- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഴുപാർട്ടികളെ കൂട്ടിക്കെട്ടി ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ നിതീഷിന്റെ നോട്ടം അങ്ങ് ഡൽഹിയിലേക്ക്; അയ്യോ....പോകരുതേ നിതീഷ് എന്ന് ബിജെപി മുറവിളി കൂട്ടാത്തതും പ്രധാനമന്ത്രി കസേര മോഹം തിരിച്ചറിഞ്ഞ്; പാർത്ഥ ചാറ്റർജി വിവാദത്തോടെ മമതയ്ക്ക് നിറം മങ്ങിയതോടെ പ്രതിപക്ഷ നായകനായി ദേശീയ മോഹങ്ങൾ സാക്ഷാത്കരിക്കാൻ ജെഡിയു നേതാവ്
പാട്‌ന: ഏഴുപാർട്ടികളുടെ മഹാ സഖ്യം( മഹാഗഡ്ബന്ധൻ), ഒപ്പം ഒരുസ്വതന്ത്രനും. നിതീഷ് കുമാറിന്റെ പുതിയ സർക്കാരിന്റെ ഘടന ഇങ്ങനെ. തേജസ്വി യാദവിനും മറ്റുപ്രതിപക്ഷ നേതാക്കൾക്കും ഒപ്പം ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമ്പോൾ, നിതീഷിന് ഇരയുടെ ഭാവമാണ്. വേട്ടക്കാരനെ അതിജീവിച്ച ഇരയുടെ ഭാവം. തന്റെ പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ നോക്കിയ ബിജെപിയ തൽക്കാലത്തേക്കെങ്കിലും തടുത്തുനിർത്താന് കഴിഞ്ഞതിന്റെ ജയഭാവവും. അതേസമയം, ബിജെപിയാകട്ടെ നിതീഷും ജെഡിയുവും തങ്ങളെ വഞ്ചിച്ചുവെന്ന നിലപാടിലാണ്.
നിതീഷിന് വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. അടിക്കടിയുള്ള പാർട്ടി മാറ്റം നിതീഷിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയത്രെ. നിതീഷിനോട് അയ്യോ പോകരുതേ എന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. എൻഡിഎയിൽ തുടരണമെന്ന് ആവശ്യപ്പെട്ട് ആരും അദ്ദേഹത്തെ വിളിക്കുകയോ, അഭ്യർത്ഥിക്കുകയോ ചെയ്തിട്ടില്ല. കാരണം മറ്റൊന്നുമല്ല, നിതീഷിന് ദേശീയ മോഹങ്ങൾ ഉണ്ടെന്ന് ബിജെപിക്ക് അറിയാം. പ്രധാനമന്ത്രി പദത്തിലാണ് അദ്ദേഹത്തിന്റെ കണ്ണ്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നയിക്കുക എന്നതാണ് എൻഡിഎയിൽ തുടരുന്നതിനേക്കാൾ നല്ല തിരഞ്ഞെടുപ്പെന്നും നിതീഷിന് അറിയാം.
അമിത് ഷാ നിതീഷിനെ വിളിച്ച് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, സംഭവവികാസങ്ങളെ കുറിച്ച് ഉന്നത നേതാക്കൾ മൗനം പാലിക്കുകയാണ്. ബിജെപി, സഖ്യധർമം പാലിച്ചുവെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചത്. ബിജെപിക്ക് 63 സീറ്റും ജെഡിയുവിന് 36 സീറ്റും ഉള്ളപ്പോഴും നിതീഷിനെ മുഖ്യമന്ത്രിയായി ബിജെപി വാഴിച്ചു എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
എന്നാൽ, ബിജെപി വല്യേട്ടൻ കളിക്കുന്നത് നിതീഷിന് ഇഷ്ടമായിരുന്നില്ല. മഹാരാഷ്ട്രയിൽ ശിവസേനയോട് കാട്ടിയത് പോലെ ബിഹാറിൽ, ജെഡിയുവിനോട് ബിജെപി പെരുമാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ജെഡിയുവിനെ പിളർത്തുമെന്നും, തങ്ങളുടെ നിയന്ത്രണത്തിലുള്ള മുഖ്യമന്ത്രിയെ ബിജെപി വാഴിക്കുമെന്നും നിതീഷ് ആകുലപ്പെട്ടു. മഹാരാഷ്ട്രയിലെ സംഭവങ്ങൾ അതിന് ആക്കം കൂട്ടി. കേന്ദ്രത്തിൽ, അനുവദിച്ച ഏക ക്യാബിനറ്റ് പദവി കൈയാളിയ ആർസിപി സിങ്ങിനെ അതിന് കരുവാക്കുമെന്നും അദ്ദേഹം സംശയിച്ചു. രാജ്യസഭയിൽ ഒരുവട്ടം കൂടി സിങ്ങിന് വസരം നൽകിയില്ലെന്ന് മാത്രമല്ല, അഴിമതി ആരോപണം ഉന്നയിച്ച് പുറത്തുചാടിക്കുകയും ചെയ്തു നിതീഷ്.
