ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിന് പുറമേ മയക്കുമരുന്ന് കേസിലും ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകി. ബിനീഷിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി ബിനീഷിനെ എൻ സി ബി ഓഫീസിലേക്ക് കൊണ്ടുപോയി. സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയാണ് ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങിയത്.കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻ സി ബി അഭിഭാഷകൻ കോടതിയെ സമീപിച്ചത്. രണ്ടര മണിക്കൂർ മുമ്പ് എൻ സി ബി ഉദ്യോഗസ്ഥർ പരപ്പന അഗ്രഹാര ജയിലിൽ എത്തി ബിനീഷിനെ തങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുപോയി. എൻഫോഴ്സ്മെന്റ് കസ്റ്റഡി കാലാവധി നീട്ടിയതുകൊണ്ടാണ് ബിനീഷിനായി എൻ സി ബി ഇത്രയും ദിവസം കാത്തിരുന്നത്. ചോദ്യം ചെയ്യലിന് ശേഷമാകും ബിനീഷിന് എതിരായ തുടർനീക്കങ്ങളിൽ എൻ സി ബി തീരുമാനമെടുക്കുക.

രണ്ട് മലയാളികളടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റിൽ എൻ.സി.ബി മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി. അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായതെന്നാണ് സൂചന. തനിക്ക് സാമ്പത്തിക സഹായം നൽകിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നൽകിയിരുന്നു. ഈ കേസിലാണ് ബിനീഷ് കോടിയേരിയും പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്.

ബിനീഷ് കൊക്കെയ്ൻ എന്ന മാരക ലഹരി വസ്തു ഉപയോഗിച്ചിരുന്നതായി കല്യാൺ നഗറിലെ റോയൽ സ്വീറ്റ് അപ്പാർട്‌മെന്റ്‌സിൽ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്പനി ജീവനക്കാരൻ സോണറ്റ് ലോബോ എൻഫോഴ്സ്‌മെന്റിന് മൊഴി നൽകിയിരുന്നു. ഇവിടെ 205, 206 മുറികളിലാണ് അനൂപും സോണറ്റ് ലോബോയും താമസിച്ചിരുന്നത്. ബിനീഷ് ഇവിടം സന്ദർശിച്ചിരുന്നതായും അനൂപുമൊത്ത് ലഹരി ഉപയോഗിച്ചിരുന്നതായും മൊഴിയിലുണ്ട്. ഇ ഡി ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ബിനീഷ് എൻ സി ബിയുടെ കസ്റ്റഡിയിലായതോടെ ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും

അതേസമയം കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. നാളെ എത്താൻ ആവശ്യപ്പെട്ടാണ് നോട്ടിസ്. ബിനീഷിന്റെ അക്കൗണ്ടുകളിലേയ്ക്കു പണം അയച്ചത് അനിക്കുട്ടൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.