- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടുംബശ്രീ ഉദ്ഘാടനം ചെയ്തത് വാജ്പേയ്; കുടുംബ ശ്രീയുമായി സഹകരിച്ച ആർ എസ് എസുകാരെല്ലാം സിപിഎമ്മുകാരുമായി; കേരളം പിടിക്കാൻ സിപിഎം മോഡൽ കടമെടുക്കും; ശബരിമലയും ലൗ ജിഹാദും തോറ്റ മണ്ണിൽ ഇനി അക്ഷയ ശ്രീ; സ്ത്രീ ശാക്തീകരണത്തിലൂടെ ലക്ഷ്യം ന്യൂനപക്ഷം; ബിജെപിക്ക് പുതിയ ലോട്ടസ് കേരള പ്രോജക്ട്
തിരുവനന്തപുരം: കേരളം പിടിക്കാൻ ദീർഘകാല പദ്ധതികളുമായി ബിജെപി. കുടുബശ്രീക്ക് ബദലായി ബിജെപി-ആർഎസ്എസ് മുന്നോട്ടുവെച്ച അക്ഷയശ്രീയുമായി എത്തുകയാണ്. കേന്ദ്രമന്ത്രി വി മുരളീധരനാണ് പദ്ധതിയുടെ മുഖ്യ ആസൂത്രകൻ. ന്യൂനപക്ഷവിഭാഗത്തിന്റെ സഹകരണവും വോട്ടുമാണ് ലക്ഷ്യം. വനിതകളിലേക്ക് ഇറങ്ങുകയാണ് ലക്ഷ്യം. അക്ഷയശ്രീയുടെ തുടർച്ചയായി സമൃദ്ധി സൂപ്പർമാർക്കറ്റ് ശൃംഖലയും വരും. കൂടുതൽ പേർക്ക് ജോലി നൽകുന്ന ഇടപെടലാകും ഇതും.
ശബരിമല വിഷയം, ലൗ ജിഹാദ്, സാമുദായിക മുതലെടുപ്പുകൾ തുടങ്ങിയവയെല്ലാം പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് സ്ത്രീകളെ അടുപ്പിക്കാൻ പുതിയ പദ്ധതി. ശബരിമലക്കാലത്ത് പരിവാറുമായി ഹൈന്ദവ സ്ത്രീകൾ അടുത്തിരുന്നു. എന്നാൽ വിവാദം കഴിഞ്ഞതോടെ ഇവരുടെ പിന്തുണയും പോയി. ഈ സാഹചര്യത്തിലാണ് സ്ത്രീ ശാക്തീകരണത്തിന് പുതിയ മോഡൽ എത്തുന്നത്. നേമത്തെ അക്കൗണ്ട് പോലും പോയ സാഹചര്യത്തിലാണ് പുതിയ നീക്കം. സ്ത്രീ വോട്ടർമാരെ കൂടെ കൂട്ടിയാലെ മുമ്പോട്ട് കുതിക്കാൻ കഴിയൂവെന്നാണ് വിലയിരുത്തൽ.
ന്യൂനപക്ഷത്തെ കൂട്ടുപിടിക്കാതെ ഒരു വിജയവും നേടാനാവില്ലെന്ന് അതോടെ ബിജെപി തിരിച്ചറിഞ്ഞു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും വോട്ട് വിഭജനവും ബിജെപിക്ക് കേരളത്തിൽ എന്നും തിരിച്ചടിയാണ്. കുടുംബശ്രീ യൂണിറ്റുകളിലൂടെ അടിത്തട്ടിൽ ശക്തമായ പാർട്ടി അടിത്തറ സിപിഎം ഉണ്ടാക്കി. ഈ മോഡലിലേക്ക് ബിജെപിയും മാറുകയാണ്.
