- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവ ദാനത്തിനായി ശവസംസ്ക്കാരച്ചടങ്ങ് മാറ്റിവച്ചു; അവയവ ദാതാക്കളുടെ കൂട്ടത്തിൽ വേറിട്ട മാതൃക സൃഷ്ടിച്ച് ബിജുവിന്റെ കുടുംബം; ബിജുവിന്റെ അവയവങ്ങൾ ഇനി പലർക്കും പുതുജീവനേകും
തിരുവനന്തപുരം : ഹൃദയദാനത്തിനായി ശവസംസ്‌കാരച്ചടങ്ങ് മാറ്റിവച്ച് അവയവ ദാതാക്കളുടെ കൂട്ടത്തിൽ വേറിട്ട മാതൃക സൃഷ്ടിച്ച് ബിജുവിന്റെ കുടുംബം. പെരുകാവ് കോണക്കോട് ലെയിൻ ശ്രീനന്ദനത്തിൽ ബിജുവിന്റെ(44) ബന്ധുക്കൾ മസ്തിഷ്‌ക മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം നൽകുകയായിരുന്നു. അപരാജിത എന്ന സ്ഥാപനത്തിന്റെ കരാർ ജീവനക്കാരനായിരുന്നു ബിജു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൃദയസ്തംഭനമുണ്ടായത്. പിന്നാലെ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ബിജുവിന്റെ സഹോദരീ ഭർത്താവായ പ്രദീപാണ് അവയവദാനത്തെക്കുറിച്ച് ബിജുവിന്റെ അച്ഛൻ നാരായണൻ നായരോടും അമ്മ ഭാനുമതിയമ്മയോടും തന്റെ ഭാര്യയും ബിജുവിന്റെ സഹോദരിയുമായ മീരയോടും സൂചിപ്പിച്ചത്. കുടുംബമൊന്നാകെ അവയവദാനത്തിന് അനുകൂല നിലപാടെടുത്തു. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്യാൻ തീരുമാനിച്ചത്.
കുടുംബമൊന്നാകെ അവയവദാനത്തിനു തയ്യാറായത് ആരോഗ്യ മന്ത്രി ഉൾപ്പെടെ സമൂഹത്തിന്റെയൊന്നാകെ ആദരവ് ഏറ്റുവാങ്ങിയ തീരുമാനമായി. തുടർന്ന് എസ്‌കെ ആശുപത്രിയിലെ ഇന്റെൻസിവിസ്റ്റ് ഡോ.രവി, ഡോ. നോബിൾ ഗ്രേഷ്യസ് (മൃതസഞ്ജീവനി ) എന്നിവർ തുടർനടപടികൾ വേഗത്തിലാക്കി.
എന്നാൽ, സംസ്ഥാനത്ത് ഹൃദയം സ്വീകരിക്കുന്നതിനു രോഗികളാരും മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് ചെന്നൈയിൽനിന്ന് സ്വീകർത്താവിനെ കണ്ടെത്തി. ഉച്ചയ്ക്ക് 12.30ന് ബിജുവിന്റെ സംസ്‌കാരച്ചടങ്ങു നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. എന്നാൽ, ചെന്നൈയിൽനിന്നും ഡോക്ടർമാർ എത്തി ഹൃദയം എടുക്കുന്നത് വൈകുമെന്ന അറിയിപ്പു ലഭിച്ചപ്പോൾ ബന്ധുക്കൾ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. മൃതസഞ്ജീവനിയുടെ ചരിത്രത്തിൽ തന്നെ ഇത്തരം ഒരു മാതൃക സൃഷ്ടിച്ച കുടുംബാംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോർജും മൃതസഞ്ജീവനി അധികൃതരും പ്രശംസിച്ചു. സംസ്‌കാരം രാത്രി 7.30 ന് വീട്ടുവളപ്പിൽ നടത്തി.
ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് നൽകുന്നത്. വൈകിട്ട് മൂന്നരയോടെ ഹൃദയം വിമാനമാർഗം ചെന്നൈയിലേയ്ക്കു കൊണ്ടുപോയി. യാത്രാതടസമുണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു. ജില്ലാകലക്ടർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ആശുപത്രിയിലെത്തിയാണ് നടപടികൾ ഏകോപിപ്പിച്ചത്
മറുനാടന് മലയാളി ബ്യൂറോ