ബെംഗളൂരു: മയക്കുമരുന്ന് കേസിൽ നടി രാഗിണി ദ്വിവേദിയെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തതോടെ അന്വേഷണം പുതിയ തലത്തിൽ. അറസ്റ്റിലായ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുടെ മൊഴിയിൽ കണ്ണൂർ സ്വദേശി ജിംറീൻ അഷിയുടെ പേരുവന്നതോടെ കേസിൽ മറ്റൊരു മലയാളി ബന്ധമായി. സിനിമാ മേഖലയിലേക്ക് മയക്കുമരുന്ന് എത്തിക്കാൻ അനിഘയെ പരിചയപ്പെടുത്തിയത് ജിംറീൻ ആണെന്നാണ് വെളിപ്പെടുത്തൽ. ഇത് ഏറെ നിർണ്ണായകമാണ്.

'കാണ്ഡഹാർ' എന്ന മലയാള സിനിമയിൽ രാഗിണി അഭിനയിച്ചിട്ടുണ്ട്. നടി സഞ്ജന ഗൽറാണിയെയും ചോദ്യംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ സഹായി രാഹുലിനെ വ്യാഴാഴ്ച രാത്രി അറസ്റ്റുചെയ്തിരുന്നു. തെ്ന്നിന്ത്യയിലെ പ്രധാന നടിയാണ് സഞ്ജന. രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഇവർ വീട്ടിൽ പാർട്ടി നടത്തി ലഹരിമരുന്ന് വിതരണം ചെയ്തതിന് തെളിവു ലഭിച്ചു. ഈ സാഹചര്യത്തിലായിരുന്നു അറസ്റ്റ്.

സീരിയൽ നടി അനിഘയാണ് സിനിമാ മേഖലയിൽ മയക്കുമരുന്നെത്തിച്ചത്. ഇവരുടെ ഡയറിയിൽനിന്നും മൊഴിയിൽനിന്നും സിനിമാ താരങ്ങളെപ്പറ്റിയും വി.ഐ.പി.മാരുടെ മക്കളെപ്പറ്റിയും വിവരങ്ങൾ കിട്ടിയിട്ടുണ്ട്. 12 പ്രമുഖർക്ക് ചോദ്യംചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകും. കല്യാൺ നഗറിലെ ഹോട്ടൽ റോയൽ സ്യൂട്ട് കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കും നിശാ പാർട്ടികൾക്കും ലഹരിമരുന്ന് എത്തിച്ചു നൽകി. ഇക്കാര്യം മുഹമ്മദ് അനൂപ് മൊഴിനൽകിയിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷിക്കും.

ഇയാളുടെ ഫോണിൽനിന്ന് സ്വർണക്കടത്ത് കേസ് പ്രതി കെ.ടി. റമീസിന്റെ ഫോൺ നമ്പർ കിട്ടിയത് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനായി കൊച്ചിയിൽനിന്ന് കസ്റ്റംസ് സംഘമെത്തും. ഹോട്ടൽ വ്യവസായത്തിനായി സിപിഎം. കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി സാമ്പത്തികസഹായം നൽകിയിട്ടുണ്ടെന്നു മൊഴിയിലുണ്ട്.

അനിഘയുടെ ഫോൺ നമ്പർ തന്നത് ജിംറീൻ അഷിയാണെന്നാണ് അനൂപിന്റെ മൊഴി. അനിഘയുടെ മൊഴിയിൽ അനൂപിനെ പരിചയപ്പെടുത്തിയത് ജിംറീനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനിഘ ജിംറീസ് എന്നാണ് പറഞ്ഞതെങ്കിലും ഒരേ ഫോൺ നമ്പറാണ്. വിദേശത്തുനിന്ന് എം.ഡി.എം.എ. ഗുളികകൾ എത്തിച്ച് വിദ്യാർത്ഥികൾക്ക് വിതരണംചെയ്താണ് മയക്കുമരുന്ന് കച്ചവടത്തിലേക്കുവന്നത്. ഇതിനായി തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനുമായി ബന്ധപ്പെട്ടുവെന്നാണ് അനൂപിന്റെ മൊഴി. ഇയാളും അറസ്റ്റിലാണ്.

