പട്‌ന: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന പേര് ആർജെഡി നേതാവ് തേജസ്വി യാദവിനെതോടിയെത്തുമോ. ബിഹാർ തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി അവതരിപ്പിച്ച് പോസ്റ്ററുകൾ. ഇന്ന് തേജസ്വി യാദവിന്റെ ജന്മദിനമാണ്. അതിന് ആശംസയർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ബീഹാറിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിക്ക് ആശംസകൾ എന്നാണ് പോസ്റ്ററുകളിൽ ഉള്ളത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നത് നവംബർ 10 നാണ്. എക്‌സിറ്റ് പോളുകൾ പ്രകാരം മഹാസഖ്യത്തിന് ബീഹാറിൽ വലിയ വിജയം ഉണ്ടാകും എന്നാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പിൽ മഹാസഖ്യം വിജയിച്ച്, തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയാൽ ബീഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരിക്കും 31 കാരനായ തേജസ്വി.ആക്സിസ് സർവേ പ്രകാരം മഹാസഖ്യത്തിന് ഈ മേഖലയിലെ 49 സീറ്റുകളിൽ 33 സീറ്റുകൾ നേടാനാകുമെന്നാണ് പ്രവചനം. ഇത് മൊത്തം സീറ്റുകളുടെ മൂന്നിൽ രണ്ട് ഭാഗമാണ്.എൻ.ഡി.എയെക്കാൾ 12 ശതമാനമായിരിക്കും മഹാസഖ്യത്തിന് ഈ മേഖലയിൽ ലഭിക്കാൻ പോകുന്ന ലീഡ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇടതു പാർട്ടികൾക്ക് 29 സീറ്റുകളാണ് ആർ.ജെ.ഡി നൽകിയത്. 19 സീറ്റുകളിലാണ് സിപിഐ.എം.എൽ മത്സരിച്ചത്.

മഹാസഖ്യം വിജയിക്കുകയാണെങ്കിൽ അത് സിപിഐ.എം.എല്ലിന്റെ മികച്ച പ്രവർത്തനത്തിന്റെ കൂടി ഫലമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം, മഹാസഖ്യത്തെ നയിച്ച ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എ.ബി.പി ന്യൂസ് പ്രവചിക്കുന്നു. ആർ.ജെ.ഡിക്ക് 81 മുതൽ 89 വരെ സീറ്റും കോൺഗ്രസിന് 21-29 സീറ്റുമാണ് മഹാസഖ്യത്തിൽ ലഭിക്കുക.മഹാസഖ്യത്തിന് ആകെ 108 മുതൽ 131 വരെ സീറ്റാണ് എ.ബി.പി പ്രവചിക്കുന്നത്. എൻ.ഡി.എയ്ക്ക് 104-128 സീറ്റ് ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസ് എക്‌സിറ്റ് പോൾ പ്രവചനം.

ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും മഹാസഖ്യത്തിനാണ് സാധ്യത കൽപ്പിക്കുന്നത്.ടൈംസ് നൗ-സീ വോട്ടർ എക്സിറ്റ് പോൾ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. എൻ.ഡി.എയ്ക്ക് 116 ഉം എൽ.ജെ.പിക്കും ഒന്നും സീറ്റാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് ആറ് സീറ്റ് ലഭിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.റിപ്പബ്ലിക് ടി.വി- ജൻ കി ബാത്ത് സർവ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതൽ 139 വരെ സീറ്റും എൻ.ഡി.എയ്ക്ക് 91 മുതൽ 117 സീറ്റുമാണ് പ്രവചിക്കുന്നത്.എൽ.ജെ.പിക്ക് 5-8 സീറ്റും റിപ്പബ്ലിക് ടി.വി- ജൻ കി ബാത് പ്രവചിക്കുന്നു.

അതേസമയം ഇന്ത്യാ ടി.വി എക്സിറ്റ് പോൾ പ്രകാരം എൻ.ഡി.എയ്ക്കാണ് അനുകൂലം. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എൻ.ഡി.എ 112 സീറ്റ് നേടുമെന്നും ഇന്ത്യാ ടി.വി പ്രവചിക്കുന്നു. മഹാസഖ്യത്തിന് 110 സീറ്റാണ് പ്രവചിക്കുന്നത്.