ന്യൂഡൽഹി: ഹെൽമറ്റില്ലാതെ ബൈക്കപകടത്തിൽ മരിച്ച ഉറ്റസുഹൃത്തിന്റെ ഓർമ്മയ്ക്കായി തന്റെ വീടും ഭൂമിയും വിറ്റ് സൗജന്യമായി ഹെൽമറ്റുകൾ വിതരണം ചെയ്ത് ഒരു യുവാവ്. ഇതുവരെ രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി സൗജന്യമായി ഇരുചക്ര വാഹന ഉടമകൾക്ക് വിതരണം ചെയ്തത് അരലക്ഷത്തിനടുത്ത് ഹെൽമറ്റുകൾ. ഇവയ്ക്കായി ചെലവിട്ടതാകട്ടെ രണ്ടുകോടിയോളം രൂപ.

കേൾക്കുമ്പോൾ അത്ഭുതമായി തോന്നാമെങ്കിലും 'ഇന്ത്യയുടെ ഹെൽമറ്റ് മനുഷ്യൻ' ആയി മാറിയ ബിഹാറിലെ പട്‌ന സ്വദേശിയായ കംപ്യൂട്ടർ എഞ്ചിനീയറായ രാഘവേന്ദ്രകുമാർ തന്റെ അനുഭവം വിവരിക്കുമ്പോൾ അദ്ദേഹം ഏറ്റെടുത്ത മഹത്തായ ദൗത്യത്തിന്റെ ആഴം വ്യക്തമാകും.

'ഇനി ഒരാളും ഇത്തരത്തിൽ മരിക്കരുത്.. ഒരാളുടെ മരണത്തോടെ പ്രിയപ്പെട്ടവർ ജീവിതകാലം മുഴുവൻ കഷ്ടപ്പെടും..' ഉറ്റ സുഹൃത്തായ കെ കെ ഠാക്കൂറിന്റെ അകാലവിയോഗം ഏൽപ്പിച്ച വേദനയാണ് 2014 മുതൽ സൗജന്യമായി ഹെൽമറ്റുകൾ വിതരണം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രാഘവേന്ദ്ര കുമാർ പറയുന്നു.

ഏഴ് വർഷം മുമ്പ് റോഡപകടത്തിൽ മരിച്ച തന്റെ ഉറ്റ സുഹൃത്തിന്റെ സ്മരണയ്ക്കായി സ്വന്തം വീടും സ്വത്തുക്കളും വിറ്റ് ഹെൽമറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്ന രാഘവേന്ദ്ര കുമാർ എന്ന 34കാരന്റെ കഥ റിപ്പോർട്ട് ചെയ്യുന്നത് കാർ ടോഖാണ്.



അടുത്തിടെ പ്രശസ്ത ബോളിവുഡ് നടനും സാമൂഹികപ്രവർത്തകനുമായ സോനു സൂദ് ഒരു സ്വകാര്യ വാർത്താ ചാനലിലെ ഒരു പ്രോഗ്രാമിൽ അതിഥിയായി രാഘവേന്ദ്ര കുമാറിനെ ക്ഷണിച്ചിരുന്നു. ഇതോടെ രാഘവേന്ദ്ര കുമാറിന്റെ പ്രവർത്തനങ്ങൾ ഒടുവിൽ ദേശീയ ശ്രദ്ധയും ആകർഷിച്ചിരിക്കുകയാണെന്നും കാർ ടോഖ് റിപ്പോർട്ട് ചെയ്യുന്നു.

പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിൽ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് നമ്മളിൽ പലർക്കും താങ്ങാവുന്നതിനു അപ്പുറമായിരിക്കും. അത് ആജീവനാന്ത ദുഃഖമായും മാറിയേക്കാം. എങ്കിലും, നാം ആ ദുഃഖത്തെ എങ്ങനെ നേരിടുന്നു എന്നത് നമ്മെ കൂടുതൽ മനുഷ്യനാക്കുന്നു.

