- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാൻ ഇനി ഞങ്ങളില്ല'; കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് നോബിൾ മാത്യുവിന്റെ വിദ്വേഷ പ്രചാരണം; വിവാദമായതോടെ സഭാ ആസ്ഥാനത്തെത്തി മാപ്പ് പറഞ്ഞ് ന്യൂനപക്ഷ മോർച്ച; ഖേദപ്രകടനം, സഭാ നേതൃത്വം രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെ
കോട്ടയം: സഭയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് വിദ്വേഷപ്രചരണം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി. സംസ്ഥാന ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ ജിജി ജോസഫും ജനറൽ സെക്രട്ടറി ജോസഫ് പടമാടനുമാണ് കെ.സി.ബി.സി ആസ്ഥാനത്തെത്തി മാപ്പ് പറഞ്ഞത്. കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയെ നേരിട്ട് കണ്ടാണ് ഇരുവരും മാപ്പ് പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഇതര ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി ബിജെപി നേതൃത്വം നേരിട്ടും അല്ലാതെയും പിന്തുണ തേടിയുള്ള ഇടപെടലുകൾ നടത്തുന്നതിനിടെ ഉണ്ടായ വിവാദം എത്രയും വേഗം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഖേദം പ്രകടിപ്പിക്കൽ.
ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് നോബിള് മാത്യുവിനെതിരെ പ്രതിഷേധവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ബിജെപി നേതൃത്വം നേരിട്ടെത്തി മാപ്പ് പറഞ്ഞത്. അതേസമയം നോബിൾ മാത്യു കെ.സി.ബി.സി ആസ്ഥാനത്തെത്തിയ സംഘത്തിലുണ്ടായിരുന്നില്ല.
'ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാന് ഇനി ഞങ്ങളില്ല' എന്നെഴുതിയ പോസ്റ്ററിൽ് കെ.സി.ബി.സിയുടെ ഔദ്യോഗികമുദ്ര നോബിൾ മാത്യു ഉപയോഗിച്ചതായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചായിരുന്നു നോബിൾ മാത്യുവിന്റെ കുറിപ്പ്. കേരളത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ക്രൈസ്തവ സഭകൾ കയറിയിറങ്ങുകയാണെന്നും കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും വാർത്തയും കോഴിക്കൂടിനു വലം വെയ്ക്കുന്ന കുറുക്കന്റെ കഥയുമായി ഏറെ സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇസ്ലാമിക് തീവ്രവാദത്തിന്റെ ഇരകളായി മാറിയ ക്രിസ്ത്യാനികളെ പാട്ടിലാക്കുന്നതിനായാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ പ്രവേശനമെന്നും നോബിളിന്റെ കുറിപ്പിൽ പറഞ്ഞിരുന്നു.
സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു കെ.സി.ബി.സിയുടെ പ്രതികരണം. കേരളാ സമൂഹത്തിന്റെ പൊതുവായ വളർച്ചക്കും സൗഹാർദത്തിനും മതനിരപേക്ഷതയ്ക്കുമാണ് കെ.സി.ബി.സി നിലപാടെടുക്കുന്നത്. ഇത്തരത്തിൽ് പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതുപോലുള്ള പ്രവർത്തനങ്ങൾ ആർക്കും ഭൂഷണമല്ലെന്ന് സഭ വ്യക്തമാക്കി.
തീവ്രവാദം ഏതുതരത്തിലായാലും നാടിന് ആപത്താണെന്ന് സഭ വിശ്വസിക്കുന്നു. വിഭാഗീയതക്ക് അതീതമായി നാടിന്റെ നന്മയ്ക്കും മാനവികതയ്ക്കുമായാണ് കെ.സി.ബി.സി എന്നും നിലകൊണ്ടിട്ടുള്ളതെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞിരുന്നു.
ഹാഗിയ സോഫിയ മസ്ജിദ് സംബന്ധിച്ച വിഷയത്തെ ന്യായീകരിച്ചു ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതിയതിനെയും വിമർശിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മുണ്ടിന്റെ കോന്തലയിൽ കിടന്നു കറങ്ങുന്ന പാണക്കാട്ടെ ഒരു തങ്ങളാണ് ആ ലേഖകനെന്നും ആക്ഷേപിക്കുന്നു. ആദ്യം പോയി വാരിയൻ കുന്നൻ കുഞ്ഞഹമ്മദിനെ തള്ളിപ്പറയൂ. മുസ്ലിം തീവ്രവാദികളോട് ലൗ ജിഹാദ് നിർത്താൻ പറയൂ. ഹാഗിയ സോഫിയ പിടിച്ചെടുത്ത തുർക്കിയിലെ മുസ്ലിം നിലപാട് തെറ്റാണ് എന്ന് സമ്മതിക്കൂ. അതിനു ശേഷം... അതിനു ശേഷം മാത്രം അരമനകളിലേക്കു വരൂ... അല്ലാതെയുള്ള എന്ത് നീക്കവും തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തിനുണ്ട് എന്ന വരികളോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ക്രൈസ്തവ സമൂഹത്തിന്റെ നിലപാട് എന്ന നിലയിലാണ് ബിജെപി നേതാവായ അഡ്വ. നോബിൾ മാത്യു പ്രതികരിക്കുന്നതെന്ന് എന്ന് വിമർശനം ഉയർന്നിരുന്നു.
മലങ്കരസഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നിരുന്നു. സഭാ നേതൃത്വത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും പിന്തുണ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചുകൊണ്ടുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ വിവാദം തലപൊക്കിയത്.
ന്യൂസ് ഡെസ്ക്