- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.ഡി കസ്റ്റഡിയിലിരിക്കുന്ന ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം; കടുത്ത നടുവേദനയെ തുടർന്ന് ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റി; ദേഹാസ്വാസ്ഥ്യം മാരത്തോൺ ചോദ്യം ചെയ്യലിന് പിന്നാലെ; പ്രവേശിപ്പിച്ചത് സമീപത്തെ സർക്കാർ ആശുപത്രിയിൽ; ആശുപത്രിയിൽ പോകുവാണോ എന്ന ചോദ്യത്തിന് തലയാട്ടിയുള്ള ബിനീഷിന്റെ മറുപടിയും
തിരുവനന്തപുരം: ഇ.ഡി കസ്റ്റഡിയിലിരിക്കുന്ന ബിനീഷ് കോടിയേരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇ.ഡി കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെയാണ് കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ചോദ്യം ചെയ്യലിന് ഇടയിലാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മാരത്തോൺ ചോദ്യം ച്യെലിന് ഇടയിലാണ് ബിനീഷിന് നടുവേദന പ്ര്ശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയത്. ഇതോടെ ഉദ്യോഗസ്ഥർ കാറിൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സമീപത്തെ സർക്കാർ ആശുപത്രിയിലേക്കാണ് മാറ്റിയത്.
മയക്കുമരുന്നു കേസിൽ അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് ഇഡി വ്യക്തമാക്കിയതോടെ ആഭ്യന്തര സുരക്ഷാ വിഭാഗം ബിനീഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അതിനിടെ മലയാള സിനിമയിലേക്കും അന്വേഷണം നീളുകയാണ്. കേരളത്തിൽ നടന്ന പൗരത്വ രജിസ്റ്റർ പ്രക്ഷോഭത്തിൽ പങ്കെടുത്ത ചലച്ചിത്രതാരങ്ങൾ അടക്കമുള്ള ചിലർ ബിനീഷുമായി അടുപ്പം പുലർത്തുന്നവരാണ്. ഇവരിൽ ചിലർക്ക് ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദും നിയാസുമായും ബന്ധമുണ്ട്. ബെംഗളൂരുവിൽ നടന്ന നിശാ പാർട്ടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. ഇവരേയും കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കും.
ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ആഭ്യന്തര സുരക്ഷാ വിഭാഗം ശേഖരിച്ചതായാണ് വിവരം. ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന സൂചനയാണ് ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും നൽകുന്നത്. ലഹരിമരുന്നു പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. പൗരത്വ രജിസ്റ്റർ ഭേദഗതിക്കെതിരെ കർണാടകത്തിൽ നടന്ന പ്രതിഷേധങ്ങളിൽ മലയാളി സാന്നിധ്യം വ്യക്തമായിരുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്കാണ് എത്തി നിൽക്കുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഇതുവരെ എട്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീലങ്ക, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങളുടെ ഭാഗമായ റാക്കറ്റും ഇന്ത്യയിൽ ലഹരിമരുന്ന് എത്തിക്കുന്നതിനു പിന്നിലുണ്ടെന്നു കണ്ടെത്തിയിരുന്നു.
കായിക, ടെലിവിഷൻ, ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ 75 പേരെ ഇതിനകം ആഭ്യന്തര സുരക്ഷാ വിഭാഗം ചോദ്യം ചെയ്തു. ഇതിൽ ബെംഗളൂരു മയക്കുമരുന്നു കേസിൽ എൻസിബി അറസ്റ്റു ചെയ്ത മലയാളികളായ അനൂപ് മുഹമ്മദ്, റജീഷ് രവീന്ദ്രൻ, സിസിബി അറസ്റ്റു ചെയ്ത നിയാസ് മുഹമ്മദ് എന്നിവരും ഉൾപ്പെടുന്നു. ഇവരെക്കൂടാതെ നിയാസ് മുഹമ്മദ്, തിരുവനന്തപുരം സ്വദേശികളായ റാൻ ഡാനിയേൽ, ഗോകുൽ കൃഷ്ണ എന്നിവർ ഇപ്പോൾ കർണാടകയിൽ റിമാൻഡിലാണ്.
