- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പർ പ്ലേറ്റില്ലാതെ പൊലീസിനെ വെല്ലുവിളിച്ച് സ്റ്റേഷന് മുന്നിൽ ബൈക്കഭ്യാസം; 'അവനെ പിടിക്കാൻ ഏമാന്മാർക്ക് ഉടൽ വിറയ്ക്കും.. അവൻ നാലാംദിവസം സ്റ്റേഷനിൽ നിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും.. പിടിച്ചവനെ ഐസുപെട്ടിയിൽ കിടത്തു' എന്ന് ഭീഷണി വീഡിയോയും; വീഡിയോ വൈറലായതോടെ അഭ്യാസിക്ക് പണി കിട്ടി; അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു
കൊല്ലം: പൊലീസ് സ്റ്റേഷനുമുന്നിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പൊലീസിനെ വെല്ലുവിളിച്ച് അഭ്യാസം കാണിക്കുകയും സാമൂഹികമാധ്യമങ്ങളിൽ ഭീഷണിയോടെ അഭ്യാസ പ്രകടനം പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവനാട് വള്ളിക്കീഴ് നഗർ പ്രിയാനിവാസിൽ നിധേഷിനെ(22)യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. വാഹനത്തിന്റെ രജിസ്ട്രേഷനും ഇയാളുടെ ലൈസൻസും താത്കാലികമായി റദ്ദാക്കാൻ പൊലീസ് റിപ്പോർട്ടുപ്രകാരം കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. നടപടി തുടങ്ങി. ബൈക്ക് പരവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം-പരവൂർ തീരദേശപാതയിൽനിന്ന് കഴിഞ്ഞ നാലിന് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ ദിവസമാണ് നമ്പർ പ്ലേറ്റില്ലാത്ത സ്പോർട്സ് ബൈക്ക് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ. പിടികൂടിയത്. പിടികൂടിയ ബൈക്ക് പൊലീസുകാരൻ സ്റ്റേഷനിലേക്ക് ഓടിച്ചുപോകുന്നതുമുതലുള്ള ദൃശ്യങ്ങൾ നിധേഷിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മെബൈലിൽ പകർത്തിയിരുന്നു. ബൈക്ക് സ്റ്റേഷനിൽനിന്ന് ജാമ്യത്തിലിറക്കിയപ്പോഴാണ് ഒറ്റ ടയറിൽ ബൈക്ക് ഉയർത്തി അഭ്യാസം കാട്ടിയ ശേഷം ഓടിച്ചുപോകുന്നതു ചിത്രീകരിച്ചത്. ഭീഷണിയും ചേർത്താണ് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. 'അവനെ പിടിക്കാൻ ഏമാന്മാർക്ക് ഉടൽ വിറയ്ക്കും. അവൻ നാലാംദിവസം സ്റ്റേഷനിൽനിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും. പിടിച്ചവനെ ഐസുപെട്ടിയിൽ കിടത്തും' എന്നിങ്ങനെയായിരുന്നു ഭീഷണി.
ഇത് വൈറലായതോടെ വെല്ലുവിളി വിനയായി. നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് സ്റ്റേഷനിലെത്തിയിട്ടും ശ്രദ്ധിച്ചില്ലെന്നത് വീഴ്ചയായി. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ചാത്തന്നൂർ എ.സി.പി. വൈ.നിസാമുദ്ദീൻ അറിയിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ സ്പെഷ്യൽ ബ്രാഞ്ച് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിറ്റി കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം ബൈക്ക് കണ്ടെത്താൻ പരവൂർ പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.കെ ദിലുവിന്റെ സഹായം പൊലീസ് തേടി.
തുടർന്ന് വാഹനഉടമയെ ഫോണിൽ ബന്ധപ്പെട്ട് ബൈക്ക് ഹാജരാക്കാൻ നിർദ്ദേശിച്ചു. എന്നാൽ ആദ്യം പലവിധ കാരണങ്ങൾ പറഞ്ഞ് വരാതിരുന്ന ഇയാളെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുമെന്ന് പറഞ്ഞതോടെയാണ് വാഹനം ആർ.ടി.ഒയുടെ മുന്നിലെത്തിക്കാൻ തയ്യാറായത്. കഴിഞ്ഞ ദിവസം വൈകുന്നേപത്തോടുകൂടി വാഹനവുമായി നിധേഷ് കല്ലുംതാഴം ജങ്ഷനിലെത്തിയപ്പോൾ ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരം എൻഫോഴ്സ്മെന്റ് ടീം വാഹനം പിടിച്ചെടുക്കുകയും ആർ.ടി.ഒ എ.കെ ദിലു എത്തിയശേഷം പരവൂർ പൊലീസിനെ വിളിച്ചു വരുത്തി കൈമാറുകയുമായിരുന്നു.
വാഹനത്തിൽ നേരത്തെ രൂപമാറ്റം വരുത്തിയിരുന്ന ഭാഗങ്ങളെല്ലാം ഒഴിവാക്കിയ ശേഷമാണ് ഇയാൾ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്. പൊലീസിനെ തരംതാഴ്ത്തുന്ന രീതിയിൽ അഭ്യാസം കാണിച്ചതിനാൽ ശിക്ഷ കടുപ്പിക്കുമെന്ന് ആർ.ടിഒ പറഞ്ഞു. വാഹന രജിസ്ട്രേഷനും ലൈസൻസും തൽക്കാലത്തേക്ക് സസ്പെൻഡ് ചെയ്തു. അതേ സമയം പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ സുഹൃത്തുക്കളാണ് ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചത് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കി. എന്നാൽ പൊലീസ് അപകടരമായി വാഹനം ഓടിച്ചതിന് കേസെടുത്തു.
മൊബൈൽ ഷോപ്പിൽ ജോലിക്കാരനായ നിധേഷ് പാവപ്പെട്ട വീട്ടിലെ അംഗമാണ്. എന്നാൽ ഇയാളുടെ ബൈക്കിന് 2.30 ലക്ഷം രൂപ വിലയുണ്ട്. കെ.ടി.എം എന്ന കമ്പനിയുടെ ബൈക്ക് ഉപയോഗിച്ച് ഇയാൾ അഭ്യാസ പ്രകടനം നടത്തുന്നിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.