തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ നാർക്കൊട്ടിക്‌സ് ബ്യൂറോ ചോദ്യം ചെയ്‌തേക്കും. സ്വർണ്ണക്കടത്തും ലഹരിമരുന്ന് കടത്തും കെട്ടുപിണഞ്ഞതോടെയാണ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം നീങ്ങുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ബംഗ്ലൂർ ഡോൺ എന്നറിയപ്പെടുന്ന മുഹമ്മദ് അനൂപ് അറസ്റ്റിലായതോടെയാണ് ഉന്നതന്റെ മകന്റെ ശനിദശയും ആരംഭിച്ചിരിക്കുന്നത്. അനൂപിന്റെ ബിസിനസ് പാർട്ണർ ആണ് ബിനീഷ് എന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. അനൂപ് ബംഗലൂരുവിൽ തുടങ്ങിയ റെസ്റ്റോറന്റിന്റെ മുതൽ മുടക്കിൽ ബിനീഷിനു നിക്ഷേപ പങ്കാളിത്തമുണ്ട്. ഇത് അനൂപ്‌ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇതോടെയാണ് ഉന്നതന്റെ മകന്റെ ചോദ്യം ചെയ്യലിന് അരങ്ങു ഒരുങ്ങിയിരിക്കുന്നത്.

ലഹരിമരുന്ന് കേസ് ആയതിനാൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാകുക എളുപ്പവുമില്ല. ചോദ്യം ചെയ്യൽ അധികം നീളില്ലെന്നാണ് വ്യക്തമാകുന്നത്. ചോദ്യം ചെയ്യൽ അറസ്റ്റിലേക്ക് നീണ്ടാൽ അത് കേരളത്തിൽ സിപിഎമ്മിന് അത് വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. സ്വപ്നയുമായും മുഹമ്മദ് അനൂപുമായുംബിനീഷ് തെളിവുകൾ സഹിതം തെളിഞ്ഞാൽ അത് സിപിഎമ്മിന് ഓർക്കാപ്പുറത്ത് വരുന്ന രാഷ്ട്രീയ ആഘാതമായി മാറും. സ്വർണ്ണക്കടത്ത് കേസിൽ മടിയിൽ കനമില്ലാത്തതിനാൽ പേടിക്കേണ്ടതില്ല എന്ന വാദം മുഖ്യമന്ത്രി പിണറായി വിജയന് ആവർത്തിക്കാനും കഴിയാതെയും വരും. സ്വപ്നാ സുരേഷുമായി ബിനീഷിനു അടുത്ത ബന്ധമുണ്ടെന്നു മുൻപ് തന്നെ ബോധ്യപ്പെട്ടിരിക്കുന്നത് എൻഐഎയ്ക്കും ഇഡിക്കുമാണ്.

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിൽ എല്ലാം അവസാനിച്ചു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പറഞ്ഞത്. ഇത് മുഖ്യമന്ത്രിക്ക് പറഞ്ഞു നിൽക്കാനുള്ള അവസരം ഇല്ലാതെയാക്കും. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നാ സുരേഷ് ബംഗളൂരിൽ കഴിയവേ നിരവധി തവണ ബിനീഷും അനൂപും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഉന്നതന്റെ മകനെ കുടുക്കുന്ന മൊഴികൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ടാണ് എൻസിബി ഉന്നതന്റെ മകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. എൻസിബി ചോദ്യം ചെയ്താൽ എൻഐഎ-കസ്റ്റംസ്-ഡിആർഡിഎ-ഇഡി സംഘങ്ങളുടെ ചോദ്യം ചെയ്യലിനും ഉന്നതന്റെ മകൻ വിധേയനാകേണ്ടി വരും. ഇഡി മുൻപ് തന്നെ ഇയാളെ നോട്ടമിട്ടതുമാണ്. കേരളത്തിലെ വിവിധ ബിനാമി ഇടപാടുകളിൽ ഇയാളുടെ പങ്കിനെക്കുറിച്ച് ഇഡിക്ക് മുൻപ് തന്നെ വിവരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിൽ ബിനീഷ് ബിനാമി പേരുകളിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നാണ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് വന്നതോടെബിനീഷ് കോടിയേരിയെ കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ചു തുടങ്ങിയിരുന്നു. സ്വപ്നാ സുരേഷുമായി ഇയാൾ അടുക്കുന്നത് യുഎഇ കോൺസുലെറ്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ്. യുഎഇ കോൺസുലെറ്റിലെക്കുള്ള സാധനസാമഗ്രികളിൽ വലിയ പങ്കു എത്തിച്ചത് ബിനീഷിന്റെ ബിനാമി സ്ഥാപനങ്ങളാണ് എന്നാണ് ഏജൻസികൾക്ക് ലഭിച്ച വിവരം. കോടികൾ ആണ് സ്വപ്നാ സുരേഷ് ഇതിന്റെ പേരിൽ യുഎഇ കോൺസുലെറ്റിൽ നിന്നും ഉന്നതന്റെ മകന് വാങ്ങിക്കൊടുത്തത്. ഇതോടെയാണ് സിപിഎമ്മിന്റെ അധികാരകേന്ദ്രങ്ങളുമായി സ്വപ്നയ്ക്ക് ബിനീഷ് ബന്ധം സൃഷ്ടിച്ചു കൊടുത്തത്.

