീറിനെ എറണാകുളം, ഇടപ്പള്ളിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്‌പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്‌ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ജോബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദിവസവും 25 ലക്ഷത്തിലധികം രൂപ വിറ്റുവരവുള്ളതാണ് അടൂരിലെ ഈ വിദേശ മദ്യശാല. മുമ്പ് നാല് സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ആരുമില്ലാത്ത സ്ഥിതിയാണ്. ബൈപ്പാസിലുള്ള ഹോട്ടലിലെ മുൻ ജീവനക്കാരനായിരുന്ന ഒന്നാം പ്രതിയെ സ്വഭാവ ദൂഷ്യം മൂലം ജോലിയിൽ നിന്നും പറഞ്ഞു വിട്ടിരുന്നു. ബിവറേജിൽ സുരക്ഷാ ജീവനക്കാരില്ലായെന്ന വിവരം അറിയാവുന്ന ഒന്നാം പ്രതി രണ്ടാം പ്രതിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.പ്രതികളിൽ നിന്നും മോഷണമുതലുകൾ പൊലീസ് കണ്ടെത്തി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്