1998 മെയ് 17 ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യമായി ആരംഭിച്ച കുടുംബശ്രീ ക്രമേണ സിപിഎമ്മിന്റെ ശക്തമായ പ്രവർത്തന കേന്ദ്രമായി മാറുകയായിരുന്നു. കുടുംബശ്രീയിൽ ചേർന്ന ആയിരക്കണക്കിന് ആർഎസ്എസ്- ബിജെപി പ്രവർത്തകർ ക്രമേണ സിപിഎമ്മിന്റെ കടുത്ത നുഭാവികളായി മാറി. ഇവരെ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം.
ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തിൽ വേരുറപ്പിക്കാൻ ഉത്തരേന്ത്യൻ മാതൃക മതിയാകില്ലെന്ന വ്യക്തമായ തിരിച്ചറിവിൽ നിന്നാണ് പുതിയ ആലോചന. സ്വയം സഹായ സംഘങ്ങളിലൂടെ പാർട്ടിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. ബിജെപിയുടെ ഏറ്റവും വലിയ സഹകരണ ശൃംഖലയായ സഹകാർ ഭാരതിയുടെ ഭാഗമാണ് അക്ഷയശ്രീ. 1978-ൽ ആർ.എസ്.എസ് പ്രവർത്തകരായ ലക്ഷ്മണറാവു ഇനാംദറും മാധവ് റാവു ഗോഡ്ബോലെയും ചേർന്നാണ് സഹകാർ ഭാരതി ആരംഭിച്ചത്.
2001-ലാണ് കേരളത്തിൽ സഹകർ ഭാരതി പ്രവർത്തനം ആരംഭിച്ചത്. കേരളത്തിൽ സഹകാർ ഭാരതിക്ക് ആറ് യൂണിറ്റുകൾ, മഹിളാ സെല്ലുകൾ, സ്വയം സഹായ സംഘങ്ങൾ (എസ്.എച്ച്.ജി), ഡയറി, ക്ഷീര കർഷക സെൽ എന്നിവയുണ്ട്. ക്രെഡിറ്റ് സെൽ, മത്സ്യത്തൊഴിലാളി സെൽ, തൊഴിലാളി സെൽ എന്നിവ കൂടിയുണ്ട്. അക്ഷയശ്രീ, ഗ്രാമീണ സമൃദ്ധി സ്റ്റോറുകൾ എന്നിവ സ്വയം സഹായ സംഘങ്ങളുടെ കീഴിലാണ് വരുന്നത്.
സ്വയംസഹായ സംഘങ്ങളിലൂടെയുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാനായി 2010-ൽ തൃശ്ശൂരിൽ അക്ഷയശ്രീ പരസ്പര സഹായ സുസ്ഥിര വികസന മിഷൻ രൂപവത്കരിച്ചു. 2011ലാണ് സംസ്ഥാനത്ത് ആദ്യമായി അക്ഷയശ്രീ യൂണിറ്റ് രൂപവത്കരിച്ചത്. പത്ത് വർഷം പിന്നിടുമ്പോൾ സംസ്ഥാനത്ത് നിലവിൽ 7800 അക്ഷയശ്രീ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടുതൽ സജീവമാക്കാനാണ് ആലോചന. കേന്ദ്രമന്ത്രി വി മുരളീധരനാകും ഇതിന് മുമ്പിൽ നിൽക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏകോപനം നടത്തും.
അക്ഷയശ്രീ അംഗങ്ങളുടെ മേൽനോട്ടത്തിൽ നടത്തുന്ന മറ്റൊന്നാണ് സമൃദ്ധി സ്റ്റോർ. എറണാകുളത്ത് തൃപ്പൂണിത്തുറയിലെ പേട്ട മെട്രോ സ്റ്റേഷന് സമീപം സമൃദ്ധി സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ 60 സൂപ്പർ മാർക്കറ്റുകൾ സംസ്ഥാനത്തുടനീളം ലാഭകരമായി പ്രവർത്തിക്കുന്നുണ്ട്.