തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താനുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കത്തിന് വിനയായി ആ മുംബൈ കേസും. രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരിയുടെ ബംഗളൂരു കേസോടെയാണ് ആരോഗ്യ പ്രശ്‌നങ്ങൾ കാരണം കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്തത്. ബിനീഷിന് ജാമ്യം കിട്ടി. ഇതോടെ മറ്റൊരു കുരുക്ക് കോടിയേരിയെ തേടിയെത്തുന്നു. ബിനോയ് കോടിയേരി കേസിൽ തന്റെ മകന്റെ പിതൃത്വത്തെ മുൻനിർത്തിയുള്ള ഡി.എൻ.എ. ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാർ യുവതി ബോംബെ ഹൈക്കോടതിയിൽ എത്തിയിരിക്കുകയാണ്.

പേരൂർക്കടയിലെ ദത്ത് കേസാണ് ഇതിനെല്ലാം കാരണം. അനുപമയുടേയും അജിത്തിന്റേയും കുട്ടിയുടെ പിതൃത്വ പരിശോധന ഒരു ദിവസം കൊണ്ട് പൂർത്തിയായി. അതിവേഗ ഫലം വന്നു. എന്നാൽ ബിനോയ് കേസിൽ വർഷങ്ങളെടുക്കുന്നു. ഈ സാഹചര്യത്തിലാണ് ബിഹാർ യുവതി ഹൈക്കോടതിയിൽ എത്തിയത്. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി കേസ് ജനുവരി നാലിലേക്ക് മാറ്റി. ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സാരംഗ് കോട്ട്വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയുടെ അടുത്ത സിറ്റിങ് കോടിയേരിക്കും മകനും നിർണ്ണായകമാണ്.

ഡി.എൻ.എ. ഫലം പൊലീസ് മുദ്രവെച്ച കവറിൽ കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 2020 ഡിസംബർ ഒൻപതിനാണ് ഓഷിവാര പൊലീസ് ഫലം സമർപ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു. ഇപ്പോൾ കേസുകൾ പരിഗണിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എൻ.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്. ഈ ഫലം കേരള രാഷ്ട്രീയത്തേയും നിർണ്ണായകമായി സ്വാധീനിക്കും. അനുപമാ കേസിൽ അജിത്തിനെതിരെ സദാചാര കടന്നാക്രമണം നടത്തിയ സൈബർ സഖാക്കളും ഭീതിയിലാണ്.

തനിക്കെതിരേ ബിഹാർ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എൻ.എ. പരിശോധന നടത്താൻ ബിനോയിയോട് നിർദ്ദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയിൽ രക്തസാംപിളുകൾ നൽകുകയും ചെയ്തു.

കലീന ഫൊറൻസിക് ലബോറട്ടറിയിൽ സമർപ്പിച്ച സാപിളുകളുടെ ഡി.എൻ.എ. ഫലം 17 മാസത്തിനുശേഷമാണ് മുംബൈ പൊലീസിന് ലഭിക്കുന്നത്. അത് പൊലീസ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരേ മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രം ഡിസംബർ 13-ന് ദിൻദോഷി കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ കേസിലും ഡിഎൻഎ ഫലം നിർണ്ണായകമാകും. മുംബൈയിലെ കേസിൽ അറസ്റ്റൊഴിവാക്കാൻ ബിനോയിക്ക് കഴിഞ്ഞിരുന്നു. എന്നാൽ കേസ് ഇനിയും ഒത്തുതീർപ്പിലായില്ലെന്നാണ് ബിഹാറി യുവതിയുടെ ഹർജിയോടെ തെളിയുന്നത്.

