ന്യൂഡൽഹി: പ്രതിപക്ഷം ഒരുമിച്ചാൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാം. എന്നാൽ അതിന് സാധ്യത കുറവാണ്. പ്രാദേശിക പാർട്ടികളുടെ ബിജെപിയോടുള്ള താൽപ്പര്യമാണ് ഇതിന് കാരണം, രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂലൈ 18-ന് നടക്കുകയാണ്. ജൂലൈ 21-നാണ് വോട്ടെണ്ണൽ. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-നാണ് അവസാനിക്കുക. അതിനു മുൻപേ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിന് മുമ്പ് ബിജെപി ആരെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കുമെന്നതാണ് നിർണ്ണായകം.

കഴിഞ്ഞ തവണ കോവിന്ദ് രാഷ്ട്രപതിയാകുമെന്ന് ആരും കരുതില്ല. അതു പോലെ ഇത്തവണയും കോവിന്ദ് രാഷ്ട്രപതി ആയതുപോലെ അവസാന നിമിഷം അത്ഭുത സ്ഥാനാർത്ഥി ഉണ്ടാകുമോ എന്ന ചോദ്യം സജീവമണ്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെ തന്നെ നിയോഗം ഏൽപ്പിക്കുമോ എന്നതും ഉയരുന്ന ചോദ്യം. ഡൽഹി മാധ്യമ വിശാരദന്മാർക്ക് പോലും ഊഹിക്കാൻ പോലും കഴിയാത്ത വിധം രഹസ്യമായാണ് നീക്കങ്ങൾ. ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. ഇ ശ്രീധരൻ, കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി ആരു വേണമെങ്കിലും അടുത്ത രാഷ്ട്രപതിയാകാൻ സാധ്യത ഏറെയാണ്.

നിരവധിപേരുകൾ ഇതിനകം രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവർഗവിഭാഗത്തിൽനിന്നുള്ള വനിതാ നേതാക്കളായ അനസൂയ ഉയ്കെ, ദ്രൗപതി മുർമു, കർണാടക ഗവർണർ തവാർചന്ദ് ഗഹലോത്ത് തുടങ്ങിയവർ ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. യു.പി. തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എൻ.ഡി.എയിലെ ഘടകകക്ഷികൾ നിലപാട് മാറ്റാതിരിക്കുകയും ബിജു ജനതാദളും വൈ.എസ്.ആർ കോൺഗ്രസും ഒപ്പം നിൽക്കുകയും ചെയ്താൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ബിജെപിക്ക് ബുദ്ധിമുട്ടാക്കില്ല.

രാജ്യത്തിന്റെ സർവസൈന്യാധിപസ്ഥാനം വഹിക്കുന്ന, നിരവധി സവിശേഷാധികാരങ്ങളുള്ള രാഷ്ട്രതിയെ കുറിച്ച് ഇന്ത്യൻ ഭരണഘടനയുടെ 52 മുതൽ 62 വരെയുള്ള അനുച്ഛേദങ്ങളിലാണ് പരാമർശിക്കുന്നത്. ഇന്ത്യൻ പൗരത്വമുള്ള, 35 വയസ്സു പൂർത്തിയായ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിലോ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നോ ശമ്പളം പറ്റാത്ത, ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ള ആർക്കും രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാം. എന്നാൽ ഈ ലളിതമായ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് വ്യക്തമായതിന് പിന്നാലെ ചില നിബന്ധനകൾ പിൽക്കാലത്തുകൊണ്ടുവരികയായിരുന്നു. ഇതിൻപ്രകാരം ചുരുങ്ങിയത് അൻപത് പ്രൊപ്പോസർമാരുടെയും അൻപത് സെക്കൻഡർമാരുടെയും പിന്തുണ രാഷ്ട്രപതിസ്ഥാനാർത്ഥിക്ക് വേണം. മാത്രമല്ല 15,000 രൂപ കെട്ടിവെക്കുകയും വേണം.

എംപിമാരും എംഎ‍ൽഎമാരും ഉൾപ്പെട്ട ഇലക്ടറൽ കോളേജ് സംവിധാനമാണ് വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. പക്ഷെ, എല്ലാ എംപിമാർക്കും എംഎ‍ൽഎമാർക്കും ഈ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവകാശമില്ല. എംപിമാരുടെ കാര്യം പരിശോധിച്ചാൽ: പാർലമെന്റിന്റെ ഇരുസഭകളിലെയും, അതായത് ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്കു മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ. നാമനിർദ്ദേശം ചെയ്യപ്പെട്ടെത്തുന്ന എംപിമാർക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവില്ല. ലോക്സഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 233 അംഗങ്ങളും വിവിധ നിയമസഭകളിൽനിന്നുള്ള 4,033 പേരും ചേർന്ന് ആകെ 4,809 പേരാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നത്.

വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തിയത്. ജൂൺ പതിനഞ്ചിന് വിജ്ഞാപനം പുറത്തുവരും. പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി ജൂൺ 29 ആണ്. ജൂലൈ 18-നാണ് വോട്ടെടുപ്പ്. 21-ന് വോട്ട് എണ്ണും. രാജ്യസഭാ സെക്രട്ടറി ജനറൽ ആയിരിക്കും മുഖ്യവരണാധികാരി. അതേസമയം, പൊതുസമ്മതനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഇതിനുള്ള ചർച്ചകൾ ആരംഭിച്ചതായാണ് സൂചന.