- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ വരുത്തിയ തിരുത്തലുകൾ വിനയായി; കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായി ബന്ധമെന്ന പ്രതിഭാഗം വാദം ഖണ്ഡിക്കാൻ കഴിഞ്ഞില്ല; അടുത്ത ബന്ധു കന്യാസ്ത്രീക്കെതിരെ നൽകിയ പരാതിയും വിനയായി; ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ വിട്ടയച്ചതിൽ പ്രോസിക്യൂഷൻ വീഴ്ച്ചകളും വ്യക്തം
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡന കേസിൽ എന്തുകൊണ്ടു വിട്ടയച്ചു എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. വിചാരണാ കോടതിയുടെ വിധി പ്രസ്താവം വ്യക്തമാക്കുന്നത് പ്രോസിക്യൂഷൻ വീഴ്ച്ചകളിലേക്ക് തന്നെയാണ്. പ്രതിഭാഗത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതിൽ പലപ്പോഴും പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി വിധി പ്രസ്താവത്തിൽ നിന്നും വ്യക്തമാകും. കേസ് നടത്തിപ്പിലെ സർക്കാർ വീഴ്ച്ചയെന്ന ആരോപണം ഉയരുമ്പോൾ തന്നെ അത്തരം ആരോപണങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങളും സജീവാണ്.
പ്രോസിക്യൂഷൻ ഭാഗം എല്ലാം ശരിയാണെന്ന് പറയുമ്പോഴും അങ്ങനെയല്ല കോടതിയിൽ സംഭവിച്ചതെന്നാണ് വിധി പ്രസ്താവത്തിൽ വ്യക്തമാകുന്നത്. ബിഷപ് പ്രതിയായ കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ വിശ്വാസ്യത കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല. അതാണ് പീഡനം സംബന്ധിച്ച പരാതി നിലനിൽക്കാതിരുന്നത്. 100% വിശ്വസിക്കാവുന്ന 'സ്റ്റെർലിങ് വിറ്റ്നസ്' ആയി കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. എന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.
കന്യാസ്ത്രീ നൽകിയ പരാതിയെ സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും രേഖാപരമായ തെളിവുകളും ഇല്ലായിരുന്നു. പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന്റെ പൂർണമായ മേലധികാരി ആണ് ബിഷപ് ഫ്രാങ്കോ എന്നതു തെളിയിക്കാൻ സാധിച്ചില്ല. വിവിധ സന്യാസ സഭാംഗങ്ങളുടെ അധികാരികൾ അവരുടെ മേലധികാരികളാണ്. കന്യാസ്ത്രീ താമസിക്കുന്നതു ബിഷപ്പിന്റെ അധികാര പരിധിയായ ജലന്തറിനു പുറത്താണ്.
പരാതിക്കാരിയായ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവും നോയിഡയിൽ താമസക്കാരിയുമായ അദ്ധ്യാപിക കന്യാസ്ത്രീക്ക് എതിരെ മദർ ജനറലിനു അയച്ച ഇമെയിൽ സന്ദേശം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഇത് പ്രതിഭാഗത്തിന്റെ വാദങ്ങൾക്ക് ശക്തമായ തെളിവായി. ഇതിനെ ഖണ്ഡിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ പിന്നീട് വരുത്തിയ തിരുത്തലും കോടതിയിൽ പ്രതിഭാഗം ചോദ്യം ചെയ്തു. ഇത് പ്രതിഭാഗത്തിനുള്ള പിടിവള്ളിയായി മാറുകയായിയുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് വിസ്തരിച്ച 39 സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടും ഈ മൊഴികൾ എല്ലാം കളവാണെന്നു തെളിയിക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞത് പ്രോസിക്യൂഷന്റെ പരാജയം വ്യക്തമാക്കുന്നതാണ്.
പീഡനത്തിന് ഇരയായെന്ന് പറയുന്ന സമയത്ത് കന്യാസ്ത്രീയും ബിഷപ്പുമായി സൗഹൃദത്തിലായിരുന്നു എന്നതിന്റെ ഡിജിറ്റൽ തെളിവുകൾ അടക്കം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഇക്കാലത്ത് ഇരുവരും സൗഹൃദത്തോടെ ഒന്നിച്ച് പരിപാടികളിൽ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഹാജരാക്കിയത്. കന്യാസ്ത്രീക്ക് എതിരെ ബിഷപ്പിന് കിട്ടിയ പരാതിയിൽ അച്ചടക്കനടപടി എടുത്തപ്പോഴാണ് പീഡനപരാതി ഉന്നയിച്ചതെന്ന വാദവും ഖണ്ഡിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കന്യാസ്ത്രീയുടെ പരാതികളിൽ പലവട്ടമുണ്ടായ മാറ്റങ്ങൾ. മാനസിക പീഡനമെന്ന ആദ്യ പരാതി പിന്നീട് ലൈംഗിക പീഡനമായെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. സിസ്റ്റർ അനുപമ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെയും കോടതിയിലെ മൊഴിയിലെയും വൈരുദ്ധ്യവും തിരിച്ചടിയായി.
പ്രതിഭാഗത്തിനായി അഡ്വക്കേറ്റുമാരായ ബി.രാമൻപിള്ള, സി.എസ്. അജയൻ, നിബു ജോൺ, അഖിൽ വിജയ്, മഹേഷ് ഭാനു എന്നിവർ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ജിതേഷ് ബാബുവിന് പുറമേ അഡ്വ. സുബിൻ കെ. വർഗീസും ഹാജരായി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്ന് തന്നെയാണു കരുതിയത്. കേസ് അട്ടിമറിക്കപ്പെട്ടു. വിധിയിൽ എന്താണ് സംഭവിച്ചതെന്നു പറയാനാകില്ല. വിധിപ്പകർപ്പ് വിശദമായി പഠിച്ച ശേഷം പ്രതികരിക്കും. വിധിയിൽ പ്രോസിക്യൂഷന് കനത്ത നിരാശയാണ് എന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്.
അതേസമയം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ. ബാബു, പരാതിക്കാരിയായ കന്യാസ്ത്രീയുടെ അഭിഭാഷകൻ അഡ്വ. റാൽഫ് എന്നിവർ കോടതി ഉത്തരവ് വന്നശേഷം കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയെ കണ്ടു. അപ്പീൽ നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്തു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെയാണ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്. ഞെട്ടിക്കുന്ന വിധിയെന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കള്ളപ്പരാതി പൊളിഞ്ഞെന്നായിരുന്നു പ്രതിഭാഗം പ്രതികരണം.
പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ജി.ഗോപകുമാർ വിധി പറഞ്ഞത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. കോടതി ചേംബറിൽ നിന്ന് കേട്ട ആ ഒറ്റവാക്കിന്റെ ആഹ്ലാദത്തിൽ ബിഷപ്പ് പുറത്തിറങ്ങി. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