വിവാഹ വാഗ്ദാനം നൽകി ബിഹാറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഡിഎൻഎ പരിശോധനാ ഫലം ബിനോയ് കോടിയേരിക്ക് എതിരെന്ന് സൂചന. ഡി എൻ എ പരിശോധനയിലെ സൂചനകൾ മുംബൈ പൊലീസിന് കിട്ടി കഴിഞ്ഞു. ഈ സാഹചര്യത്തിൽ പൊലീസ് ബിനോയ് കോടിയേരിക്ക് എതിരെ രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് സൂചന. യുവതിയുടെ പരാതിയിൽ നഗരത്തിലെ ഓഷിവാര പൊലീസാണ് ബിനോയിക്കെതിരെ കേസെടുത്തത്. ദീൻദോഷി സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമപ്പിക്കുക. ഈ വിവാദം സിപിഎമ്മിനും കടുത്ത വെല്ലുവിളിയായി മാറും. കുറ്റപത്രം സമർപ്പിച്ചാൽ ഈ വിഷയത്തിൽ ഇനിയും ചർച്ചകൾ സജീവമാകുമെന്നതാണ് ഇതിന് കാരണം.

കുട്ടിയുടെ അച്ഛൻ ബിനോയി ആണെന്നാണ് ആരോപണം. ഇതിൽ സ്ഥിരീകരണത്തിനാണ് ഡി എൻ എ പരിശോധന നടത്തിയത്. ഇതിൽ ബിനോയിക്കെതിരെ റിപ്പോർട്ട് വന്നാൽ മാത്രമേ കുറ്റപത്രം നൽകാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ഡി എൻ എ ഫലം ബിനീഷിന് എതിരെന്ന സൂചന വരുന്നത്. എന്നാൽ പരിശോധന സത്യം പുറത്തു കൊണ്ടു വരുമെന്ന നിലപാടിൽ തന്നെയാണ് ബിനോയ് ഇപ്പോഴും.

കുട്ടിയെ വളർത്താൻ ബിനോയ് കോടിയേരി ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ സ്വദേശി യുവതി അയച്ച കത്തിന്റെ പകർപ്പ് നേരത്തെ പുറത്തു വന്നിരുന്നു . 2018 ഡിസംബറിൽ അഭിഭാഷകൻ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത് .കുട്ടിയെ വളർത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്.

ഇതെ തുടർന്നാണ് ബിനോയ് കോടിയേരി കണ്ണൂർ റേഞ്ച് ഐജിക്ക് യുവതിക്കെതിരെ പരാതി നൽകുന്നത്. ഇതോടെ യുവതി മുംബൈ പൊലീസിനെ സമീപിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. 2008ലായിരുന്നു ബിനോയ് കോടിയേരിയുടെ വിവാഹം. എല്ലാവരേയും അറിയിച്ച് നടത്തിയ അടിപൊളി കല്ല്യാണം. പണക്കാർ മുതൽ പാവപ്പെട്ട സഖാക്കൾ വരെ പങ്കെടുത്ത തിരുവനന്തപുരത്തെ കല്യാണം. കോടിയേരിയുടെ ആദ്യ മരുമകൾ എംബിബിഎസുകാരിയുമായിരുന്നു.

വിവാഹ സമയത്ത് പഠിക്കുകയായിരുന്നു മരുമകൾ. ഇതോടെയാണ് കൂടുതൽ ഉത്തരവാദിത്തം വരാൻ മൂത്തമകനെ കോടിയേരി ദുബായിലേക്ക് അയയ്ക്കുന്നത്. ആഭ്യന്തരമന്ത്രിയെന്ന ഗ്ലാമറിൽ അച്ഛൻ കേരളം ഭരിക്കുമ്പോൾ മകൻ ദുബായിലെത്തി. അവിടെ ഉന്നത ബന്ധങ്ങളിലേക്ക് മകൻ വഴുതി വീണു. കേരളത്തിൽ നടക്കുന്ന പല ഡീലുകളുടേയും പ്രധാന ഇടനിലക്കാരനായി ബിനോയ് മാറി. ഇതോടെ ദുബായ് മലായളികളിലെ പ്രമുഖനായി മാറി. ഇതിനിടെയാണ് ഡാൻസ് ബാറുകളിൽ ബിനോയ് എത്തിയത്. ഇതിനിടെയാണ് ബീഹാറുകാരി മനസ്സിൽ ഉടക്കുന്നത്. എല്ലാ അർത്ഥത്തിലും പ്രണയ പരവശനായ ബിനോയ് യുവതിയുടെ പിന്നാലെയായി. ഇതാണ് ഇപ്പോൾ വിവാദമായി മാറുന്നതും.