അതിനിടെ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ കഴിയുന്ന ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് പറയുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്നും എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നത്. കേസിൽ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷും തമ്മിൽ ബന്ധമുണ്ട്. അനൂപ് നടത്തിയിരുന്ന ഹോട്ടലിന്റെ ഉടമ ബിനീഷാണെന്ന് എൻഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
നിലവിൽ കസ്റ്റഡിയിൽ കഴിയുന്ന ബിനീഷിനെ വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് 11 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ബിനീഷ് ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകാത്തതിനാലാണ് ചോദ്യം ചെയ്യൽ ഇത്രയും നീണ്ട് പോയതെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. മയക്കുമരുന്ന് ഇടപാടിൽ ബിനീഷിനു അറിവുണ്ടെന്നു തെളിഞ്ഞാൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയെ(എൻസിബി) വിവരം അറിയിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. ബെംഗളൂരുവിലെ കല്യാൺനഗറിലെ ഹോട്ടൽ നടത്തിപ്പിനായി അനൂപിനെ മറയാക്കി ബിനീഷ് പണം മുടക്കുകയായിരുന്നു. എന്നാൽ മയക്കുമരുന്ന് ബിസിനസ്സിനായാണ് അനൂപ് ഇത് ഏറ്റെടുത്തതെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.
അനൂപിന്റേയും സംഘത്തിന്റെയും ലഹരി മരുന്ന് ഇടപാടുകൾ നിരീക്ഷച്ചതിന് ശേഷമാണ് എൻസിബി ഇവരെ പിടികൂടുന്നത്. ലഹരി മരുന്ന് പാർട്ടികൾ നടക്കാറുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻസിബി ഹോട്ടലിനെ നിരീക്ഷണത്തിലാക്കിയത്. പിന്നീട് ഓഗസ്റ്റ് മാസം ഹോട്ടലിൽ നിന്നും ലഹരി മരുന്നുമായി അനൂപിനെ എൻസിബി പിടികൂടുകയായിരുന്നു. 25 ലക്ഷം മുൻകൂർ നൽകി പ്രതിമാസം മൂന്നര ലക്ഷം രൂപ വാടകയ്ക്കാണ് അനൂപ് മുഹമ്മദ് കല്യാൺനഗറിലെ റോയൽസ്യൂട്ട്സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്. ഇതേ ഹോട്ടലിന്റെ 205 -ാം മുറിയിലാണ് അനൂപ് താമസിച്ചിരുന്നത്. ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖർ ഇവിടെ സന്ദർശകരായി എത്തിയിട്ടുണ്ട്. വിദേശികളും ഇവിടെ വന്നുപോയതായും അനൂപ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ബിനീഷ് കോടിയേരി പ്രതിയായ ബംഗളൂരു മയക്കുമരുന്നു കേസിനു തീവ്രവാദബന്ധവുമുണ്ടെന്നും പൗരത്വ നിയമഭേദഗതിക്കെതിരേ കർണാടകയിൽ നടന്ന സമരങ്ങളിൽ ഈ ലഹരിമാഫിയ സംഘം സജീവമായിരുന്നുവെന്നും അക്രമങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും നിഗമനം. മലയാളികളടക്കമുള്ള ചില ചലച്ചിത്ര താരങ്ങൾക്കും ഇതിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ചില മലയാളി ചലച്ചിത്രപ്രവർത്തകർക്കു സംഭവങ്ങളുമായി ബന്ധമുണ്ട്. പലരും അടുത്തകാലത്ത് ചലച്ചിത്രമേഖലയിലെത്തിയവരാണ്. ഇവരുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളത്. പലരും ചലച്ചിത്രമേഖലയിൽ എത്തിയതിന് പിന്നിൽ ബിനീഷിന്റെ സഹായമുണ്ടായിരുന്നു. ബിനീഷിലൂടെ സിനിമാ നിർമ്മാണത്തിന് പണം ഉപയോഗിക്കാനും ഇവർ ശ്രമിച്ചു. എന്നാൽ ഇവരുടെ യഥാർഥലക്ഷ്യം എന്താണെന്ന് മനസിലാക്കാൻ ബിനീഷിന് കഴിഞ്ഞില്ലെന്നും അന്വേഷണസംഘം കരുതുന്നു.
ചിലർ പാർട്ടി പ്രവർത്തനവുമായി സഹകരിച്ചിരുന്നു. എന്നാൽ ഇവർക്ക് കമ്മ്യൂണിസ്റ്റ് ആശയവുമായി ബന്ധമുണ്ടായിരുന്നില്ല. പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലുള്ള ഇവർ ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ബിനീഷുമായി ബന്ധം സ്ഥാപിച്ചത്. ഇവരെ മുൻ നിർത്തി ബിനാമി ഇടപാടുകളിലും ബിനീഷ് പങ്കാളിയായിട്ടുണ്ട്. ചില ചലച്ചിത്ര സംവിധായകരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ബംഗളുരു മയക്കുമരുന്നുകേസിൽ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദിൽനിന്ന് മലയാളസിനിമയിലെ കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മംഗളവും റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് ഡെസ്ക്