സഹാനുഭൂതിയും ദയയും എങ്ങനെ മനുഷ്യന്റെ ഇത്തരം സങ്കടങ്ങളെ തരണം ചെയ്യുമെന്നതിന് തെളിവാകുകയാണ് ബിഹാറിലെ പട്‌നയിൽ നിന്നുള്ള തികച്ചും സാധാരണക്കാരനായ ആ യുവാവ്. കംപ്യൂട്ടർ എഞ്ചിനീയറായ രാഘവേന്ദ്രകുമാർ സുഹൃത്തിന്റെ മരണത്തെ തുടർന്നാണ് സൗജന്യ ഹെൽമറ്റ് വിതരണം ആരംഭിച്ചത്. ഇതുവരെ 49,000 ഹെൽമെറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു ഇദ്ദേഹം. 'ഇന്ത്യയുടെ ഹെൽമറ്റ് മനുഷ്യൻ' എന്ന നിലയിൽ പേരെടുത്ത രാഘവേന്ദ്ര കുമാറിന്റെ ആ കഥയിലേക്ക്.

രാഘവേന്ദ്ര കുമാറിന്റെ ഉറ്റ സുഹൃത്തായിരുന്നു കെ കെ ഠാക്കൂർ. ബിഹാറിലെ മധുബനി സ്വദേശിയായ ഠാക്കൂർ 2014ൽ മാരകമായ ഒരു ബൈക്കപകടത്തിന് ഇരയായി. ആ അപകടം ഠാക്കൂറിന്റെ ജീവനെടുത്തു. അപകടസമയത്ത് ഹെൽമെറ്റ് ധരിക്കാതെയായിരുന്നു ഠാക്കൂർ വാഹനം ഓടിച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി, കഴിഞ്ഞ ഏഴ് വർഷമായി കുമാർ ഹെൽമറ്റുകൾ വിതരണം ചെയ്യുകയാണ് രാഘവേന്ദ്ര കുമാർ. '

ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ 22 സംസ്ഥാനങ്ങളിലായി 49,272 ഓളം ഹെൽമെറ്റുകൾ രാഘവേന്ദ്രകുമാർ ഇതുവരെ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 6,500 ഹെൽമെറ്റുകൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലാണ് അദ്ദേഹം വിതരണം ചെയ്തത്. തന്റെ സ്വന്തം ജില്ലയായ കൈമൂരിൽ 4,000 ഹെൽമെറ്റുകൾ ഉൾപ്പെടെ ബീഹാറിലാകെ 13,000 ഹെൽമെറ്റുകളും അദ്ദേഹം വിതരണം ചെയ്തു.

ഗ്രേറ്റർ നോയിഡയിലെ തന്റെ കുടുംബ ഓഹരിയായ മൂന്ന് ഏക്കർ സ്ഥലവും വീടും വിറ്റായിരുന്നു ഹെൽമറ്റ് വാങ്ങാനുള്ള പണം ഇദ്ദേഹം സ്വരൂപിച്ചതെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 49,000ത്തില് അധികം ഹെൽമെറ്റുകൾ വാങ്ങാൻ ഇതുവരെ ഏകദേശം രണ്ട് കോടിയോളം രൂപ താൻ ചെലവഴിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. പണത്തിന്റെ ദൗർലഭ്യമുണ്ടെങ്കിലും, സുഹൃത്തിന്റെ സ്മരണയ്ക്കായി താൻ ഈ പ്രവർത്തി തുടരുമെന്നും നിർത്താതെ മനുഷ്യരാശിയെ സേവിക്കുമെന്നും അദ്ദേഹം പറയുന്നു.

തന്റെ ഈ ശ്രമത്തിന് ഊർജ്ജം പകരാൻ, തനിക്ക് ഹെൽമറ്റ് ദാനം ചെയ്യാനും ഇന്ത്യയെ അപകടരഹിത രാഷ്ട്രമാക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാനും വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുന്നു രാഘവേന്ദ്ര കുമാർ. 'ഹെൽമറ്റ്മാൻ' എന്ന പേരിൽ ഒരു വെബ്സൈറ്റും അദ്ദേഹം തുടങ്ങിയിട്ടുണ്ട്.