ഈ ബന്ധത്തിന്റെ വിശദാംശങ്ങൾ എൻഐഎയ്ക്ക് സ്വപ്ന കൈമാറിയിട്ടുമുണ്ട്. സ്വപ്നയും ബിനീഷ് തമ്മിൽ ബന്ധം മുറുകിയതോടെയാണ് യുഎഇ കോൺസുലെറ്റ് വിസ സ്റ്റാമ്പിങ് സെന്ററുകളുടെ കരാർ ഉന്നതന്റെ മകന്റെ ബിനാമി കമ്പനിക്ക് നൽകിയത്. യുഎഇ കോൺസുലെറ്റ് വിസ സ്റ്റാംപിങ് കരാർ നൽകിയ രണ്ടു കമ്പനികളിൽ പ്രധാന യുഎഫ്എക്‌സ് സോല്യുഷൻ ഇയാളുടെ ബിനാമി കമ്പനിയാണ്. ഫോർത്ത് ഫോഴ്‌സ് തമിഴ്‌നാട് കമ്പനിയും. യുഎഫ്എക്‌സിനു കരാർ നൽകിയപ്പോൾ പേരിനു വേണ്ടിയാണ് ഫോർത്ത് ഫോഴ്‌സിനും കരാർ നൽകിയത്. ഈ രണ്ടു കമ്പനികളിൽ നിന്നും താൻ കമ്മിഷൻ പറ്റുന്നതായി സ്വപ്ന എൻഐഎയ്ക്കും കസ്റ്റംസിനും ഇഡിക്കും മൊഴി നൽകിയിട്ടുണ്ട്.

സ്വപ്നയുടെ ഈ ഇടപടൽ എൻഐഎയും ഇഡിയും പരിശോധിച്ച് കൊണ്ടിരിക്കെയാണ് ബംഗളൂരു ലഹരി മരുന്ന് കടത്ത് കേസിൽ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ് പിടിയിലാകുന്നത്. ഇതോടെയാണ് അനൂപും ബിനീഷും തമ്മിലുള്ള ബന്ധം എൻസിബിക്ക് ബോധ്യമാകുന്നത്. ഇതോടെ ഉന്നതന്റെ മകനെ ചോദ്യം ചെയ്യേണ്ടതിന്റെ അനിവാര്യതയാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുള്ളത്. അതേസമയം സ്വർണക്കടത്തു കേസിൽ എൻഐഎ തെളിവെടുപ്പ് ശക്തമാക്കി. സ്വപ്നയടക്കമുള്ള പ്രതികൾ സെക്രട്ടേറിയറ്റിലെ ഏതൊക്കെ ഓഫിസുകളിൽ ആരെയൊക്കെ സന്ദർശിച്ചുവെന്നു കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനറെ ഭാഗമായാണ് എൻഐഎ) മൂന്നാം വട്ടവും ഇന്നലെ സെക്രട്ടേറിയറ്റിലെത്തിയത്.

ക്യാമറകൾ എവിടെയൊക്കെ സ്ഥാപിച്ചു എന്നാണ് ഇവർ ആദ്യം മനസിലാക്കിയത്. തുടർന്ന് സെക്രട്ടേറിയറ്റിലെ സെർവർ റൂമും കൺട്രോൾ റൂമും ദൃശ്യങ്ങളും പരിശോധിച്ചു. റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ സുരക്ഷിതമാണോ, അതിൽ ക്രമക്കേടിനു സാധ്യതയുണ്ടോ, ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കാനുള്ള ശേഷിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു. തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ ഓഫിസിലും സംഘം എത്തി. ഏതൊക്കെ ക്യാമറകളിലെ ദൃശ്യങ്ങൾ വേണമെന്നു 2 ദിവസത്തിനുള്ളിൽ കത്തു നൽകുമെന്നു എൻഐഎ അധികൃതർ അറിയിച്ചിട്ടുണ്ട്.