മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിഹാർ സ്വദേശിനി നൽകിയ പരാതിയിൽ വിചാരണ നീട്ടിവയ്ക്കണമെന്ന അപേക്ഷ ബിനോയ് കോടിയേരി പിൻവലിച്ചു. ഇതോടെ, വിചാരണ നടപടികൾ നാളെ ആരംഭിക്കും. വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിർത്ത് പരാതിക്കാരി നേരത്തെ രംഗത്തുവന്നിരുന്നു.

അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യർത്ഥിച്ചുള്ള വാദങ്ങൾ ദിൻഡോഷി സെഷൻസ് കോടതിയിൽ എഴുതിനൽകിയതായി ബിഹാർ സ്വദേശിനിയുടെ അഭിഭാഷകൻ അബ്ബാസ് മുക്ത്യാർ അറിയിച്ചു. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താൻ ദുബായിലാണെന്നും നടപടികൾ 3 ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യർത്ഥിച്ച് ബിനോയ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 15നാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്.

തന്റെ കുട്ടിക്കു നീതി ലഭിക്കാനായി പോരാട്ടം തുടരുമെന്നു കോടതിയിൽ ഹാജരായ യുവതി മാധ്യമങ്ങളോടു പറഞ്ഞു. ആദ്യമായാണ് യുവതി കോടതിയിലും മാധ്യമങ്ങൾക്കും മുന്നിലെത്തിയത്. കേസിൽ ഒത്തുതീർപ്പു നടന്നെന്ന വാർത്തകൾ നിഷേധിക്കുകയുണ്ടായി. അന്ധേരി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് 678 പേജുള്ള കുറ്റപത്രം നൽകിയത്.

ബിനോയ് പീഡനം നടത്തിയതിന് തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. ടിക്കറ്റും വിസയും യുവതിക്ക് അയച്ചു കൊടുത്തതിന്റേയും മുംബൈയിൽ ഫ്ളാറ്റ് എടുത്തുകൊടുത്തതിന് ഉടമകളുടെയും മൊഴികൾ ബിനോയിക്കെതിരെ കുറ്റപത്രത്തിലുണ്ട്. ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ വർഷം ജൂൺ 13 നാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനാ ഫലം സമർപ്പിച്ചിട്ടില്ല. പരിശോധനാ ഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.