ബിജെപി ഇനി 243 മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. 2024 ലെ തിരഞ്ഞെടുപ്പിൽ ഐക്യലോക് ജനശക്തി പാർട്ടിയുമായും, മറ്റു ജാതി അധിഷ്ഠിത പാർട്ടികളുമായും ചേർന്ന് ബിജെപി മത്സരിക്കും. നിതീഷ് കുമാറിന്റെ കരുത്ത് കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, വരും വർഷങ്ങളിൽ ത്രികോണ മത്സരം എന്നതിലുപരി, ദ്വികക്ഷി പോരാട്ടമായിരിക്കും( ആർജെഡി-ബിജെപി) ബിഹാറിൽ നടക്കുക എന്നും ബിജെപി കണക്കുകൂട്ടുന്നു.
വല്യേട്ടന്റെ കളി വേണ്ടെന്ന് ഉറച്ച് നിതീഷ്
അഞ്ചുവർഷത്തിനിടെ രണ്ടാം വട്ടമാണ് നിതീഷ് ബിജെപിയെ ഉപേക്ഷിക്കുന്നത്. ജനതാദൾ യുണൈറ്റഡിന്റെ സർവാധികാരി താൻ തന്നെയാണെന്നും, ബിഹാറിലെ അധികാര കസേരയിൽ ഉരുക്കുമുഷ്ടിയോടെ ഭരിക്കുന്നത് താനല്ലാതെ മറ്റോരും ആവരുതെന്നും നിതീഷിന് നിർബന്ധമുണ്ട്. 'പാൽതു ചാച്ച' എന്നാണ് തേജസ്വി യാദവ് നേരത്തെ നിതീഷിനെ കളിയാക്കി കൊണ്ടിരുന്നത്. തരം പോലെ നിറം മാറുന്ന അമ്മാവൻ എന്നർത്ഥം. തനിക്ക് അധികാരത്തിലേക്ക് മടങ്ങി എത്താൻ കഴിയുമെന്നതുകൊണ്ടാണ് തേജസ്വി ഈ കളിക്ക് നിൽക്കുന്നത് എന്നത് വ്യക്തം. യാദവ വോട്ടിന്റെ 14.4 ശതമാനവും, മുസ്ലിം വോട്ടിന്റെ 17 ശതമാനവും ആർജെഡിക്ക് അവകാശപ്പെടാം. ജെഡിയു ആകട്ടെ പിന്നോക്ക വോട്ടുകളും സമാഹരിക്കുന്നു. നിതീഷ് കുമാർ കുർമി വിഭാഗത്തിൽ പെടുന്നയാളാണ്.
നോട്ടം പ്രധാനമന്ത്രി കസേരയിൽ
ജൂണിൽ, ഉദ്ദവ് താക്കറെ സർക്കാരിന്റെ പതനത്തിന് പിന്നാലെ, നിതീഷ് കുമാർ സോണിയ ഗാന്ധിയെ ഫോണിൽ വിളിച്ചു. സോണിയ നിതീഷിന്റെ ആശങ്കകളോട് അനുകൂലമായി പ്രതികരിച്ചു. തുടർന്ന് ലാലു പ്രസാദ് യാദവിനെ സോണിയ വിളിച്ചു. ലാലു തേജസ്വിയെ വിളിച്ച് പഴയതെല്ലാം മറക്കാൻ ഉപേദശിച്ചു. തേജസ്വി കളത്തിൽ ഇറങ്ങിയതോടെ നിതീഷിന് പുതിയ ടീമായി.
കസേര മോഹിയെന്ന വിളിപ്പേരുണ്ടെങ്കിലും, നിലവിലെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമെന്നാണ് നിതീഷ് കുമാർ കണക്കുകൂട്ടുന്നത്. പാർത്ഥ ചാറ്റർജിയുടെ കള്ളപ്പണ വിവാദത്തോടെ, മമത ബാനർജിയുടെ പ്രതിച്ഛായയക്ക് അൽപം മങ്ങലേറ്റിട്ടുണ്ട്. വടക്കേന്ത്യയിൽ തനിക്കുള്ള സ്വീകാര്യത കൂടി ചേരുമ്പോൾ, തനിക്ക് പ്രതിപക്ഷത്തിന്റെ നായകനാകാൻ അവസരം തെളിയുമെന്ന ശുഭപ്രതീക്ഷയിലാണ് നിതീഷ്. അതെ, നിതീഷിന്റെ നോട്ടം പ്രധാനമന്ത്രി കസേരയിൽ തന്നെ.
മറുനാടന് മലയാളി ബ്യൂറോ