കണ്ണൂർ: സുരേഷ് ഗോപിയേയും വൽസൻ തില്ലങ്കേരിയേയും തടയാൻ കരുതലോടെയുള്ള നീക്കവുമായി ബിജെപി കേരള ഘടകത്തിലെ നേതാക്കൾ ഒരുമിക്കുന്നു. നിലവിലെ നേതാക്കൾക്ക് പുറത്തു നിന്നൊരു അധ്യക്ഷനെത്തിയാൽ ഉള്ള വെല്ലുവിളി തിരിച്ചറിഞ്ഞാണ് നീക്കം. ബിജെപിയിൽ നടക്കുന്ന സംഘടനാ അഴിച്ചുപണിയുടെ ഭാഗമായി പാർട്ടി ദേശീയ നിർവ്വാഹക സമിതിയംഗം സി.കെ.പത്മനാഭനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാൻ അണിയറ നീക്കങ്ങൾ സജീവമാക്കുകയാണ് കേരളത്തിലെ ഗ്രൂപ്പു മാനേജർമാർ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൊട്ടതെല്ലാം പിഴച്ച സംസ്ഥാന നേതൃത്വത്തിൽ സമൂലമായ അഴിച്ചുപണിയാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.പാർട്ടിയിൽ ഗ്രൂപ്പിനതീതമായ നിലകൊള്ളുന്ന സി.കെ.പി നേതൃത്വത്തിലേക്ക് വരുന്നത് സംഘടനാപരമായി കൂടുതൽ ഗുണം ചെയ്യുമെന്ന ചർച്ച സജീവമാക്കുകയാണ് കേരളത്തിലെ നേതാക്കൾ. പാർട്ടിയിലെ പ്രബല വിഭാഗമായ പി.കെ കൃഷ്ണദാസിനെ അനുകൂലിക്കുന്നവർ സി.കെ.പിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചിട്ടില്ല.

കുമ്മനം രാജശേഖരൻ വീണ്ടും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വരുന്നതിനെക്കാൾ കൂടുതൽ തങ്ങൾക്ക് ഗുണം ചെയ്യുക സി.കെ.പി വന്നാലാണെന്നാണ് ഇവരുടെ വിലയിരുത്തൽ. എന്നാൽ ആർ.എസ്.എസിന് അനഭിമതനായ നേതാക്കളിലൊരാളാണ് സി.കെ.പി.പരിവാറിൽ വിപുലമായ ബന്ധങ്ങളുണ്ടെങ്കിലും സി.കെ.പി സിപിഎമ്മിനോട് കാണിക്കുന്ന മൃദുസമീപനം പലപ്പോഴും ആർ.എസ്.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അതേ കാലയളവിൽ പാർട്ടിയിലേക്ക് വന്നയാളാണെങ്കിൽ ആർഎസ്എസ് അപ്രീതിയാണ് രണ്ടു തവണ രാജ്യം ഭരിച്ചിട്ടും സി.കെ.പി ക്ക് അർഹമായ സ്ഥാനങ്ങൾ നിഷേധിക്കാൻ കാരണം.

കല്യാശേരിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്ന് ആർഎസ്എസ് ശാഖയിലൂടെ ബിജെപിയിലേക്കെത്തിയ സംഘ പ്രവർത്തകനാണ് സി.കെ.പിയെങ്കിലും പിന്നീട് ആർ.എസ്.എസുമായുള്ള നാഭീ-നാള ബന്ധം മുറിയുകയായിരുന്നു. മാത്രമല്ല സംഘ പ്രവർത്തകർക്ക് ചേരാത്ത പരിവാറിന് പുറത്തെ ബന്ധങ്ങളും സെക്യുലർ നിലപാടുകളും പല തവണയായി സി.കെ.പി യിൽ നിന്നുണ്ടായതോടെ ആർഎസ്എസ് പൂർണമായി ഇടയുകയായിരുന്നു. ആർ എസ്.എസിനെ മറികടന്നു കൊണ്ട് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സി.കെ. പിയെ വാഴിക്കാൻ ദേശീയ നേതൃത്വത്തിന് കഴിയില്ല.

എങ്കിലും കൊടകര- കുഴൽപ്പണ കേസിൽ ആരോപണ വിധേയനായ കെ.സുരേന്ദ്രനെ മാറ്റുകയെന്ന അനിവാര്യതയുമുണ്ട്.സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആർഎസ്എസ് ഉന്നയിക്കുന്ന പേര് വത്സൻ തില്ലങ്കേരിയുടെതാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായ വത്സൻ തില്ലങ്കേരിയെ സംഘടനയുടെ തലപ്പത്തേക്ക് വിട്ടുകൊടുക്കാൻ ആർഎസ്എസ് ഇപ്പോഴും സന്നദ്ധമാണ്. ഇതിനോടൊപ്പം പ്രചാരകരായ ജില്ലാ ജനറൽ സെക്രട്ടറിമാരെയും നിയോഗിച്ചാൽ സംഘടനാ സംവിധാനം ശക്തമാകുമെന്നാണ് ആർ.എസ്.എസിന്റെ കണക്കുകൂട്ടൽ.

എന്നാൽ വത്സനെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് പി.കെ കൃഷ്ണദാസ് - മുരളിധര വിഭാഗങ്ങൾ അറിയിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ സമവായത്തിലുടെ അധ്യക്ഷനെ കണ്ടെത്തുകയെന്നത് ദുഷ്‌കര മാറിയിരിക്കുകയാണ്. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും രണ്ടു സീറ്റെങ്കിലും വേണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.ഇതു ലക്ഷ്യമിട്ടു കൊണ്ടാണ് സംസ്ഥാനത്തെ ബൂത്ത്തലം മുതൽ സംസ്ഥാനതലം വരെ അഴിച്ചുപണിക്ക് ദേശീയ നേതൃത്വം ഒരുങ്ങുന്നത്. സുരേഷ് ഗോപിയും അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്.

സംഘടനാ ജനറൽ സെക്രട്ടറി എൽ ഗണേശിനെ മാറ്റാനും ധാരണയായിട്ടുണ്ട്. ഇതിന് പകരം ഉയരുന്ന പേരുകളും മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. ഈ സാഹചര്യത്തിലാണ് ഇവർ ഒരുമിക്കുന്നത്.