- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
കൊച്ചി: ബിഗ് ബോസ് സീസൺ 3 ൽ അഡ്വക്കേറ്റ് ജയശങ്കറും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും പങ്കെടുക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമെന്ന് ഇരുവരും മറുനാടനോട് പ്രതികരിച്ചു. കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ബിഗ്ബോസ് മത്സരാർത്ഥികളാണ് എന്നുള്ള പ്രചരണം ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് മറുനാടൻ ബന്ധപ്പെട്ടപ്പോൾ ഇരുവരും വ്യാജ പ്രചാരണമാണ് എന്ന് പ്രതികരിച്ചത്.
ബിഗ്ബോസ് പോലുള്ള പരിപാടിയിൽ പങ്കെടുക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. അടിസ്ഥാന രഹിതമായ പ്രചരണമാണ്. പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം പോലും ലഭിച്ചിട്ടില്ല. ഇനി അഥവാ ക്ഷണിച്ചാലും ഇത്തരം പരിപാടികളിൽ പങ്കെടുക്കുകയുമില്ല. ആരോ പടച്ചു വിട്ട വ്യാജ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.
അതേസമയം ബിഗ് ബോസ് എന്ന പരിപാടി എന്താണെന്നു പോലും അറിയില്ല എന്നാണ് അഡ്വ.ജയശങ്കറുടെ പ്രതികരണം. എന്റർടെയ്ന്മെന്റ് പരിപാടികളൊന്നും തന്നെ കാണാത്തതിനാലാണ് പരിപാടിയെകുറിച്ച് അറിയാത്തത്. സോഷ്യൽ മീഡിയയിൽ പല അപമാനിക്കലുകളും തനിക്കെതിരെ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാകാം ഇത്തരം ഒരു കുപ്രചരണം എന്നും അദ്ദേഹം വ്യക്തമാക്കി.
ബിഗ് ബോസ് മത്സരാർത്ഥികൾ ആരൊക്കെയാണ് എന്ന് ഇതുവരെയും പുറത്ത് വന്നില്ല. സോഷ്യൽ മീഡിയയിൽ പല പേരുകൾ മത്സരാർത്ഥികളായി ചർച്ചയാകുന്നുണ്ട്. എന്നാൽ ഇതുവരെ ചർച്ചയിൽ വരാത്തവരായിരിക്കും മത്സരാർത്ഥികൾ. സിനിമാ താരങ്ങൾ അടക്കമുള്ളവർ ബിഗ് ബോസ് ഷോയിൽ ഉണ്ടാകും. കരുതലോടെയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. മോഹൻലാലിലൂടെ മാത്രമേ ഇക്കാര്യം അറിയാനാകൂ.ഇന്ന് ബിഗ് ബോസ് ടിവി സ്ക്രീനിൽ എത്തുമ്പോൾ മാത്രമേ ആരൊക്കെയുണ്ടാകൂ എന്ന് മോഹൻലാൽ വെളിപ്പെടുത്തൂ. ആദ്യ എപ്പിസോഡിന്റെ ഷൂട്ട് ഫെബ്രുവരി 13ന് പൂർത്തിയായി.
അതേ സമയം മോഹൻലാലിന്റെ പ്രതിഫലത്തെ പറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്. ഈ സീസണിനായി മോഹൻലാൽ പ്രതിഫലം ഉയർത്തിയെന്നും 18 കോടി രൂപയാണ് ഇത്തവണ വാങ്ങുന്നതെന്നുമാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ 12 കോടി ആയിരുന്നു താരത്തിന്റെ പ്രതിഫലമെന്നും റിപ്പോർട്ടുകൾ പറയുന്നു. ലാലിന്റെ അവതരണം കൂടുതൽ പ്രേക്ഷകരെ പരിപാടിയിൽ പ്രേക്ഷകരാക്കിയെന്നാണ് എൻഡമോൾ ഷൈൻ ഗ്രൂപ്പുകാരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ലാലിനെ തന്നെ വീണ്ടും അവതാരകനാക്കുന്നത്. ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ പ്രത്യേക താൽപ്പര്യമാണ് ഇതിന് കാരണം. ദുബായിൽ ഐപിഎൽ മത്സരം കാണാൻ ലാൽ എത്തിയിരുന്നു. സ്റ്റാർ ആൻഡ് ഡിസ്നി ഗ്രൂപ്പിനെ നയിക്കുന്ന ഏഷ്യാനെറ്റിന്റെ എല്ലാമെല്ലാമായ കെ മാധവന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഇത്. മാധവനുമായുള്ള അടുപ്പമാണ് ബിഗ് ബോസിൽ വീണ്ടും ലാലിനെ എത്തിക്കുന്നത്.
