കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചു വിശദമായി പഠിച്ചശേഷം ആദ്യമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി ഇന്നു ചേരുന്നു. കൊച്ചിയിലാണ് ബിജെപി യോഗം ചേരുക. സംസ്ഥാന ജനറൽ സെക്രട്ടറിമാർ തയാറാക്കിയ റിപ്പോർട്ട് ചർച്ച ചെയ്യലാണു നെടുമ്പാശേരിയിൽ ചേരുന്ന യോഗത്തിന്റെ പ്രധാന അജൻഡ.

കൊടകര കേസ്, സി.കെ.ജാനുവിനു പണം കൈമാറിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം തുടങ്ങിയവ പാർട്ടിക്കുണ്ടാക്കിയ നാണക്കേടും ചർച്ചാവിഷയമാക്കാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ എതിർചേരി പരിപാടിയിടുന്നുണ്ട്. നേതൃമാറ്റമടക്കമുള്ള പതിവ് ആവശ്യവും അവർക്ക് ഉന്നയിക്കാനുണ്ട്.

ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള 4 സംഘങ്ങൾ പ്രാദേശിക നേതാക്കളുടെ അഭിപ്രായം കേട്ടു തയാറാക്കിയ റിപ്പോർട്ടാണു യോഗത്തിനു മുന്നിലെത്തുക. സംസ്ഥാനത്തെ ബിജെപിയുടെ സംഘടനാച്ചുമതലയുള്ള നേതാവായ സി.പി.രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ഇന്നു നടക്കുന്ന ചർച്ചയ്ക്കു ശേഷം റിപ്പോർട്ട് ദേശീയ നേതൃത്വത്തിനു കൈമാറും.

സംസ്ഥാന നേതൃത്വത്തിനെതിരെ പ്രാദേശിക യോഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പു പ്രവർത്തനത്തിലെ ഏകോപനമില്ലായ്മ, സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്‌നങ്ങൾ, തുടങ്ങിയവയെല്ലാം പരാതികളായി ഉയർന്നു. പല പ്രാദേശിക ഘടകങ്ങളിലും നേതാക്കളുടെ രാജിയും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കുമുണ്ട്. ഇവയെല്ലാം സംസ്ഥാന നേതൃത്വത്തിനെതിരായ വിഷയങ്ങളായി പി.കെ.കൃഷ്ണദാസ് പക്ഷം ഉന്നയിക്കുമെന്നാണറിയുന്നത്.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരനും കുമ്മനം രാജശേഖരനും ഒ.രാജഗോപാലുമടക്കമുള്ള മുൻ സംസ്ഥാന അധ്യക്ഷന്മാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ കോർ കമ്മിറ്റിയിൽ പങ്കെടുക്കും. നേരത്തെ തിരുവനന്തപുരത്ത് ഭാരവാഹിയോഗവും കോർ കമ്മിറ്റിയും ചേരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഭാരവാഹിയോഗം പെട്ടെന്ന് ഓൺലൈനിലാക്കുകയും കോർ കമ്മിറ്റി യോഗം കൊച്ചിയിലേക്ക് മാറ്റുകയുമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാൾ ആഘോഷവും ദീൻ ദയാൽ ഉപാധ്യായ അനുസ്മരണവുംമാത്രം പ്രധാന അജൻഡയാക്കി ഓൺലൈൻ യോഗം ചുരുക്കി. പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് കൃഷ്ണദാസ്-ശോഭ സുരേന്ദ്രൻ പക്ഷം ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനങ്ങൾ.

എന്നാൽ, മണ്ഡലം ജില്ലാ വിഭജനവും നേതൃത്വ പുനക്രമീകരണവും മാത്രമാണ് ഔദ്യോഗിക നേതൃത്വം ലക്ഷ്യമിടുന്നത്. തൊലിപ്പുറത്തെ ഈ ചികിത്സയ്ക്കെതിരാണ് മറുപക്ഷം. സുരേന്ദ്രനെ മാറ്റണമെന്ന നിലപാടിനോട് കേരളത്തിലെ ആർഎസ്എസും യോജിക്കുന്നു. അരവിന്ദ് മേനോനെ കേരളത്തിലേക്ക് എത്തിക്കാനും ചിലർ നിർദ്ദേശം വച്ചു. പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് അരവിന്ദ്.

തെരഞ്ഞെടുപ്പ് പരാജയം പഠിച്ച അഞ്ചംഗ സമിതിമുമ്പാകെ നേതൃത്വത്തിനെതിരായ പരാതിപ്രളയമായിരുന്നു. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ഒഴികെയുള്ള ജില്ലാ കമ്മിറ്റികളും 117 നിയോജകമണ്ഡലം കമ്മിറ്റികളും സംസ്ഥാന അധ്യക്ഷൻ മാറണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കോർ കമ്മിറ്റിയിൽ ചർച്ചയാകും. പ്രഭാരി സി പി രാധാകൃഷ്ണനും പങ്കെടുക്കും.