അതിനിടെ മുഹമ്മദ് അനൂപിന് തുണിക്കച്ചവടവുമായുള്ള ബന്ധം അന്വേഷിക്കുന്നുണ്ട്. അനൂപുമായി ബന്ധപ്പെട്ട് തുണിക്കച്ചവടത്തിൽ പങ്കാളിയായ കലൂർ കറുകപ്പിള്ളി സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബംഗളൂരുവിൽനിന്നാണ് പ്രധാനമായി വലിയ അളവിൽ തുണികൾ വരുന്നത്. ഇതിലൊളിപ്പിച്ച് എൽ.എസ്.ഡി. സ്റ്റാമ്പ് കടത്തിയിരുന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊച്ചിയിൽ വിവിധ മേഖലയിലുള്ളവർക്ക് അനൂപിന്റെ സംഘം ലഹരിയെത്തിച്ചുനൽകിയെന്ന് വിവരമുണ്ട്. കൊച്ചിയിലും സിനിമാക്കാരാണ് പ്രധാന ഉപബോക്താക്കൾ എന്നാണഅ സൂചന.

ഹോട്ടൽ ബിസിനസ് നടത്തുന്ന അനൂപിന് തുണിക്കച്ചവടം നടത്തുന്ന യുവാക്കളുമായുള്ള ബന്ധമാണ് സംശയത്തിനിടയാക്കിയത്. 200 കോടിയുടെ എം.ഡി.എം.എ. കൊച്ചിയിൽ പിടിച്ചപ്പോഴാണ് തുണിയുടെ മറവിൽ പ്രത്യേക അറയൊരുക്കി ലഹരി കടത്തുന്ന രീതി പുറത്തുവന്നത്. കലൂർ കറുകപ്പിള്ളി കേന്ദ്രീകരിച്ച് അനൂപിന്റെ സംഘത്തിലെ കൂടുതൽ പേരുണ്ടെന്ന് സംസ്ഥാന പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെയൊപ്പം പൊലീസും രഹസ്യാന്വേഷണം നടത്തിവരികയാണ്.

രണ്ടുവർഷംമുന്പ് കൊച്ചി പള്ളിമുക്കിലെ ഹോട്ടലിൽ അനൂപും മറ്റൊരു യുവാവും തമ്മിൽ അടിപിടിയുണ്ടായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. അനൂപ് ലഹരികടത്തുകാരനാണെന്നും ഉന്നതരുമായി ബന്ധമുണ്ടെന്നും യുവാവ് പൊലീസിനോട് വിളിച്ചുപറഞ്ഞിരുന്നു. തുടർന്ന് അനൂപിനെ ദേഹപരിശോധന നടത്തി ഒന്നുമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് വിടുകയായിരുന്നു. ബെംഗളൂരുവിൽ സാം എന്നപേരിൽ അറിയപ്പെടുന്ന നൈജീരിയക്കാരനിൽനിന്നാണ് കൊച്ചിയിൽനിന്നുള്ള സംഘങ്ങൾ ലഹരി വാങ്ങുന്നതെന്നാണ് വിവരം.

എരുമേലി അഷ്‌കർ അഷറഫ്(23), പത്തനംതിട്ട അടൂർ പന്തളം മുറിയൂർ ഷാമോൻ(25) എന്നിവരെ 1.117 കിലോഗ്രാം കഞ്ചാവുമായും കണ്ണൂർ തലശ്ശേരി എടക്കാട് മുഴപ്പിലങ്ങാട് എൻഎൻ വടംദേശത്ത് മുഹമ്മദ് റിഹാനെ(26) 10 ഗ്രാം ഹഷീഷ് ഓയിലുമായും എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. പിടിയിലായവർ ലഹരിമരുന്നു വ്യാപാരികളാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. ലോക്ഡൗൺ കാലഘട്ടത്തിൽ പച്ചക്കറി വണ്ടികളുടെയും കണ്ടെയ്‌നർ ലോറികളുടെയും മറവിലാണ് ഇപ്പോൾ കേരളത്തിൽ ലഹരിമരുന്ന് എത്തുന്നതെന്നും അന്വേഷണസംഘം പറഞ്ഞു. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കാക്കനാട് ഭാഗത്തു മുറിയെടുത്താണു പ്രതികൾ ലഹരിമരുന്ന് ഇടപാടു നടത്തിയത്.

ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി മൂന്നിരട്ടി വിലയ്ക്കാണു പ്രതികൾ ലഹരിമരുന്ന് വിറ്റിരുന്നത്. കണ്ണൂരിലുള്ള വൻ ലഹരിമരുന്നു റാക്കറ്റിനെക്കുറിച്ച് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.