രണ്ടാം സീസൺ വിവാദങ്ങളിൽ കുടുങ്ങിയതോടെ ലാൽ ബിഗ് ബോസിൽ നിന്ന് പിന്മാറുമെന്ന് സൂചനയുണ്ടായിരുന്നു. കേസും മറ്റ് പുലിവാലുമെല്ലാം മുളക് തേയ്ക്കൽ വിവാദമുണ്ടാക്കി. എന്നാൽ മാധവന്റെ അഭ്യർത്ഥ ലാൽ നിരസിച്ചില്ല. അടുത്ത സുഹൃത്തായ മാധവന്റെ നിർദ്ദേശം ലാലും അംഗീകരിച്ചു. ഇതോടെയാണ് റിക്കോർഡ് തുകയ്ക്ക് വീണ്ടും ഷോയുടെ ഭാഗമായി ലാൽ മാറുന്നത്. തീർത്തും പുതുമ നിറഞ്ഞതാകും ബിഗ് ബോസ്. ആദ്യ സീസണിൽ നടൻ സാബുമോൻ അബ്ദു സമദ് ആയിരുന്നു വിജയി. നടിയും അവതാരകയുമായ പേളി മാണിക്കായിരുന്നു രണ്ടാം സ്ഥാനം.
സ്റ്റൈലിഷ് മേക്കോവറിലാണ് മോഹൻലാൽ ഇത്തവണ ഷോയിൽ എത്തുന്നത്. ജിഷാദ് ഷംസുദ്ദീനാണ് ഷോയ്ക്ക് വേണ്ടി മോഹൻലാലിന്റെ സ്റ്റൈലിങ് ചെയ്യുന്നത്. ഈ സീസണു വേണ്ടി മിനിമൽ ക്ലാസിക് മുതൽ ബൊഹീമിയൻ, ജാപ്പാനീസ് ഫാഷൻ എലമെന്റുകൾ വരെയുള്ള വ്യത്യസ്ത സ്റ്റൈലുകൾ പരീക്ഷിക്കുന്നുണ്ടെന്ന് ജിഷാദ് പറഞ്ഞിരുന്നു. ഫാഷൻ ട്രെൻഡുകളെ കുറിച്ച് മോഹൻലാലിനും ഏറെ അറിവുണ്ടെന്നും താൻ കൊണ്ടുവരുന്ന ബ്രാൻഡുകളും ഡിസൈനുകളുമെല്ലാം താരത്തിന് ഏറെ പരിചിതമാണെന്നും ജിംഷാദ് കൂട്ടിച്ചേർത്തു.
ബിഗ് ബോസ് മലയാളം സീസൺ 3 ഫെബ്രുവരിയിൽ തുടങ്ങുമെന്ന് ആഴ്ചകൾക്ക് മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ബിഗ് ബോസ് രണ്ടാം സീസൺ ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. രജത് കുമാറിന്റെ മുളക് തേയ്ക്കലും പുറത്താക്കലുമെല്ലാം വിവാദമായി. ഇതിനിടെ കോവിഡ് എത്തി. അങ്ങനെ പാതി വഴിയിൽ രണ്ടാം സീസൺ അവസാനിച്ചു. ഈ പരിപാടിക്ക് വേണ്ടി മലയാളത്തിലെ പല മുൻനിര ചാനലുകളും ശ്രമം നടത്തിയിരുന്നു. ഇവരെയെല്ലാം അപ്രസക്തമാക്കിയാണ് ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നത്.