പട്ന: ബീഹാർ നിയസമഭാ തെരഞ്ഞെടുപ്പിലേക്കുള്ള 92 ശതമാനം വോട്ടകുളും എണ്ണിക്കഴിയുമ്പോൾ എൻഡിഎ 124 സീറ്റുകളുമായി കേവല ഭൂരിപക്ഷം കടന്നിരിക്കയാണ്. മഹാസഖ്യം 111, മറ്റുള്ളവർ 8 എന്നിങ്ങനെയാണ് കക്ഷിനില. 243 സീറ്റുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകൾ ആണ് വേണ്ടത്. എന്നാൽ അയിരത്തിൽ താഴെ മാത്രം ലീഡുള്ള 17 സീറ്റുകൾ ഇപ്പോഴുമുണ്ടെന്നതിനാൽ അന്തിമ വിജയം ഉറപ്പിക്കാൻ അയിട്ടില്ല.

അതിനിടെ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്തു. ബിഹാറിന് പുതിയ ദശാബ്ദമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാറിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു. ബിഹാറിലെ ജനങ്ങളുടെ വിജയമാണെന്നും എൻഡിഎ മുന്നോട്ടുവെച്ച വികസനത്തിന്റെ മുദ്രാവാക്യങ്ങൾ ബിഹാറിലുടനീളം ജനങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ മഹാസഖ്യം ഇത് അംഗീകരിച്ചിട്ടില്ല. തങ്ങൾ ജയിച്ച 119 മണ്ഡലങ്ങളുടെ ലിസ്റ്റ് അവർ പുറത്തുവിട്ടു. ഇലക്ഷൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിതീഷ് തെരഞ്ഞെടുപ്പ് അട്ടിമറക്കയാണെന്നാണ് അവർ പറയുന്നത്. തങ്ങൾ ജയിച്ച പത്തുമണ്ഡലങ്ങളിൽ ഫലം ഉദ്യോഗസ്ഥർ മറിച്ചാക്കിയെന്നാണ് ആരോപണം. മൂന്നിടത്ത് സിപിഐഎംഎൽ റീകൗണ്ടിങ്ങിന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത് തോൽക്കുമ്പോഴുള്ള പതിവ് ന്യായം മാത്രമാണെന്നാണ് ബിജെപിയുടെ വിശദീകരണം

വിജയിച്ചതും ലീഡ് ചെയ്യുന്നതും അടക്കമുള്ള നിലവിലെ കക്ഷിനില ഇങ്ങനെയാണ്.

എൻഡിഎ

ബിജെപി-74

ജെഡിയു-43

എച്ച്എഎം-4,

വിഐപി-4

ആകെ- 124

മഹാസഖ്യത്തിലെ കക്ഷിനില

ആർജെഡി- 76

കോൺഗ്രസ്- 19

സിപിഐഎംഎൽ-12

സിപിഎം- 2

സിപിഐ-2

ആകെ- 119

മറ്റുള്ളവർ

എഐഎംഎം-5

എൽജെപി-1

ബിഎസ്‌പി-1

സ്വതന്ത്രൻ-1

ആകെ- 8

ഇതി ബിഎസ്‌പി, എൽജെപി, സ്വതന്ത്രൻ എന്നീ 3 പേരുടെ പിന്തുണ എൻഡിഎക്ക് കിട്ടുമെന്നാണ് കരുതുന്നതത്. എന്നാൽ ഒവൈസിയുടെ എഐഎംഎം മഹാസഖ്യത്തെ പിന്തുണക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി ആവാനാണ് സാധ്യത. കോൺഗ്രസ് പിറകോട്ട് പോയപ്പോൾ 14 സീറ്റുകൾ ഉറപ്പിച്ചുകൊണ്ട് ഇടതുപക്ഷം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവി തേജസ്വി യാദവ് നയിക്കുന്ന ആർജെഡിക്കാണ് ലഭിച്ചത്. ജെഡിയു പറികോട്ട് പോയപ്പോൾ ബിജെപി കയറി വരികയായിരുന്നു. ചിരാഗ് പാസ്വാന്റെ എൽജെഡി ഒരു സീറ്റിൽ ഒതുങ്ങി.

