തൃശൂർ:ദേശീയപാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് 3.5 കോടി രൂപയുമായി പോയ കാർ തട്ടിയെടുത്ത് പണം കവർന്ന സംഭവത്തിൽ ബിജെപി കേന്ദ്ര നേതൃത്വവും അന്വേഷണം തുടങ്ങി. പാർട്ടിയുടെ അന്വേഷണ സംഘം ജില്ലയിൽ. പാർട്ടിയുടെ സംസ്ഥാന, മധ്യമേഖലാ തലത്തിലുള്ള 2 നേതാക്കൾ 2 ദിവസമായി ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. പാർട്ടിയിലെ പലരെയും വിളിച്ചുവരുത്തി വിശദാംശങ്ങൾ ശേഖരിക്കുകയാണു സംഘം. സംഭവത്തിലെ സ്ത്യം കണ്ടെത്താനാണ് നീക്കം.

തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ 3നു പുലർച്ചെയാണു കൊടകരയിൽ അപകടം സൃഷ്ടിച്ച് കാറും 3.5 കോടി രൂപയും തട്ടിയെടുത്തത്. ഫണ്ട് നഷ്ടപ്പെട്ടതിൽ പാർട്ടിയിലെ ചിലർക്കു പങ്കുണ്ടെന്നാണ് സൂചന. കർണാടകയിൽ നിന്നു പണവുമായി എത്തിയ വാഹനത്തെ കണ്ണൂരിൽ നിന്നൊരു സംഘം 2 വാഹനങ്ങളിലായി പിന്തുടർന്നതായി വിവരമുണ്ട്. അതിനിടെ ഫണ്ട് തട്ടിയെടുക്കാനുള്ള നേതാക്കളുടെ ശ്രമത്തെ പരാജയപ്പെടുത്തി പാർട്ടിയിലെ മറ്റൊരു ഒരു കൂട്ടർ പണം കൊണ്ടു പോയി എന്ന ചർച്ചയും സജീവമാണ്. നേതാവ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ പണം തട്ടിയെടുത്തതെന്ന ചർച്ചയും ബിജെപിക്കുള്ളിൽ സജീവമാണ്.

ഈ വിഷയത്തിൽ ബിജെപി നേതാക്കൾ പരസ്യ ചർച്ചയാക്ക് തയ്യാറാകില്ല. ഈ വാർത്തയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അവരുടെ നിലപാട്. അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. അതേസമയം, ഭൂമി ഇടപാടിനായി കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ തട്ടിയെടുത്തെന്നു കാട്ടി കോഴിക്കോട് സ്വദേശി ധർമരാജനും ഡ്രൈവർ കോഴിക്കോട് തേവന്നൂർ കണ്ണൻകര എ.കെ. ഹൗസിൽ ഷംജീറും കൊടകര പൊലീസിനെ സമീപിച്ചിരുന്നു. ഷംജീറാണു രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. മോഷണം പോയ കാർ പിന്നീട് ഇരിങ്ങാലക്കുട ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഉൾവശം കുത്തിപ്പൊളിച്ച നിലയിലാണ്.

ഇതേ പാർട്ടിയുടെ തിരഞ്ഞെടുപ്പു ഫണ്ട് ഇതേ രീതിയിൽ തട്ടിയെടുക്കാൻ പാലക്കാട് ജില്ലയിലും ശ്രമം നടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അന്ന് വാഹനാപകടം സൃഷ്ടിക്കാൻ നടത്തിയ ശ്രമം അബദ്ധത്തിൽ പുറത്തുവന്നതോടെ പിടികൂടുമെന്നു ഭയന്ന് ഉപേക്ഷിച്ചുവെന്നും പൊലീസ് സൂചിപ്പിക്കുന്നു. സംഘടിതമായ നീക്കം ഫണ്ട് തട്ടിപ്പിലുണ്ടെന്നാണ് ഇതും വ്യക്തമാക്കുന്നത്. കേസിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. അതിനാൽ ഇപ്പോൾ ഒന്നും പറയാനില്ല എന്നായിരുന്നു സംഭവം വൻ വിവാദമായിട്ടും പരാതിക്കാരന്ഡറെ മറുപടി.

മൂന്നിന് നടന്ന കവർച്ചക്കുശേഷം തെരഞ്ഞെടുപ്പും കഴിഞ്ഞ് ഏഴിന് രാത്രി പത്തോടെയാണ് കൊടകര പൊലീസിൽ ഷംജീറിന്റെ പേരിൽ പരാതി നൽകിയത്. ദേശീയപാർട്ടിയുടെ സംസ്ഥാന നേതാവിന്റെ അടുപ്പക്കാരനായ കോഴിക്കോട് സ്വദേശി ധർമരാജനാണ് പരാതി നൽകിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ, ഷംജീറാണ് പരാതിക്കാരനെന്ന് പിന്നീട് വ്യക്തമായി. റിയൽ എസ്‌റ്റേറ്റ് ആവശ്യത്തിനുള്ള പണമാണ് നഷ്ടമായതെന്നാണ് പരാതിയിൽ പറയുന്നത്.

ചില ദുരൂഹതകൾ തോന്നിയ പൊലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ദേശീയ പാർട്ടിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പാവശ്യത്തിന് തെക്കൻ ജില്ലകളിൽ ചെലവഴിക്കാനുള്ള മൂന്നരക്കോടിയോളം രൂപയാണ് നഷ്ടമായതെന്ന് വിവരം ലഭിച്ചത്. തുക കർണാടകയിൽനിന്ന് മംഗളൂരുവഴി കോഴിക്കോട്ടെത്തിച്ച് മലബാർ ജില്ലകളിൽ വിതരണം ചെയ്തശേഷം ബാക്കി കൊണ്ടുപോകവേയാണ് കവർന്നതെന്നും ഉടൻതന്നെ ഉന്നത സംസ്ഥാന നേതാവിനെ ബന്ധപ്പെട്ടവർ സംഭവം അറിയിച്ചതായും സൂചനയുണ്ട്.

25 ലക്ഷം രൂപയും കൊയിലാണ്ടി ജോയന്റ് ആർ.ടി.ഒ ഓഫിസിൽ രജിസ്റ്റർ ചെയ്ത എട്ടുലക്ഷം രൂപ വിലവരുന്ന എർട്ടിഗ കാറും കടത്തിക്കൊണ്ടുപോയെന്നാണ് ഷംജീർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പിന്നാലെ കാറിന്റെ ഉടമസ്ഥത പരാതിക്കാരനായ ഷംജീറിന്റെ പേരിലേക്ക് മാറ്റിയിരുന്നു. നഷ്ടപ്പെട്ട കാറിന്റെ ഉള്ളിലെ ചില ഭാഗങ്ങൾ തകർത്ത നിലയിൽ ഇരിങ്ങാലക്കുടയിൽനിന്ന് കണ്ടെത്തിയിരുന്നു.