കോവിഡ് പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണത്തിൽ 63 ശതമാനം വർധനവാണ് വരുത്തിയത്. ഒരു ബൂത്തിൽ 1,000 വോട്ടർമാരെ മാത്രമാക്കി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.65,000 ബൂത്തുകൾക്ക് പകരം ഇത്തവണ 1.06 ലക്ഷം ബൂത്തുകളാണ് ഒരുക്കിയത്. അതുകൊണ്ട് തന്നെ 1.06 ലക്ഷം ഇ.വി.എമ്മുകളാണ് കൗണ്ട് ചെയ്യാനുള്ളത്.38 സ്ഥലങ്ങളിലായാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. മുൻപ് 25-26 റൗണ്ട് മാത്രമുണ്ടായിരുന്ന വോട്ടെണ്ണൽ ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ കാരണം 35 റൗണ്ടുകളായി ഉയർത്തിയിട്ടുണ്ട്. ശക്തമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ടാണ് ഫലം വൈകുന്നതെന്ന് ഇലക്ഷൻ കമ്മീഷൻ നേരത്തെ വ്യകതമാക്കിയിരുന്നു.

വല്യേട്ടനായി ബിജെപി

ഒരുകാര്യം വ്യക്തം. ബിഹാറിൽ ഇതുവരെ കുഞ്ഞനിയനായിരുന്ന ബിജെപി ജെഡിയുവിനെ മറികടന്ന് വല്യേട്ടനായിരിക്കുന്നു. മേൽക്കൈ നേടിയിരിക്കുന്നു. ചിരാഗ് പാസ്വാന്റെ എൽജെപി വിട്ടതും ബിജെപി സമർത്ഥമായി ഉപയോഗിച്ചതും തിരഞ്ഞെടുപ്പ് ഫലത്തിൽ തെളിഞ്ഞുകാണാം. എൽജെപി ഇതുവരെ എങ്ങും ജയിച്ചില്ലെങ്കിലും ജെഡിയുവിനെ പലയിടത്തും വഴിമുടക്കി. തൂക്കുസഭ വന്നാൽ, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് നിർണായക പങ്കുണ്ടായേക്കും.

മഹാസഖ്യത്തിന്റെ വിജയം തട്ടിത്തെറിപ്പിച്ചത് അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം രൂപം കൊടുത്ത മൂന്നാം മുന്നണിയെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു എതാണ്ട് പത്തുസീറ്റുകളിൽ എൻഡിഎ ജയിക്കാൻ കാരണം മൂന്നാംമുന്നണി മുസ്്ലീം വോട്ടുകൾ ഭിന്നിപ്പിച്ചതുകൊണ്ടാണെന്നാണ് പറയുന്നത്. ഒവൈസി പിടിച്ച വോട്ടുകൾ മോദിക്കെതിരായ മഹാസഖ്യത്തിന്റെ കടയ്ക്കൽ കത്തിവെച്ചെന്ന വിമർശനം ശക്തമായിക്കഴിഞ്ഞു. കിഷൻഗഞ്ച്, പൂർണിയ, കതിഹാർ, അരാരിയ എന്നീ ജില്ലകൾ ഉൾപ്പെടുന്ന സീമാഞ്ചൽ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. ബിഹാറിലെ പരമ്പരാഗത മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല ആർജെഡിയെയും കോൺഗ്രസിനെയുമാണ് എപ്പോഴും പിന്തുണച്ചിട്ടുള്ളത്. ബിഎസ്‌പി, ആർഎൽഎസ്‌പി. എന്നിവരെ ഉൾപ്പെടുത്തി മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാർട്ടി ബിഹാറിൽ മത്സരിച്ചത്. 233 സീറ്റിലാണ് ഇവർ മത്സരിക്കാനിറങ്ങിയത്. ഇതിൽ 6 സീറ്റിൽ ഈ സഖ്യം ലീഡ് ചെയ്യുന്നു. അതിൽ തന്നെ 5 സീറ്റുകളിൽ എഐഎംഐഎം മുന്നിട്ട് നിൽക്കുന്നുണ്ട്.

ബഹുജൻ സമാജ് വാദി പാർട്ടി ബിഹാറിൽ ഒരുസീററ് നേടി. സിപിഐഎംഎൽ അഞ്ച് സീറ്റിൽ ജയിച്ചു. 11 സീറ്റിൽ ലീഡ് ചെയ്യുന്നു. 19 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതിൽ ഏറെപ്പേരും ചെറുപ്പക്കാരാണ്. എച്ച് എഎം അദ്ധ്യക്ഷൻ ജിതൻ റാം മാഞ്ചി 16,034 വോട്ടിന് ഇമാംഗഞ്ച് സീറ്റിൽ വിജയിച്ചു. ആർജെഡി നേതാവ് തേജ് പ്രതാപ് യാദവ് ഹസൻപൂരിൽ നിന്ന് ജയിച്ചു.